കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഈ മാസം തുറക്കും
കാസര്‍കോട്: കാസര്‍കോടിനനുവദിച്ച പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഈ മാസം പ്രവര്‍ത്തനം തുടങ്ങിയേക്കും. ഇതു സംബന്ധിച്ച നിര്‍ദേശം കാസര്‍കോട് പോസ്റ്റല്‍ സൂപ്രണ്ടിനു പാസ്‌പോര്‍ട്ട് ഓഫിസ് അധികൃതര്‍ അയച്ചു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതിനുള്ള കെട്ടിട സൗകര്യം നേരത്തെ സജ്ജമായിരുന്നു. വയറിങ്, പ്രവേശന കവാടം, നെറ്റ് വര്‍ക്ക് സംവിധാനം, ബ്രോഡ്ബാന്‍ഡ് കണക്ഷന്‍, അറ്റാച്ച്ഡ് ബാത്ത്‌റൂം എന്നിവയടക്കം പൂര്‍ത്തിയായിട്ടുണ്ട്.
ഇനി കംപ്യൂട്ടറും സ്‌കാനര്‍ അടക്കമുള്ള സംവിധാനങ്ങളാണ് ഒരുക്കാനുള്ളത്. ഇത് പാസ്‌പോര്‍ട്ട് അധികൃതരാണ് എത്തിക്കേണ്ടത്. ഇത് എത്തിയാലുടന്‍ സേവാകേന്ദ്രം പ്രവര്‍ത്തനം തുടങ്ങും.
പാസ്‌പോര്‍ട്ട് അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എസ്.ബി.ഐ ബാങ്കില്‍ സേവാകേന്ദ്രത്തിന്റെ പേരില്‍ അക്കൗണ്ടും ആരംഭിച്ചു കഴിഞ്ഞു.
ആറ് ഉദ്യോഗസ്ഥര്‍ക്കു ജോലി ചെയ്യാനുള്ള സൗകര്യമാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്.
തുടക്കത്തില്‍ പാസ്‌പോര്‍ട്ട് ഓഫിസിലെ ഉദ്യോഗസ്ഥര്‍ തന്നെയായിരിക്കും സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുക. പിന്നീട് പോസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കി അവരെ നിയോഗിക്കും.
പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എത്തിക്കുന്നതിന് ആവശ്യമായ ഫണ്ട് പാസ്‌പോര്‍ട്ട് ഓഫിസ് അധികൃതര്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ 28നു നിശ്ചയിച്ച ഉദ്ഘാടനം നടക്കാതിരുന്നത്.
കംപ്യൂട്ടര്‍ സംവിധാനം ഒരാഴ്ചക്കകം ലഭ്യമാക്കുമെന്ന് പാസ്‌പോര്‍ട്ട് ഓഫിസ് അധികൃതര്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചിട്ടുണ്ട്.
കേരളത്തിന് അനുവദിച്ച മൂന്നു പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ ഒന്നു ലക്ഷദ്വീപിലും മറ്റൊന്ന് ഇടുക്കിയിലും പ്രവര്‍ത്തനമാരംഭിച്ചിട്ടും കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്യാത്തതു വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."