നല്ലപാതിയുടെ കരുത്തില്‍ ഷെഫീഖിന്റെ ജീവിതം മുന്നോട്ട്
പാലക്കാട് : ജി.എസ്.ടി നടപ്പിലായതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയില്‍ സിമന്റ് കച്ചവടം പെട്ടെന്ന് നാമമാത്രമാകുകയും വീട്ടുവാടകയും നിത്യചെലവുകളും മക്കളുടെ പഠനവുമൊക്കെ ചോദ്യ ചിഹ്നമാകുകയും ചെയ്ത സാഹചര്യത്തില്‍ പേഴുങ്കര ചന്ദനകത്ത് വീട്ടില്‍ ഷെഫീഖിനോട് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞതിങ്ങനെ. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ്. അത് കരുത്തോടെ നേരിട്ടേ മതിയാകൂ. നിങ്ങളോടൊപ്പം ജോലിക്ക് ഞാനുമുണ്ട്.
ഷെഫീഖിന്റെ ഭാര്യ ഫസീറയുടെ ആ വാക്കുകളാണ് പ്രതിസന്ധികളില്‍ നട്ടം തിരിഞ്ഞിരുന്ന ഷെഫീഖിന് ജീവിതപ്രയാസങ്ങളോട് പോരാടാനുള്ള കരുത്ത് നേടിക്കൊടുത്തത്. റീട്ടെയില്‍ സിമന്റ് വ്യാപാരികളില്‍ നിന്ന് സിമന്റെ വാങ്ങി സൈറ്റുകളില്‍ എത്തിച്ചുകൊടുത്താണ് അന്നുവരെ ഷെഫീഖ് വരുമാനം കണ്ടെത്തിയിരുന്നത്. നല്ലപാതിയുടെ പിന്തുണയില്‍ സ്വന്തമായി ഷെഫീഖ് സിമന്റ് റീട്ടെയില്‍ ഷോപ്പ് തുടങ്ങുകയാണ് ആദ്യം ചെയ്തത്. ഇവിടെ നേരിട്ട് വന്ന് ആളുകള്‍ സിമന്റ് വാങ്ങിയിരുന്നത് അപൂര്‍വ്വമായി മാത്രമാണ്. അതുകൊണ്ടു തന്നെ ഫസീറ ബിസിനസിന്റെ ട്രാക്കൊന്നുമാറ്റിപ്പിടിക്കാന്‍ ഭര്‍ത്താവിനെ ഉപദേശിച്ചു.
നമ്മുടെ കസ്റ്റമേഴ്‌സിന് സൈറ്റുകളില്‍ സിമന്റ് എത്തിച്ചുകൊടുക്കാം. ചെറിയ ഓര്‍ഡറുകളാണെങ്കില്‍ ഞാന്‍ തന്നെ മോപ്പഡില്‍ എത്തിക്കാം. കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചാല്‍ നിങ്ങള്‍ എത്തിക്കണം. ഭര്‍ത്താവ് ഭാര്യയുടെ നിലപാട് അഗീകരിച്ചു. ഇതോടെ ടി.വി.എസ് സ്‌കൂട്ടിയില്‍ നാലുചാക്ക് സിമന്റുവരെ ഫസീറ സൈറ്റുകളിലെത്തിക്കാന്‍ തുടങ്ങി.
50 കിലോയുടെ സിമന്റ് ചാക്ക് ഫസീറ ഒറ്റക്കു തന്നെയാണ് വണ്ടിയില്‍ എടുത്തുവെക്കുന്നതും സൈറ്റുകളില്‍ ലോഡ് ഇറക്കുന്നതും. തന്റെ ശരീരത്തിന് ആകെ 50 കിലോ ഭാരം മാത്രമേയുള്ളൂ എന്നുകൂടി ഫസീറ ചിരിച്ചുകൊണ്ടു പറയുന്നു. ഫസീറയുടെ നിലപാടുകളും ആളുകളോടുള്ള ഇടപെടലും കണ്ട് പ്രദേശത്ത് ലോഡിറക്കാന്‍ അവകാശമുള്ള ചുമട്ടുതൊഴിലാളികള്‍ ഒന്നടങ്കം ഫസീറയുടെ ലോഡിറക്കലിനും കയറ്റലിനും പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കുകയായിരുന്നു. ആ വരുമാനം കൂടി ഫസീറക്ക് ഇരിക്കട്ടെ എന്നാണ് ചുമട്ടുതൊഴിലാളികളുടെ നിലപാട്.
നാല്, രണ്ട്, എല്‍.കെ.ജി ക്ലാസ്സുകളില്‍ പഠിക്കുന്ന മൂന്നുമക്കളുടെ കാര്യങ്ങള്‍ കൂടി ഫസീറയുടെ കയ്യില്‍ ഭദ്രമാണ്. കാലത്ത് അഞ്ചുമണിക്ക് ഉണരുന്ന ഫസീറ കുട്ടികള്‍ സ്‌കൂളില്‍ പോകാറാകുമ്പോഴേക്കും രണ്ടുനേരത്തേക്കുള്ള ഭക്ഷണം റെഡിയാക്കും. പിന്നീട് മക്കള്‍ സ്‌കൂള്‍ വിട്ടുതിരിച്ചെത്തും വരെ സിമന്റ് വില്‍പ്പനയാണ്. ഫസീറയുടെ സിമന്റ് വില്‍പ്പനയോട് സ്വന്തം വീട്ടുകാര്‍ ആദ്യം വിമുഖത പ്രകടിപ്പിച്ചുവെങ്കിലും ഇപ്പോള്‍ തങ്ങളുടെ ജീവിത വിജയം കണ്ട് അഭിനന്ദിച്ചുതുടങ്ങിയെന്ന് ഫസീറ പറയുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ തിളക്കമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."