ആദിവാസി യുവാക്കളെ തമിഴ്നാട് പൊലിസ് സ്റ്റേഷനിലെത്തിച്ച് മര്‍ദിച്ചതായി പരാതി
അട്ടപ്പാടി:ആദിവാസി യുവാക്കളെ അതിര്‍ത്തിയിലുള്ള തമിഴ്നാട് പൊലിസ് സ്റ്റേഷനിലെത്തിച്ചു മര്‍ദിച്ചതായി പരാതി. ഊരടം ഊരിലെ വെള്ളി രശ്മി ദമ്പതികളുടെ മകനായ വിനീഷ് (30), ചന്ദ്രന്റെ മകന് മണികണ്ഠന് (30) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരുക്കേറ്റ ഇവര്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ചു ഇവര്‍ പറയുന്നതിങ്ങനെ. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയ ഇവരെ സമീപത്തുള്ള റിസോര്‍ട്ടിലെ ഡ്രൈവറും തമിഴ്നാട് സ്റ്റേഷനിലെ പൊലീസുകാരനുമായ കതിരേശനും ചേര്‍ന്ന് അതിര്‍ത്തിയിലുള്ള കിണ്ണക്കര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു എത്തിച്ചത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിക്കും തുടര്‍ന്ന് സ്റ്റേഷനില്‍ വെച്ചും കതിരേശന് ഇരുവരെയും മര്‍ദിക്കുകയായിരുന്നു. കതിരേശന് മദ്യപിച്ചിരുന്നതായി ഇവര്‍ പറഞ്ഞു. സ്റ്റേഷനില്‍ മറ്റൊരു പൊലിസുകാരന്കൂടി ഉണ്ടായിരുന്നെങ്കിലും അയാള്‍ ഇവരെ ഉപദ്രവിച്ചില്ല. വിവരമറിഞ്ഞു ഊരുകാര്‍ സ്റ്റേഷനില്‍ എത്തിയതോടെയാണ് ആറു മണിയോടെ ഇരുവരെയും മോചിപ്പിച്ചത്. ലാത്തികൊണ്ടുള്ള അടിയേറ്റ് ഇരുവരുടെയും കൈക്കും കാലിനും പരിക്കുണ്ട്.
എന്തിനാണ് തങ്ങളെ മര്‍ദിച്ചതെന്ന് അറിയില്ലെന്ന് ഇവര്‍ പറഞ്ഞു. നേരത്തെ റിസോര്‍ട്ടില്‍ ജോലിക്ക് പോയിരുന്നവരാണ് മര്‍ദ്ദനമേറ്റ യുവാക്കള്‍. വിവരമറിഞ്ഞു ട്രൈബല്‍ വകുപ്പിലെ ഉദ്യോഗസ്ഥരും സ്പെഷല്‍ ബ്രാഞ്ച് പൊലീസുകാരും ആശുപത്രിയിലെത്തി യുവാക്കളില്‍ നിന്നും മൊഴിയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."