ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; ഡോ.വി. വേണു റവന്യൂ സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്തും അഴിച്ചുപണി നടത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണുവിനെ റവന്യൂ, ദുരന്തനിവാരണ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.
റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് മാറ്റം. വനം, വന്യജീവി വകുപ്പ് ഒഴികെയുള്ള അധിക ചുമതലകള്‍ തുടര്‍ന്നും വി. വേണു നിര്‍വഹിക്കും. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയരക്ടര്‍ ബി.എസ് തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയരക്ടറായി നിയമിച്ചു. പത്തനംതിട്ട എ.ഡി.എം വി.ആര്‍ പ്രേംകുമാറിനെ ഹയര്‍സെക്കന്ററി ഡയരക്ടരായും നിയമിച്ചു. അസാപ് സി.ഇ.ഒയുടെ അധിക ചുമതല തുടര്‍ന്നും അദ്ദേഹം വഹിക്കും. ജലനിധി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെ. ഗോപാലകൃഷ്ണനെ പൊതുഭരണം (എ.ഐ.എസ്) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. ജലനിധി എക്‌സിക്യൂട്ടീവ് ഡയരക്ടരുടെ അധിക ചുമതലയും ഇദ്ദേഹം വഹിക്കും. ആസൂത്രണ സാമ്പത്തികകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലകിന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ വനം, വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കും. എസ്.സി, എസ്.ടി വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിഹ്നയ്ക്ക് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ പൊതുഭരണവകുപ്പിന്റെ അധിക ചുമതല നല്‍കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിന് ഊര്‍ജം, പരിസ്ഥിതി വകുപ്പുകളുടെ അധിക ചുമതലകള്‍ നല്‍കാനും തീരുമാനിച്ചു.
മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എക്‌സ്. അനില്‍ വിരമിക്കുന്ന മുറയ്ക്ക് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ സിങിന് അദ്ദേഹം വഹിച്ചിരുന്ന എല്ലാ വകുപ്പുകളും അധിക ചുമതലയായി നല്‍കും. സാമൂഹ്യനീതി വകുപ്പ് ഡയരക്ടര്‍ ജാഫര്‍ മാലികിന് ആസൂത്രണ സാമ്പത്തികകാര്യ ഡെപ്യൂട്ടി സെക്രട്ടറി, സി.പി.എം.യു ഡയരക്ടര്‍ എന്നീ വകുപ്പുകളുടെ അധികചുമതലകള്‍ നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."