പ്രാര്‍ഥിച്ച് ജോസഫ്; മാണിയും
തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമായതോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ വിഭാഗീയത മറനീക്കി പുറത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ് കൂടി വേണമെന്നാവശ്യപ്പെട്ടുള്ള തര്‍ക്കത്തിലാണ് കെ.എം മാണിയുടെ നേതൃത്വത്തിലുള്ളവരും പി.ജെ ജോസഫിനൊപ്പം നില്‍ക്കുന്നവരും തുറന്ന പോരിലേക്ക് നീങ്ങുന്നത്.
പാര്‍ട്ടി എം.പി ജോസ് കെ. മാണി കേരളയാത്ര നടത്തുന്നതിനിടെ ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് പ്രാര്‍ഥനാ യജ്ഞം നടത്തി. കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റിന് അര്‍ഹതയുണ്ടെന്നും ലയനം കൊണ്ട് വലിയ ഗുണമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും ജോസഫ് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ജോസ് കെ. മാണിയുടെ കേരളയാത്ര പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാതെയാണെന്ന് ജോസഫ് പറഞ്ഞതും ശ്രദ്ധേയമായി. ഫ്രാന്‍സിസ് കെ. ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ് അടക്കം പുറത്തുള്ള കക്ഷികളുമായി കൈകോര്‍ക്കുമോ എന്ന ചോദ്യത്തിന് നോക്കാമെന്നും ജോസഫ് പറഞ്ഞിരുന്നു.
ശത്രു പക്ഷത്തായിരുന്ന പി.സി ജോര്‍ജ് കൂടി ഇന്നലെ പ്രാര്‍ഥനാ യോഗത്തില്‍ എത്തിയതോടെ പിളര്‍പ്പിന്റെ സാധ്യതകള്‍ ശക്തമായിട്ടുണ്ട്. മാണിക്കെതിരേ കടുത്ത പരാമര്‍ശങ്ങള്‍ നടത്തി പുറത്തുപോയ പി.സി ജോര്‍ജും ജോസഫും തമ്മിലുള്ള ഒത്തുചേരല്‍ പുതിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കുന്നത്. യു.ഡി.എഫിന്റെ ഭാഗമാകാനായി ശ്രമിക്കുന്ന പി.സി ജോര്‍ജ് പ്രാര്‍ഥനാ യജ്ഞത്തിന് എത്തിയതില്‍ ജോസഫിനൊപ്പം നില്‍ക്കുന്ന ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഇപ്പോഴുണ്ടായ ഭിന്നിപ്പിലൂടെ കേരള കോണ്‍ഗ്രസിനൊപ്പം ചേരാന്‍ കിട്ടുന്ന അവസരമാണ് ജോര്‍ജ് പ്രാര്‍ഥനാ യജ്ഞത്തില്‍ പങ്കെടുത്തുകൊണ്ട് ഉപയോഗിച്ചത്.
മുന്‍കാലങ്ങളില്‍ പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തിലെത്തിയപ്പോഴൊക്കെ ജോസഫ് ഗാന്ധിജി സ്റ്റഡി സെന്ററിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രാര്‍ഥനാ യജ്ഞത്തിനും പ്രാധാന്യമുണ്ട്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പക്ഷക്കാരായ എന്‍. ജയരാജ് എം.എല്‍.എ, തോമസ് ഉണ്ണിയാടന്‍, സി.എഫ് തോമസ് എം.എല്‍.എ എന്നിവരും പ്രാര്‍ഥനാ യജ്ഞത്തിന് പിന്തുണയുമായി വേദിയിലെത്തിയെന്നതും ശ്രദ്ധേയമാണ്.
ജോസഫ് ഗ്രൂപ്പുകാരായ മോന്‍സ് ജോസഫ് എം.എല്‍.എ, ടി.യു കുരുവിള അടക്കമുള്ള നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. രണ്ടു സീറ്റെന്ന തന്റെ വാദത്തില്‍നിന്നു പിന്നോട്ടില്ലെന്ന ശക്തമായ സൂചനയാണ് ജോസഫ് ഇതിലൂടെയെല്ലാം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."