പത്തനംതിട്ട പിടിക്കാന്‍ ശബരിമല കയറണം
#ടി.എസ് നന്ദു
8589984493
ശബരിമല യുവതീപ്രവേശന വിഷയം അച്ചുതണ്ടാകുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പത്തനംതിട്ട മണ്ഡലത്തില്‍ സജീവം. നിരവധി പേരുകള്‍ ഉയരുന്നുണ്ടെങ്കിലും എല്ലാം അഭ്യൂഹങ്ങളും മാധ്യമ സൃഷ്ടികളും മാത്രമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി നേതൃത്വങ്ങള്‍.
കോണ്‍ഗ്രസിനു വേണ്ടി ആന്റോ ആന്റണി വീണ്ടും മത്സരത്തിനിറങ്ങുമെന്ന വാര്‍ത്ത വളരെ നേരത്തേ തന്നെ മണ്ഡലത്തില്‍ വ്യാപിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നയം വ്യക്തമാക്കുന്നില്ല.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയെ പഴിചാരി കഴിഞ്ഞതവണത്തെ തോല്‍വിയെ ന്യായീകരിച്ച സി.പി.എം അനുയോജ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. സി.പി.എം സീറ്റ് കൈമാറിയാല്‍ ജനതാദള്‍- എസിന്റെ മാത്യു ടി. തോമസ് എം.എല്‍.എയ്ക്കായിരിക്കും സാധ്യത. ഇല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി മുന്‍ എം.എല്‍.എ കെ.ജെ തോമസിനും. അടുത്തകാലത്ത് ഇടതുമുന്നണിയില്‍ എത്തിയ ജനാധിപത്യ കേരളാ കോണ്‍ഗ്രസും സീറ്റില്‍ കണ്ണുവച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ തവണ ആറന്മുള ആയിരുന്നെങ്കില്‍ ഇത്തവണ വീണുകിട്ടിയ ശബരിമല വിഷയത്തെ ആര്‍.എസ്.എസ് സഹായത്തോടെ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന ഉത്തമ വിശ്വാസത്തിലാണ് ബി.ജെ.പി. ഈ സാഹചര്യത്തില്‍ 2014ല്‍ സ്ഥാനാര്‍ഥിയായ എം.ടി രമേശിനെത്തന്നെ പരീക്ഷിക്കാനാണ് സാധ്യത. ചുരുക്കത്തില്‍ ശബരിമല പ്രധാന വിഷയമാകുമ്പോള്‍ ഈ തെരഞ്ഞെടുപ്പ് പത്തനംതിട്ടയില്‍ എല്ലാവര്‍ക്കും 'പ്രസ്റ്റീജ്' പ്രശ്‌നമായി മാറിയിരിക്കുകയാണ്.
നിരവധി ഒത്തുതീര്‍പ്പുകള്‍ക്കു ശേഷമാണ് 2014ല്‍ രണ്ടാം അങ്കത്തിന് ആന്റോ ആന്റണി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രംഗത്തെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ സി.പി.എമ്മിന്റെ അഡ്വ. പിലിപ്പോസ് തോമസിനെ അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
അതേസമയം, ആറന്മുള വിമാനത്താവള വിഷയം സജീവമാക്കി നേട്ടം കൊയ്യാമെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ എം.ടി രമേശിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി മണ്ഡലം അതിന്റെ പൊതുരാഷ്ട്രീയ നിലപാട് വ്യക്തമാക്കി. ജയിച്ചെങ്കിലും 2009ല്‍ കിട്ടിയതിനേക്കാള്‍ 49,390 വോട്ടുകള്‍ 2014ല്‍ ആന്റോയ്ക്ക് കുറവായിരുന്നു. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പുകളിയും വോട്ട് വിഹിതം കുറച്ചെന്ന് നേതാക്കള്‍തന്നെ സമ്മതിക്കുന്നു.
ഇത്തവണയും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം ഉടലെടുത്തെന്നാണ് വിവരം. മൂന്നാം അങ്കത്തിന് മോഹിക്കുന്ന ആന്റോ ആന്റണിക്കുതന്നെ സാധ്യത കല്‍പിക്കപ്പെടുമ്പോള്‍ മണ്ഡലത്തിനു പുറത്തുള്ളയാളെ സ്ഥാനാര്‍ഥിയാക്കരുതെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മൂന്നു ജില്ലാ നേതാക്കള്‍ എ.ഐ.സി.സി സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന് കത്തു നല്‍കിയിട്ടുണ്ട്. മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. പി. മോഹന്‍രാജിനെ പരിഗണിക്കണമെന്നാണ് ആവശ്യം. അതിനിടെ ജില്ലയിലെ മുതിര്‍ന്ന നേതാവും രാജ്യസഭ മുന്‍ ഉപാധ്യക്ഷനുമായ പ്രൊഫ. പി.ജെ കുര്യനും മത്സരിക്കാന്‍ ആഗ്രഹമുണ്ടത്രെ. എന്നാല്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ മാത്രം കളത്തിലിറങ്ങിയാല്‍ മതിയെന്നാണ് കുര്യന്റെ തീരുമാനം. എന്നാല്‍ ഉടക്കി നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട് കുര്യന്റെ കാര്യത്തില്‍ നിര്‍ണായകമാകും. നേരത്തെ മുന്‍ മന്ത്രിയും കോന്നി എം.എല്‍.എയുമായ അടൂര്‍ പ്രകാശ് പത്തനംതിട്ട സീറ്റില്‍ നോട്ടമിട്ടെങ്കിലും ആറ്റിങ്ങലില്‍ മത്സരിപ്പിക്കാനുള്ള ധാരണയെ തുടര്‍ന്ന് അദ്ദേഹം പിന്മാറിയിരുന്നു.
