കാര്‍ മോഷ്ടിച്ച് സ്പിരിറ്റ് കടത്തിയ കേസിലെ പ്രതി പത്തു വര്‍ഷത്തിനുശേഷം പിടിയില്‍
കൊരട്ടി: പത്ത് വര്‍ഷം മുന്‍പ് കൊരട്ടിയില്‍ നിന്നും സ്‌കോര്‍പിയോ വാഹനം മോഷ്ടിച്ച് സ്പിരിറ്റ് കടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍ സന്തോഷിന്റെ നിര്‍ദ്ദേശപ്രകാരം കൊരട്ടി എസ്. ഐ ജയേഷ് ബാലന്‍ അറസ്റ്റ് ചെയ്തു.
പാലക്കാട് ആലത്തൂര്‍ എരിമയൂര്‍ സ്വദേശി തോട്ടുപാലംവീട്ടില്‍ സക്കീര്‍ ഹുസൈന്‍ (42) ആണ് പിടിയിലായത്. 2009 ല്‍ ആദ്യം കൊരട്ടി മംഗലശ്ശേരി സ്വദേശിയുടെ സ്‌കോര്‍പിയോ കാര്‍ പുലര്‍ച്ചെ പോര്‍ച്ചില്‍ നിന്നും മോഷണം പോവുകയും ഇതിന് കൊരട്ടി സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് ശേഷം പലക്കാട് ഒലവക്കോട് ജങ്ഷന് സമീപം വച്ച് നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കോര്‍പിയോ കാര്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതായി വിവരം ലഭിച്ച പാലക്കാട് പൊലിസ് സംഘം വാഹനം തടഞ്ഞ് പരിശോധിച്ചപ്പോള്‍ ഇരുപത്തിരണ്ട് കന്നാസുകളില്‍ സ്പിരിറ്റ് നിറച്ച നിലയില്‍ കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്ന കോയമ്പത്തൂര്‍ കരുമ്പുക്കടൈ സ്വദേശികളായ നൂര്‍ മുഹമ്മദ്, ജലീല്‍ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ കാര്‍ ആലത്തൂര്‍ സ്വദേശി സക്കീര്‍ ഹുസൈന്‍ എന്നയാളുടെടേതാണെന്നും മണ്ണാര്‍ക്കാട് സ്വദേശിയായ രാജഗോപാല്‍ എന്നയാള്‍ എറണാകുളം മരട് സ്വദേശി അനീഷിന് വേണ്ടിയാണ് സ്പിരിറ്റ് കൊണ്ടു പോകുന്നതെന്നും സമ്മതിച്ചു.
തുടര്‍ന്ന് വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥനെ കുറിച്ചുള്ള അന്വേഷണത്തിലാണ് കൊരട്ടിയില്‍ നിന്നും മോഷണം പോയതാണ് വാഹനമെന്നും ആലത്തൂര്‍ സ്വദേശിയായ സക്കീര്‍ ഹുസൈനാണ് വാഹനം കൈവശം വച്ചിരിക്കുന്നതെന്നും കണ്ടെത്തി. കേരളത്തിലെ അറിയപ്പെടുന്ന ക്വട്ടേഷന്‍ സംഘത്തലവനാണ് മരട് അനീഷ്, വാഹനങ്ങള്‍ മോഷ്ടിച്ച് അന്തര്‍സംസ്ഥാന സ്പിരിറ്റ് കടത്തായിരുന്നു ഈ സംഘത്തിന്റെ മറ്റൊരു പ്രവര്‍ത്തനമേഖല.
