'വൈകല്യം' ബാധിച്ചു കൈവല്യ ഭിന്നശേഷിക്കാരുടെ സ്വയംതൊഴിലിന് പണമില്ല
യു.എച്ച് സിദ്ദീഖ്
കോട്ടയം: ഭിന്നശേഷി സൗഹൃദത്തില്‍ ഒന്നാം സ്ഥാനത്തെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ തൊഴില്‍രഹിതരായ ഭിന്നശേഷിക്കാരെ സഹായിക്കാന്‍ തുടക്കമിട്ട കൈവല്യ പദ്ധതിയെ 'വൈകല്യം' ബാധിച്ചു. 2016 ല്‍ തുടങ്ങിയ പദ്ധതിക്കായി ആവശ്യത്തിന് ഫണ്ട് അനുവദിക്കാതെ സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയാണ്. നാല് വര്‍ഷത്തിനിടെ പതിനായിരത്തോളം ഭിന്നശേഷിക്കാരാണ് സ്വയംതൊഴില്‍ വായ്പക്കായി അപേക്ഷ നല്‍കിയത്. സഹായം കിട്ടിയതാവട്ടെ ആയിരത്തില്‍ താഴെ അപേക്ഷകര്‍ക്ക് മാത്രവും. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കൈവല്യ വായ്പ പദ്ധതിക്കായി അനുവദിച്ചത് 2.10 കോടി രൂപ മാത്രമായിരുന്നു. ആയിരകണക്കിന് അപേക്ഷകര്‍ വായ്പയ്ക്കായി കാത്തിരിക്കുമ്പോള്‍ ചെലവഴിച്ചതാവട്ടെ 1,74,14,591 രൂപയും. സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും 35,85,409 രൂപ ചെലവഴിക്കാതെ കിടക്കുകയാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 913 പേരാണ് കൈവല്യ സ്വയംതൊഴില്‍ വായ്പയ്ക്കായി അപേക്ഷിച്ചത്. ഒരാള്‍ക്കു പോലും ഇതുവരെ വായ്പ അനുവദിച്ചിട്ടില്ല. മുന്‍ വര്‍ഷങ്ങളിലെ അപേക്ഷകര്‍ക്ക് വായ്പ നല്‍കാനാവാത്തതിനാല്‍ പുതിയ അപേക്ഷകള്‍ പരിഗണിച്ചിട്ടില്ല. 2.10 കോടി രൂപയില്‍ സ്വയംതൊഴില്‍ വായ്പ നല്‍കാന്‍ അനുവദിച്ചത് 1,93,50,000 രൂപ മാത്രം. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ വായ്പയായി വിതരണം ചെയ്തതാവട്ടെ 1.61 കോടി രൂപയും. കൈവല്യയുടെ ഘടക പദ്ധതികള്‍ക്കായാണ് ബാക്കി തുക അനുവദിച്ചത്. ഇതും പൂര്‍ണമായും ചെലവഴിക്കപ്പെട്ടില്ല. വൊക്കേഷണല്‍ ആന്റ് കരിയര്‍ ഗൈഡന്‍സിനായി 60,000 രൂപ മാറ്റിവെച്ചതില്‍ 50,000 രൂപയും ചെലവഴിച്ചു. നൈപുണ്യ പരിശീലന പരിപാടിക്കായി 2.50 ലക്ഷം രൂപയാണ് അനുവദിച്ചത്. 1,86,832 പരിശീലന പരിപാടികള്‍ക്കായി ഇതിനകം ചെലഴിച്ചിട്ടുണ്ട്. മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നതിനുള്ള പരിശീലന പരിപാടിക്കായി 12 ലക്ഷം അനുവദിച്ചിരുന്നു. 9,98,832 ലക്ഷം രൂപയാണ് ഇതിനകം ചെലഴിച്ചത്. സംരംഭങ്ങളുടെ പരിശോധനയ്ക്കായി അനുവദിച്ചത് 62,000 രൂപയും. ഇതില്‍ 46,000 രൂപയും ചെലഴിച്ചു കഴിഞ്ഞു. ജില്ലാതല സമിതി കൂടാന്‍ 43,000 അനുവദിച്ചതില്‍ 33,000 ചെലവഴിച്ചു. ഡോക്യുമെന്റേഷന് അനുവദിച്ച 35,000 രൂപയില്‍ 600 രൂപ മാത്രമാണ് ചെലവഴിച്ചത്. സംസ്ഥാനത്തെ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ ഭിന്നശേഷിക്കാരുടെ തൊഴില്‍ പുനരധിവാസം ലക്ഷ്യമിട്ടാണ് കൈവല്യ സ്വയംതൊഴില്‍ പദ്ധതി തുടങ്ങിയത്. അപേക്ഷ നല്‍കുന്ന തൊഴില്‍രഹിതന് 50,000 രൂപ വരെ വായ്പ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. വായ്പ ലഭിക്കുന്ന തുകയുടെ പകുതി അഞ്ച് വര്‍ഷം കൊണ്ടു തിരിച്ചടച്ചാല്‍ മതിയെന്നാണ് വ്യക്തമാക്കിയിരുന്നത്. സ്വന്തമായി തൊഴിലും വരുമാനവുമില്ലാതെ ജീവിതം പ്രതിസന്ധിയിലായ നിരവധി പേര്‍ ധനസഹായത്തിനായി അപേക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."