'ശബരിമല'യില്‍ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ സാധ്യതയുണ്ടെന്ന വിശ്വാസത്തിലാണ് ഇത്തവണത്തെ മത്സരത്തിനായി ബി.ജെ.പി മണ്ണൊരുക്കുന്നത്. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയും സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളും സംഘടിപ്പിച്ച സമരങ്ങളില്‍ രാഷ്ട്രീയം മറന്ന് ഭക്തര്‍ പങ്കെടുത്തെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. ഇതു വോട്ടാക്കി മാറ്റാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. ശബരിമല ഉള്‍പെടുന്ന മണ്ഡലമായ ഇവിടെയായിരിക്കും യുവതീപ്രവേശന വിഷയം കൂടുതല്‍ പ്രതിഫലിക്കുകയെന്നും പാര്‍ട്ടി കരുതുന്നു. കൂടാതെ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും രാഷ്ട്രീയമായി ബി.ജെ.പിക്കും ശക്തമായ അടിത്തറയുള്ള മണ്ഡലവുമാണ്. എന്നാല്‍ ശബരിമല വിവാദത്തിനു ശേഷം മണ്ഡലത്തിലെ രണ്ട് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നിലംതൊട്ടില്ലെന്ന വസ്തുതയും നിലനില്‍ക്കുന്നു.
ഇവിടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം.ടി രമേശിനു തന്നെയാണ് സാധ്യത എങ്കിലും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേരും അന്തരീക്ഷത്തില്‍ ഉയരുന്നുണ്ട്. എന്നാല്‍ ശബരിമല ഉള്‍പെടുന്ന മണ്ഡലത്തില്‍ ശബരിമല വിഷയത്തില്‍ നേരിട്ടിടപെട്ട നേതാവെന്ന നിലയില്‍ രമേശിനോടാണ് ജില്ലാ നേതൃത്വത്തിനും മമത. അതേസമയം, ക്രിസ്തീയ സഭകള്‍ക്ക് അടിത്തറയുള്ള മണ്ഡലത്തില്‍ സഭാപിന്തുണ നേടാന്‍ കണ്ണന്താനത്തിനെ രംഗത്തിറക്കണമെന്നും ആവശ്യമുണ്ട്.
തികച്ചും വിഭിന്നമായ സാഹചര്യമാണ് ഇടതുമുന്നണിയില്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. നിലവില്‍ സി.പി.എമ്മിന്റെ പക്കലുള്ള സീറ്റിന് അവകാശവാദം ഉന്നയിക്കാന്‍ ജനതാദള്‍- എസ്. തീരുമാനിച്ചതാണ് ഏറ്റവും പുതിയ സംഭവം. ഇത് അനുവദിച്ചാല്‍ മുന്‍ മന്ത്രിയും നിലവില്‍ തിരുവല്ല എം.എല്‍.എയുമായ അഡ്വ. മാത്യു ടി. തോമസാകും സ്ഥാനാര്‍ഥി. സീറ്റ് വിട്ടുകൊടുത്തില്ലെങ്കില്‍ സി.പി.എം മുന്‍ കോട്ടയം ജില്ലാ സെക്രട്ടറിയും കാഞ്ഞിരപ്പള്ളി മുന്‍ എം.എല്‍.എയും ആയിരുന്ന കെ.ജെ തോമസിന് നറുക്കു വീഴും. ജനാധിപത്യ കേരളാ കോണ്‍ഗ്രസും സീറ്റ് മോഹിക്കുന്നുണ്ട്. ആവശ്യം ഉന്നയിക്കില്ലെങ്കിലും സി.പി.എം നേതൃത്വത്തെ പാര്‍ട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് സീറ്റ് താല്‍പര്യം അറിയിക്കുമത്രേ. അതിനിടെ പി.എസ്.എസി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ റോഷന്‍ റോയ് മാത്യുവിന്റെ പേരും ചര്‍ച്ചയില്‍ സജീവമാണ്.
ശബരിമല വിഷയത്തില്‍ പ്രതിക്കൂട്ടില്‍ ആരെന്ന ചോദ്യമാവും മൂന്നു വശത്തുനിന്നും ഉയരുന്നത്. അതിന്റെ ഉത്തരമായിരിക്കും തെരഞ്ഞെടുപ്പെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."