കിഫ്ബിക്കെതിരേ നടക്കുന്നത് അടിസ്ഥാനരഹിത പ്രചാരണങ്ങള്‍: മുഖ്യമന്ത്രി
ആലപ്പുഴ: കിഫ്ബിക്കെതിരേ നടക്കുന്നത് അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണെന്നും ആക്ഷേപങ്ങള്‍ ചൊരിഞ്ഞ് കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയുടെ ആലപ്പുഴയിലെ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാഹരണത്തിലും വിനിയോഗത്തിലും സുതാര്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. ഒരു സ്വകാര്യബാങ്കിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് ആക്ഷേപമുന്നയിക്കുന്നവര്‍ക്കു മറുപടിയായി, ഇതിന്റെ തകര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടു തന്നെ കിഫ്ബിയുടെ നിക്ഷേപം ഇവിടെ നിന്ന് പിന്‍വലിക്കാന്‍ കഴിഞ്ഞത് വലിയ ജാഗ്രത കിഫ്ബി പാലിച്ചുപോരുന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി ഏറ്റെടുത്ത 250ഓളം പദ്ധതികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. കിഫ്ബിയിലൂടെ 53,000 കോടിയുടെ വികസന പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞു. ഏറ്റെടുക്കുന്ന പദ്ധതികളുടെ ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. കിഫ്ബിയുടെ സുതാര്യതയ്ക്കും വിശ്വാസ്യതയ്ക്കും ലഭിച്ച വലിയ അംഗീകാരമാണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ മസാല ബോണ്ടില്‍ ലിസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ കിഫ്ബി ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ സാധാരണ നിലയില്‍ ഇത്തരമൊരു നേട്ടത്തെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. അതിന് കഴിഞ്ഞില്ലെങ്കില്‍ ആക്ഷേപിക്കാതിരിക്കുകയെങ്കിലും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."