ചെറിയ രീതിയില്‍ വാഹനക്കച്ചവടവുമായി നടന്നിരുന്ന സക്കീര്‍ മണ്ണാര്‍ക്കാട് സ്വദേശി രാജഗോപാലിനെ പരിചയപ്പെട്ടതോടെയാണ് സ്പിരിറ്റ് കടത്തിലേക്ക് തിരിയുന്നത്. ക്രമേണ മരട് അനീഷിന്റെ സംഘത്തിലെ പ്രധാനിയായി മാറുകയായിരുന്നു. എല്ലാ പ്രതികളും പിടിയിലായെങ്കിലും സക്കീര്‍ ഹുസൈന്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. ദീര്‍ഘകാലമായി സക്കീര്‍ ഹുസൈന്‍ ഒളിവില്‍ കഴിയുകയാണെന്ന് കേസ്ഫയല്‍ പരിശോധിച്ച ഡിവൈ.എസ്.പി കണ്ടെത്തിയതോടെ ഇയാളെ കണ്ടെത്തുന്നതിന് പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതോടെയാണ് അറസ്റ്റിന് വഴിതെളിഞ്ഞത്.
സക്കീറിന്റെ സ്വദേശമായ എരിമയൂരിലെത്തി രഹസ്യാന്വേഷണം നടത്തിയ പൊലിസ് സംഘത്തിന് കോയമ്പത്തൂരിലെവിടെയോ ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചു. ഇതനുസരിച്ച് കെ.ജി ചാവടി, മധുക്കര തുടങ്ങിയ പരിസരത്തും ദിവസങ്ങളോളമെടുത്ത് അരിച്ചുപെറുക്കി അന്വേഷിച്ച പൊലിസ് സംഘത്തിന് കരുമ്പുക്കടൈ സ്വദേശിയായ നൂര്‍ മുഹമ്മദിനൊപ്പം ഉണ്ടായിരുന്ന ഒരു സക്കീര്‍ ഹുസൈന്‍ കോയമ്പത്തൂര്‍ പൊള്ളാച്ചി ഹൈവേയിലെ കോവില്‍പാളയം എന്ന സ്ഥലത്ത് ഉള്ളതായി വിവരം കിട്ടി.
തുടര്‍ന്ന് ഇവിടെയെത്തി അന്വേഷണമാരംഭിച്ച പൊലിസ് സംഘത്തെപ്പറ്റി വിവരം ലഭിച്ച സക്കീര്‍ ഹുസൈന്‍ അവിടെ നിന്നും മുങ്ങി ഭാര്യയുടെ സ്വദേശമായ പാലക്കാട് മലപ്പുറം ജില്ലാതിര്‍ത്തിയിലെ നാട്ടുകല്ലിലെത്തി ഒളിവില്‍ കഴിയുകയായിരുന്നു. സക്കീറിനെ കിട്ടാതെയായ അന്വേഷണ സംഘം ആലത്തൂര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമംഗങ്ങളായ കൃഷ്ണദാസ്, ആര്‍.കിഷോര്‍, പി.വി പ്രദീപ് എന്നിവരുടെ സഹായത്തോടെ സക്കീറിന്റെ ഭാര്യയെപ്പറ്റി അന്വേഷിച്ച് ഭാര്യയുടെ സ്വദേശമായ നാട്ടുകല്ലിലെത്തി.
ചാലക്കുടിയിലെ അന്വേഷണ സംഘം നാട്ടുകല്‍ സ്റ്റേഷനിലെ രാജന്‍, മുഹമ്മദ് റഫീഖ് എന്നിവരുടെ സഹായത്തോടെ സക്കീറിന്റെ പാറപ്പുറത്ത് ജുമാ മസ്ജിദിനു സമീപത്തെ ഒളിസ്ഥലം കണ്ടെത്തി തമിഴ്‌നാട്ടിലെ വിറക് വ്യാപാരികള്‍ എന്ന വ്യാജേന സമീപിച്ച് പിടികൂടുകയായിരുന്നു.പ്രത്യേകാന്വേഷണ സംഘത്തില്‍ എ.എസ്.ഐ ജിനുമോന്‍ തച്ചേത്ത്, സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, റെജി എ.യു, ഷിജോ തോമസ്, ഷിനോജ് എന്നിവരാണുണ്ടായിരുന്നത്. തുടര്‍ന്ന് ചാലക്കുടിയിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലില്‍ നിരവധി സ്റ്റേഷനുകളില്‍ കേസുള്ളതായി കണ്ടെത്തി.
തുടര്‍ന്ന് മറ്റു നടപടികള്‍ക്കായി ചാലക്കുടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."