ബേബി ജോണിന്റെ ശിഷ്യനായി രാഷ്ട്രീയത്തിലെത്തി; ആര്‍.എസ്.പിയെ ഞെട്ടിച്ച് നിയമസഭയിലും
കൊല്ലം: നിയമസഭാ മണ്ഡലം രൂപീകരിച്ച നാള്‍മുതല്‍ ആര്‍.എസ്.പിക്കാര്‍ മാത്രം കൈവശംവച്ചിരുന്ന ചവറയില്‍ ആര്‍.എസ്.പി ഇതര സ്ഥാനാര്‍ഥിയായി മല്‍സരിച്ച എന്‍ വിജയന്‍ പിള്ള രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചായിരുന്ന 2016ല്‍ ചരിത്രവിജയം നേടിയത്. ബേബി ജോണ്‍ എന്ന രാഷ്ട്രീയ ഗുരുവിന്റെ മകനെ തോല്‍പ്പിച്ച് ചവറയിലെ കരിമണല്‍ രാഷ്ട്രീയത്തിന്റെ നേരവകാശിയായി മാറുകയായിരുന്നു വിജയന്‍ പിള്ള. ബേബി ജോണ്‍ രോഗശയ്യയിലായതോടെ ആര്‍.എസ്.പിയിലുണ്ടായ പിളര്‍പിനെ തുടര്‍ന്ന്, 2001ലെ തെരഞ്ഞെടുപ്പില്‍ മകന്‍ ഷിബു ബേബി ജോണായിരുന്നു ചവറയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. എതിരാളി ഔദ്യോഗിക ആര്‍.എസ്.പിയിലെ എന്‍.കെ പ്രേമചന്ദ്രനും. 2006ല്‍ ഷിബുവിനെ തോല്‍പ്പിച്ച എന്‍.കെ പ്രേമചന്ദ്രന്‍ വി.എസ് മന്ത്രിസഭയില്‍ അംഗമായി. 2011ല്‍ പ്രേമചന്ദ്രനെ തറപറ്റിച്ച് ഷിബു ബേബി ജോണ്‍ നേടിയ വിജയത്തിന് പിന്നില്‍ ചാലകശക്തിയായത് സാക്ഷാല്‍ വിജയന്‍ പിള്ളയായിരുന്നു. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് എന്‍.കെ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ആര്‍.എസ്.പി യു.ഡി.എഫിലെത്തുകയും പ്രേമചന്ദ്രന്‍ കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിക്കുകയും ചെയ്തു. പിന്നീട് ഇരു ആര്‍.എസ്.പികളും ഒന്നായെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് വിജയന്‍ പിള്ള ഇടതുപക്ഷത്തേക്ക് ചാഞ്ഞു. നവകേരള യാത്രയുമായി കൊല്ലത്തെത്തെിയ പിണറായി വിജയനെ സ്വീകരിച്ച വിജയന്‍ പിള്ള തുര്‍ന്ന് സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ അക്കൗണ്ടില്‍ ഇടതുസ്വതന്ത്രനായി ചവറയില്‍ സ്ഥാനാര്‍ഥിയായി. യു.ഡി.എഫ് കൊല്ലം ജില്ലയില്‍ ഉറച്ചകോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന ചവറയില്‍ വിജയന്‍ പിള്ള എത്തിയതോടെ മല്‍സരം കടുകട്ടിയായി. കോണ്‍ഗ്രസില്‍ നിന്നും ആര്‍.എസ്.പിയില്‍ നിന്നും തന്റെ ജനകീയ പരിവേഷംകൊണ്ട് വ്യക്തിപരമായി വോട്ടുകള്‍ നേടിയ വിജയന്‍ പിള്ള യു.ഡി.എഫിന്റെ ഉറച്ചകോട്ടയില്‍ ഷിബു ബേബി ജോണിനെ മലര്‍ത്തിയടിക്കുകയായിരുന്നു. ആര്‍.എസ്.പിയുടെയും ഷിബു ബേബി ജോണിന്റെയും ശക്തികേന്ദ്രമായ ശക്തികുളങ്ങരയില്‍ നിന്നുപോലും വോട്ടുകള്‍ നേടാന്‍ കഴിഞ്ഞ വിജയന്‍ പിള്ളക്കായി കൈമെയ് മറന്നാണ് ഇടതുമുന്നണി പ്രവര്‍ത്തിച്ചത്.
45 കൊല്ലമായി പൊതുരംഗത്ത് പ്രവര്‍ത്തിച്ച വിജയന്‍പിള്ളയ്ക്ക് വിജയം തുടര്‍ക്കഥയായിരുന്നു. 1979 ഇരുപത്തിയെട്ടാം വയസില്‍ ചവറ പഞ്ചായത്ത് അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 20 വര്‍ഷം സ്ഥാനത്ത് തുടര്‍ന്നു. കോണ്‍ഗ്രസിലെത്തിയ വിജയന്‍ പിള്ള 2000ല്‍ കൊല്ലം ജില്ലാ പഞ്ചായത്തംഗമായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബേബി ജോണായിരുന്നു വിജയന്‍പിള്ളയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. വിവിധ സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിജയന്‍പിള്ള ബാര്‍ ഹോട്ടലുകളുടെ ഉടമയാണ്. ഉമ്മന്‍ ചാണ്ടി ബാര്‍ ഹോട്ടലുകള്‍ അടച്ചപ്പോള്‍ ബിയര്‍വൈന്‍ പാര്‍ലറുകളിലേക്ക് മാറി. മദ്യവ്യാപാരിയെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കിയെന്ന വിമര്‍ശനം യു.ഡി.എഫ് പ്രചാരണ രംഗത്ത് ഉന്നയിച്ചു. ചവറയിലെ ജനവിധിയെ അതൊന്നും സ്വാധീനിച്ചില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ രാഷ്ട്രീയ പോരാട്ടത്തിനെതിരേ വിജയന്‍ പിള്ളക്ക് കൈക്കരുത്തായതും രാഷ്ട്രീയത്തിന് അപ്പുറത്തുള്ള ജനകീയ പരിവേഷമായിരുന്നു. ഇതിനിടെ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ വിവാദവുമുണ്ടായി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ബിസിനസ് പങ്കാളിയും വിജയന്‍ പിള്ളയുടെ മകനുമായ ശ്രീജിത്തിനെതിരേ ദുബൈ കോടതിയുടെ അറസ്റ്റ് വാറന്റ് വാര്‍ത്ത കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരുന്നു. രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ചെക്ക് കേസില്‍ വിധി വരുന്നതിന് മുന്‍പ് ദുബൈയില്‍ നിന്ന് ശ്രീജിത്ത് മുങ്ങിയ സാഹചര്യത്തിലാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. ഈ വിവാദത്തോടെ മകന് എതിരായ ആരോപണങ്ങളില്‍ ശരിയുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന് വിജയന്‍ പിള്ള വ്യക്തമാക്കി. ധാരാളം ചെക്കുകേസുകള്‍ ഉണ്ടെന്നും തന്റെ മകനെതിരായ കേസിന് മാത്രമെന്താണ് ഇത്ര പ്രസക്തിയെന്ന ചോദ്യവുമായി വിമര്‍ശനങ്ങളെ വിജയന്‍ പിള്ള നേരിട്ടു. പിന്നീട് ഈ വിവാദം തന്നെ അപ്രസക്തമാകുകയായിരുന്നു. എന്നാല്‍ വിവാദങ്ങളൊന്നും വിജയന്‍ പിള്ളയുടെ രാഷ്ട്രീയ ജീവിതത്തെ ബാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."