'ഞങ്ങള്‍ ഡല്‍ഹിയില്‍ വംശഹത്യക്കിരയായ മുസ്‌ലിം സഹോദരങ്ങള്‍ക്കൊപ്പം'- ഹോളി ആഘോഷങ്ങള്‍ ഉപേക്ഷിച്ചും മാര്‍ച്ച് നടത്തിയും പാക് ഹിന്ദു സമൂഹം
കറാച്ചി: ഡല്‍ഹിയില്‍ വംശഹത്യക്കിരയായ മുസ്‌ലിം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസത്ാനിലെ ഹിന്ദു സമൂഹം. ഹോളി ആഘോഷങ്ങള്‍ ഉപേക്ഷിച്ചും മാര്‍ച്ച് നടത്തിയുമാണ് അവര്‍ മുസ്‌ലിം സഹോദരങ്ങള്‍ക്കുള്ള തങ്ങളുടെ പിന്തുണ അറിയിച്ചത്.
'ഇന്ത്യയിലെ ഞങ്ങളുടെ മുസ് ലിം സഹോദരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുകയാണ്. അവരുടെ സ്വത്തുക്കളെല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത് ഞങ്ങളെ വളരെയേറെ വേദനിപ്പിക്കുന്നു. അതിനാലാണ് ഞങ്ങള്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്'- സംഘാടകരിലൊരാളായ പണ്ഡിറ്റ് മുകേഷ് കുമാര്‍ പറഞ്ഞു. അതിനാല്‍ ഈ വര്‍ഷത്തെ ഹോളി തീര്‍ത്തും ലളിതമായാണ് ആഘോഷിക്കുക. മതപരമായ ചടങ്ങുകള്‍ മാത്രമാണ് ആഘോഷത്തില്‍ ഉണ്ടാവുകയെന്നും വര്‍ണം വിതറുന്നതുള്‍പെടെ സാധാരണ ഉണ്ടാവാറുള്ള ഒരു ആഘോഷവും ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
53 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹി അക്രമങ്ങള്‍ തങ്ങളുടെ ആഘോഷങ്ങളിലെ സന്തോഷമെല്ലാം തകര്‍ത്തുകളഞ്ഞെന്ന് ഇവര്‍ പറഞ്ഞു.
പാകിസ്താനിലെ രണ്ട് ശതമാനം മാത്രം വരുന്ന ഹിന്ദു സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ഹോളി. നിറങ്ങള്‍ വാരിയെറിഞ്ഞും മധുര പലഹാരങ്ങള്‍ വിതരണം ചെയ്താണ് സാധാരണ ഇവര്‍ ഹോളി ആഘോഷിക്കാറ്.
ന്യൂനപക്ഷങ്ങളോട് മോശമായി പെരുമാറുന്ന മോദി സര്‍ക്കാറിന്റെ നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് യു.എന്നിനോടും ലോകരാജ്യങ്ങളോടും ഇവര്‍ ആവശ്യപ്പെട്ടു. മുസ്‌ലിങ്ങളുടേയും മറ്റു മതങ്ങളില്‍ പെട്ടവരുടേയും അവകാശത്തിനായി എഴുന്നേറ്റ് നില്‍ക്കണമെന്ന് ഇന്ത്യയിലെ ഹിന്ദു സഹോദരങ്ങളോട് ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."