ജാര്‍ഖണ്ഡില്‍ പട്ടിണിമരണം; ഉത്തരവാദി സര്‍ക്കാരെന്ന് കുടുംബം
ബൊക്കാറോ: ജാര്‍ഖണ്ഡില്‍ പട്ടിണികിടന്ന് 42കാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബൊക്കാറോവ് സ്വദേശി ഭുഖല്‍ ഘാസി ആണ് മരിച്ചത്. തങ്ങള്‍ക്ക് റേഷന്‍കാര്‍ഡോ ആയുഷ് മാന്‍ കാര്‍ഡോ ഇല്ലെന്നും മരണത്തിന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂടി ഉത്തരവാദികളാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. കുറേദിവസങ്ങളായി കുടുംബത്തിന് കഴിക്കാന്‍ ആഹാരം ഉണ്ടായിട്ടില്ലെന്ന് ഭുഖല്‍ ഘാസിയുടെ ഭാര്യ പറഞ്ഞു. യുവാവ് കുറേ നാളായി അസുഖബാധിതനായിരുന്നു എന്നാണ് അധികൃതരുടെ വാദം.' അദ്ദേഹത്തിന് വിളര്‍ച്ച ഉണ്ടായിരുന്നു. ഡോക്ടറുടെ നിരീക്ഷണത്തിലായിരുന്നു. ബെംഗളൂരുവില്‍ ജോലിചെയ്യുകയായിരുന്ന അദ്ദേഹം അസുഖത്തെത്തുടര്‍ന്ന് ആറ് മാസം മുമ്പാണ് തിരിച്ചെത്തിയത്. നീണ്ടുനിന്ന രോഗത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്- ബൊക്കാറോ ജില്ലാ കമ്മീഷണര്‍ മുകേഷ് കുമാര്‍ പറഞ്ഞു.
കുടുംബത്തിലെ എല്ലാവര്‍ക്കും വിളര്‍ച്ചയുണ്ടെന്നും ഭീംറാവു അംബേദ്കര്‍ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭുഖാല്‍ ഘാസിയുടെ ഭാര്യക്ക് സഹായം നല്‍കുമെന്നും ഗുരുതരമായ വിളര്‍ച്ച ഉള്ള അവര്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിത്ത് ചികിത്സ നല്‍കുമെന്നും ബ്ലോക് ഡെവലപ്പ്‌മെന്റ് ഓഫിസര്‍ പറഞ്ഞു. സംഭവം ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."