സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുഷ്ഠരോഗികള്‍ പാലക്കാട്ട്
റമീസ് കമാലി നാലകത്ത്
അലനല്ലൂര്‍: കേരളത്തില്‍ നിന്നും നാമാവിശേഷമായിപ്പൊയെന്ന് കരുതിയ കുഷ്ഠരോഗം വീണ്ടും ആരോഗ്യ കേരളത്തില്‍ തിരിച്ചെത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. പുതിയ സാമ്പത്തിക വര്‍ഷ അടിസ്ഥാനത്തില്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ മാത്രം 526 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതില്‍ 157 സ്ത്രീകളും ഇതില്‍ 44 പേര്‍ കുട്ടികളുമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുഷ്ഠരോഗികളുള്ള ജില്ല പാലക്കാടാണ്. രണ്ടാഴ്ചത്തെ ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ കണ്ടത്തിയത് 62 പേര്‍ക്കാണ്. കുഷ്ഠരോഗ നിര്‍ണയ പ്രചരണ പരിപാടിയായ അശ്വമേധത്തിന്റെ ഭാഗമായി ജില്ലയിലെ വീടുകളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഡിസംബര്‍ അഞ്ചു മുതല്‍ നടത്തിയപരിശോധനയിലാണ് രോഗികളെ കണ്ടത്തിയത്. നിലവില്‍ ആകെ 848 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
തമിഴ്‌നാടിനോട് അതിര്‍ത്ഥിയായി സ്ഥിതി ചെയ്യുന്നതിനാലും, അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റവുമാണ് ജില്ലയില്‍ ഇതിന്റെ വര്‍ദ്ധനവിന് പ്രധാന കാരണമായി ആരോഗ്യ വകുപ്പ് പറയുന്നത്. ജില്ലയില്‍ തച്ചമ്പാറ , കുമരം പുത്തൂര്‍, അലനല്ലൂര്‍ എന്നീ പ്രദേശങ്ങളിലും രോഗികളെ കണ്ടെത്തി ആരോഗ്യ വകുപ്പിന് കീഴില്‍ ചികിത്സ ആരംഭിച്ചിട്ടുണ്ട്. 2005ലാണ് കുഷ്ഠരോഗം നിവാരണം ചെയ്തായി പ്രഖ്യാപിച്ചത്. എന്നാല്‍, ശരിയായ ചികിത്സ കിട്ടാതെ എട്ടു ജില്ലകളിലെ രോഗികളില്‍ ചിലര്‍ക്ക് അംഗവൈകല്യം സംഭവിച്ചു.
തുടര്‍ന്നാണ് വ്യാപക സര്‍വേക്ക് ആരോഗ്യവകുപ്പ് തീരുമാനിച്ചത്. രണ്ടു തരത്തിലുള്ള കുഷ്ഠരോഗമാണ് വ്യാപിക്കുന്നത്. രണ്ടും ചികിത്സിച്ചു ഭേദമാക്കാം. പോസി ബാസിലറിക്ക് പകര്‍ച്ചാ ശേഷി കുറവാണ്. ആറു മാസത്തിനകം ഭേദമാക്കാന്‍ കഴിയും. മള്‍ട്ടി ബാസിലറിക്ക് പകര്‍ച്ചാശേഷി കൂടുതലാണ്. ഒരു വര്‍ഷമെടുക്കും പൂര്‍ണമായി ഭേദമാകാന്‍. വായു വഴിയാണ് പകരുന്നത്. രോഗം ബാധിച്ച വ്യക്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ രോഗാണു വായുവില്‍ പടരും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാലും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ മൂന്നു മുതല്‍ 5 വര്‍ഷം വരെ എടുക്കാം. മൈക്കോബാക്ടീരിയം ലെപ്‌റേ എന്ന ബാക്ടീരിയയാണ് രോഗാണു. ആരംഭത്തില്‍ തൊലിയെയും നാഡിയേയും രോഗം ബാധിക്കുന്നു.
നിറം മങ്ങിയതോ ചുവന്നതോ ചെമ്പ് നിറമാര്‍ന്ന തോ ആയ പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. ഈ പാടുകളില്‍ സ്പര്‍ശനശേഷി ഭാഗികമായോ പൂര്‍ണ്ണമായോ നഷ്ടപ്പെടുന്നു. സ്പര്‍ശനശേഷിക്കു പുറമേ ഈ പാടുകളില്‍ ചൂട് ,തണുപ്പ് ,വേദന എന്നിവ അറിയാനുള്ള ശേഷിയും കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു. പാടുകളില്‍ പൊതുവേ ചൊറിച്ചില്‍ അനുഭവപ്പെടാറില്ല. അവിടങ്ങളിലെ രോമവളര്‍ച്ച കുറഞ്ഞിരിയ്ക്കുകയോ നഷ്ടപ്പെട്ടിരിക്കുകയോ ചെയ്യാം. പാടുകള്‍ പരന്നതോ തിണര്‍പ്പു പോലെ ഉയര്‍ന്നതോ ആവാം. തൊലിയെ മാത്രമല്ല ക്രമേണ കുഷ്ഠ രോഗം, നാഡീവ്യവസ്ഥയെയും ബാധിക്കുന്നു. ബാഹ്യ നാഡികളിലെ വേദനയും മരവിപ്പുമായും രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാം. പിന്നീട് നാഡികള്‍ തടിച്ചു തുടങ്ങുന്നു. തൊലിപ്പുറത്തെ പാടുകളില്‍ ഉള്ള സ്പര്‍ശനശേഷി പരിശോധിക്കുക എന്നതാണ് രോഗനിര്‍ണയത്തിന് പ്രഥമഘട്ടം. നാഡികളില്‍ തരിപ്പോ തടിപ്പോ ഉണ്ടോ എന്ന് കണ്ടുപിടിക്കുന്നു. തൊലി ചുരണ്ടി എടുത്തുള്ള പരിശോധന, ബയോപ്‌സി എന്നിവ കുഷ്ഠരോഗ നിര്‍ണയത്തില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്. വേദനയില്ലാത്ത മാറാ വ്രണങ്ങള്‍ കുഷ്ഠരോഗ പരിശോധനയ്ക്കായി അയക്കുകയാണ് ചെയ്യുന്നത്. നേരത്തെ രോഗം കണ്ടുപിടിച്ചവരില്‍ യാതൊരുവിധ വൈരൂപ്യങ്ങളും അംഗവൈകല്യങ്ങളും സംഭവിക്കുന്നതിനു മുമ്പ് തന്നെ രോഗം ചികിത്സിച്ചു ഭേദമാക്കാം. രോഗാണുവിനെ തുരത്തുന്ന ഫലപ്രദമായ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. കുഷ്ഠ രോഗത്തിനുള്ള ചികിത്സ സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."