വീടിനുള്ളില്‍ അഗ്നിബാധ; ഉപകരണങ്ങള്‍ നശിച്ചു
അന്തിക്കാട്: കുന്നത്തങ്ങാടി വെളുത്തൂരില്‍ വീടിനകത്ത് തീപിടിച്ച് സാധനങ്ങള്‍ കത്തിനശിച്ചു. വെളുത്തൂര്‍ മേലേ വീട്ടില്‍ അനിലിന്റെ വാടകക്കു നല്‍കിയ വീടിനകത്താണ് രാവിലെ തീ പിടിച്ചത്.വീട്ടില്‍ വാടകക്കു താമസിക്കുന്ന പച്ചാമ്പിള്ളി നളിനി രാവിലെ വീടു പൂട്ടി പോയതിനു ശേഷമാണ് തീ പിടിച്ചത്. വീട്ടില്‍ ദൈവങ്ങളുടെ ചിത്രത്തിനു സമീപം കത്തിച്ചു വച്ച ചന്ദനത്തിരിയില്‍ നിന്നും താഴെ ബക്കറ്റില്‍ കൂട്ടിയിട്ടിരുന്ന തുണികളിലേക്ക് തീപ്പൊരി വീണതാകാം തീപടരാന്‍ കാരണമെന്നാണ് നിഗമനം.
തീ ഉയരുന്നതു ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വാതില്‍ ചവിട്ടിപൊളിച്ച് അകത്തു കടന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീയണക്കുകയായിരുന്നു. വീട്ടിനുള്ളിലെ തുണികള്‍, ടി.വി, വയറിങ്ങ് ,ഫാന്‍ തുടങ്ങിയവ കത്തി നശിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് അന്തിക്കാട് എസ്.ഐ കെ.എസ് സൂരജിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി. തൃശൂരില്‍ നിന്നും ഫയര്‍ഫോഴ്‌സും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."