മലപ്പുറം കാന്‍സര്‍ സെന്റര്‍: നടപടി ഒന്നുമായില്ലെന്ന് സര്‍ക്കാര്‍
മലപ്പുറം: മലപ്പുറം കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഒന്നുമായിട്ടില്ലെന്നു സര്‍ക്കാര്‍. സെന്ററിനു സഹായം നല്‍കുന്നതും സ്ഥലമേറ്റെടുക്കുന്നതുമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം പി. ഉബൈദുല്ല എം.എല്‍.എയ്ക്കു നിയമസഭയില്‍നിന്നു കിട്ടിയ മറുപടി.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലും കാന്‍സര്‍ സെന്ററിനു തുക അനുവദിച്ചിരുന്നില്ല. കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി അധ്യക്ഷനായ ഗവേണിങ് ബോഡി യോഗം ചേരുക മാത്രമാണ് ചെയ്തിട്ടുള്ളത്. മലപ്പുറം കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ പാണക്കാട് ഇന്‍കെല്‍ പാര്‍ക്കിലെ 25 ഏക്കര്‍ ഭൂമിയില്‍ തുടങ്ങുമെന്നറിയിച്ചിരുന്ന കേന്ദ്രമാണ് ഇപ്പോഴും തറക്കല്ലില്‍ ഒതുങ്ങിനില്‍ക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് കാന്‍സര്‍ സെന്റര്‍ ആരംഭിക്കുന്നതിനായി 25 ഏക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. തുടര്‍ന്നു കാന്‍സര്‍ സെന്ററിന്റെ തറക്കല്ലിടലും നടത്തിയിരുന്നു. എന്നാല്‍, തറക്കല്ലിട്ട് ഒന്നര വര്‍ഷമായെങ്കിലും നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങുന്നതിനാവശ്യമായ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ഭൂമി കൈമാറ്റം ഉടന്‍ പൂര്‍ത്തിയാക്കി മൂന്നു വര്‍ഷത്തികം ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു ശിലാസ്ഥാപന സമയത്ത് അറിയിച്ചിരുന്നത്.
ലോകത്തെ മികച്ച കാന്‍സര്‍ ചികിത്സാ സാങ്കേതിക ഉപകരണങ്ങള്‍ ഘട്ടംഘട്ടമായി സ്ഥാപിക്കാനായി ഉദ്ദേശിച്ചിരുന്ന കേന്ദ്രം ഒന്നുമാകാത്ത അവസ്ഥയിലാണിപ്പോള്‍. 340 കോടി രൂപ ചെലവിലാണ് കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാനുദ്ദേശിച്ചിരുന്നത്. കാന്‍സര്‍ തുടക്കത്തില്‍തന്നെ കണ്ടെത്തുന്നതിനും മികച്ച ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു.
ആധുനിക രോഗനിര്‍ണയ ഉപകരണങ്ങളും സംവിധാനങ്ങളും മികച്ച ലാബോറട്ടറി, ബ്ലഡ് ബാങ്ക്, മൂന്ന് റേഡിയേഷന്‍ മെഷീനുകള്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്‌സ്റ്റെം സെല്‍, ഡയാലിസിസ് സംവിധാനങ്ങള്‍, കാന്‍സര്‍ ഭേദമായി അംഗവൈകല്യമുള്ളവരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രം എന്നിവ ലക്ഷ്യമിട്ടാണ് മലപ്പുറത്ത് ഇതു സ്ഥാപിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികളുള്ള ജില്ലകളിലൊന്നായ മലപ്പുറത്തിനു കേന്ദ്രം യാഥാര്‍ഥ്യമായാല്‍ വലിയ ആശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."