റേഷന്‍ കാര്‍ഡില്‍ മുന്‍ഗണനയില്ല; തകര്‍ന്നുവീഴാറായ വീടുകളില്‍ ഭയപ്പാടോടെ അന്തിയുറക്കം
പള്ളിക്കല്‍: തകര്‍ന്ന ലക്ഷംവീടുകളില്‍ താമസിക്കുന്നവര്‍ അന്തിയുറങ്ങുന്നതു ഭയപ്പാടോടെ. പള്ളിക്കല്‍ സലാമത്ത് നഗറിനു സമീപത്തെ ലക്ഷംവീട് കോളനിയില്‍ താമസിക്കുന്നവര്‍ക്കാണ് ഈ ദുര്‍ഗതി. 45 വര്‍ഷത്തോളം പഴക്കമുണ്ട് സര്‍ക്കാര്‍ നാല് സെന്റ് വിതം സ്ഥലത്ത് അനുവദിച്ചുനല്‍കിയ ഈ കോളനിക്ക്.
അഞ്ച് ഇരട്ട വീടുകളുടെ ഇരു ഭാഗത്തായി 10 കുടുംബംഗള്‍ ഉള്‍പ്പെടെ 19 കുടുംബങ്ങളാണ് ഈ കോളനിയില്‍ താമസിക്കുന്നത്. ഇതില്‍ എട്ടു വിധവകളും നിത്യ രോഗികളുമുണ്ട്. കാലപ്പഴക്കംമൂലം ഓടുമേഞ്ഞ വീടുകളുടെ മേല്‍ക്കൂരയും ചുമരും വാതിലുകളുമുള്‍പ്പെടെ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ശക്തമായ കാറ്റടിച്ചാല്‍ വീടിനു പുറത്തിറങ്ങി നില്‍ക്കേണ്ട അവസ്ഥയാണെന്നും ഭയപ്പാടോടെയാണ് അന്തിയുറങ്ങുന്നതെന്നുമാണ് കോളനി നിവാസികള്‍ പറയുന്നത്.
തകര്‍ന്ന വീട് നന്നാക്കാന്‍ ഗതിയില്ലാതെ സ്വന്തം വീട് ഉപേക്ഷിച്ച് വാടകവീട്ടിലേക്കും ബന്ധുക്കളുടെ വീട്ടിലേക്കും താമസംമാറിവരും കൂട്ടത്തിലുണ്ട്. കോളനിയില്‍ രണ്ടു വീടുകള്‍ ചില സംഘടനകളുടെ സഹായത്താല്‍ പുതുക്കിപ്പണിതു. ഈ വര്‍ഷത്തിനുള്ളില്‍ ഒരു വീടിനു സര്‍ക്കാരില്‍നിന്നു സഹായം ലഭിച്ചതൊഴിച്ചാല്‍ നിരവധി തവണ അപേക്ഷ നല്‍കിയിട്ടും മറ്റു കുടുംബങ്ങള്‍ക്കു യാതൊരു സഹായവും ലഭിച്ചിട്ടില്ല.
പാവപ്പെട്ടവര്‍ മാത്രം താമസിക്കുന്ന ഈ ലക്ഷം വീട് കോളനിയിലുമുണ്ട് റേഷന്‍ കാര്‍ഡില്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത നിരവധി പേര്‍. റേഷന്‍ നഷ്ടപ്പെടാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇവരിപ്പോള്‍. ലിസ്റ്റില്‍ പേരു വന്നില്ലെങ്കില്‍ മറ്റ് ആനുകൂല്യങ്ങളും നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."