ടൂറിസം എസ്.ഐക്ക് യു.എസ് കോണ്‍സുലേറ്റിന്റെ അഭിനന്ദനം
കൊടുങ്ങല്ലൂര്‍: ചെന്നൈയില്‍ നിന്നു മുങ്ങി കൊച്ചിയിലെത്തുകയും വീണ്ടും കാണാതാകുകയും ചെയ്ത യു.എസ് സ്വദേശിനിയെ കണ്ടെത്തി തിരികെ നാട്ടിലെത്തിക്കാന്‍ സഹായിച്ച ടൂറിസം എസ്.ഐയായ കൊടുങ്ങല്ലൂര്‍ സ്വദേശി വി.ബി റഷീദിന് യു.എസ് കോണ്‍സുലേറ്റിന്റെ അഭിനന്ദനം.ചെന്നൈയിലെ ഹോട്ടലില്‍ നിന്നു ബില്‍ ഒടുക്കാതെ, സാധനങ്ങള്‍ ഉപേക്ഷിച്ച യു.എസ് സ്വദേശിനിയെ കാണാതായതായി കേരള പൊലിസിനു സന്ദേശം ലഭിക്കുകയായിരുന്നു. ചെന്നൈ യു.എസ് എം.ബസിയില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച് ഫോറിനേഴ്‌സ് റീജിയനല്‍ രജിസ്‌ട്രേഷന്‍ ഓഫിസില്‍ നിന്നായിരുന്നു സന്ദേശം. വിദേശ വനിതയൂടെ രേഖകളെല്ലാം ഹോട്ടല്‍ അധികൃതര്‍ പൊലിസിനെ എല്‍പിച്ചിരുന്നു.
ഫോര്‍ട്ട്‌കൊച്ചിയിലെ ഒരു ഹോംസ്റ്റേയില്‍ നിന്ന് 24 മണിക്കൂറിനകം വിദേശ വനിതയെ കണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞു. നാട്ടിലേക്കു ഉടന്‍ മടങ്ങാമെന്ന ഉറപ്പു നല്‍കിയതോടെ എം.ബസിയുമായി ബന്ധപ്പെട്ട ശേഷം ഇവരെ വിട്ടയച്ചു. എന്നാല്‍ ഇവര്‍ എംബസിയില്‍ എത്തിയിട്ടില്ലെന്നും കൊച്ചിയില്‍ തന്നെ ഉണ്ടെന്നുമുള്ള വിവരം പൊലിസ് അറിഞ്ഞു. ഇതോടെ ഇവര്‍ക്കായി വീണ്ടും തിരച്ചില്‍ തുടങ്ങി. പല ഹോട്ടലിലും ബില്‍ കൊടുക്കാതെ താമസിക്കുകയായിരുന്നു ഇവര്‍.
ലഹരിക്കടിമയായ ഇവരെ കണ്ടെത്തി വിദേശ പൗരത്വ നിയമ പ്രകാരം കേസ് എടുത്തു. ഇവര്‍ക്കാവശ്യമായ ഭക്ഷണവും വസ്ത്രവും മറ്റും എസ്.ഐ റഷീദ് വാങ്ങി നല്‍കി. ഫോര്‍ട്ട്‌കൊച്ചിയിലെ ഹോംസ്റ്റേയി റഷീദ് ഇവര്‍ക്ക് താമസ സാകര്യം ഒരുക്കി. സൗജന്യ താമസ സൗകര്യവും ഭക്ഷണവും ഉടമകള്‍ നല്‍കി യു.എസിലെ ബന്ധുക്കള്‍ നല്‍കിയ പണമുപയോഗിച്ചെടുത്ത ടിക്കറ്റുമായി എം.ബസി ഉദ്യോഗസ്ഥന്‍ കൊച്ചിയിലെത്തിയതറിഞ്ഞ വിദേശ വനിത ഹോംസ്‌റ്റേയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഇവരെ വനിതാപൊലിസിന്റെ സഹായത്തോടെ മൂന്നര മണിക്കൂറോളം തടഞ്ഞുവയ്ക്കുകയും ഡിസംബര്‍ 30ന് രാത്രി അമേരിക്കയിലേക്ക് തിരികെ അയക്കുകയും ചെയ്തു.
ഡിസംബര്‍ 17നാണു യുവതി കൊച്ചിയിലെത്തിയത്. രണ്ടാഴ്ചയോളം ഇവര്‍ കൊച്ചിയില്‍ താമസിച്ചു. യുവതി സുരക്ഷിതയായി അമേരിക്കയില്‍ എത്തിയതിനെ തുടര്‍ന്നാണ് ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ നിന്ന് റഷീദിന് അഭിനന്ദന സന്ദേശം ലഭിച്ചത്.
കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയായ റഷീദിന് കഴിഞ്ഞ വര്‍ഷം ടൂറിസം പൊലിസിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."