കയ്പമംഗലത്ത്‌നിന്ന് കാണാതായ വള്ളം കൊച്ചിയില്‍ കണ്ടെത്തി
കയ്പമംഗലം: കയ്പമംഗലത്ത് കടലില്‍ നങ്കൂരമിട്ടിരിക്കുന്നതിനിടെ കാണാതായ മത്സ്യബന്ധനവള്ളം മണിക്കൂറുകള്‍ക്ക് ശേഷം കൊച്ചി കടലില്‍ നിന്നും കണ്ടെത്തി.
മോഷണമാണെന്ന് കരുതി അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് 25 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നും വള്ളം കണ്ടെത്തുന്നത്. കയ്പമംഗലം സ്വദേശി കൈതവളപ്പില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ വള്ളമാണ് കഴിഞ്ഞ ദിവസം പുന്നക്കച്ചാല്‍ ബീച്ചില്‍ നിന്നും കാണാതായത്.
രണ്ട് ദിവസം മുന്‍പാണ് വള്ളം നങ്കൂരമിട്ടിരുന്നത്. തിങ്കളാഴ്ച രാത്രി 9.30 വരെ വള്ളം കടലില്‍ ഉണ്ടായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ മീന്‍പിടിത്തത്തിനു പോകാനായി നോക്കിയപ്പോഴാണ് നങ്കൂരമിട്ടിരുന്ന സ്ഥലത്തു നിന്നും വള്ളം കാണാതായത്.
രണ്ടു ലക്ഷത്തിലധികം രൂപ വിലയുള്ള എന്‍ജിനും വലയും ഉള്‍പ്പെടെയായിരുന്നു വള്ളം നങ്കൂരമിട്ടിരുന്നത്. നങ്കൂരത്തിന്റെ കയറില്‍ നിന്നും വള്ളത്തെ വേര്‍പെടുത്തി കൊണ്ടുപോയ നിലയിലായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.
മോഷണമാണെന്നു കരുതി പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് വള്ളം കണ്ടെത്താനായി നടത്തിയ തിരച്ചില്‍ നടന്നുകൊണ്ടിരിക്കേയാണ്.
കൊച്ചി കടലില്‍ നിന്നും പടിഞ്ഞാറ് മീന്‍പിടിത്തം നടത്തുകയായിരുന്ന സെന്റ് മാത്യൂസ് എന്ന വള്ളത്തിലെ തൊഴിലാളികള്‍, ഒഴുകി നടക്കുന്ന നിലയില്‍ വള്ളം കണ്ടെത്തിയത്.
തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി റോബിന്‍ ബോസിന്റെ നേതൃത്വത്തിലുള്ള തൊഴിലാളിള്‍ വള്ളത്തെ കെട്ടിവലിച്ച് അഴീക്കോട് തീരദേശ പൊലിസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഉച്ചയോടെ അഴിക്കോട് പൊലിസ് വള്ളം ഉടമയ്ക്ക കൈമാറി.
കുറച്ചു ദിവസമായി കടലില്‍ ശക്തമായ കാറ്റാണെന്നും ഇതു മൂലം നങ്കൂരമിട്ടിരുന്ന കയര്‍ പൊട്ടി വള്ളം ഒഴുകിപ്പോയതാകാമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."