കക്കൂസ് മാലിന്യം പുഴയില്‍ തള്ളിയ സംഭവം; മൂന്നു പേര്‍കൂടി അറസ്റ്റില്‍
നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ കക്കൂസ് മാലിന്യം പുഴയില്‍ തള്ളിയ സംഭവത്തില്‍ മൂന്നു പേരെക്കൂടി പൊലിസ് അറസ്റ്റ് ചെയ്തു. വാഹന ഡ്രൈവര്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശി മൂര്‍ഖന്‍ പറമ്പ് വെളി പ്രശാന്ത് (27), കോട്ടയം ജില്ലയിലെ വൈക്കം കൊടവച്ചൂര്‍ സ്വദേശി ഗിരിലാല്‍ ഭവനില്‍ ഗിരിലാല്‍ (30), പെരുന്ന ചങ്ങനാശ്ശേരി സ്വദേശി പൂപ്പുറത്ത് ആന്റണി ബാബു എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. മാലിന്യം നീക്കാന്‍ കരാറെടുത്ത ചേര്‍ത്തല മാടായിത്തറ കൊച്ചുവേളി അരുണ്‍, തണ്ണീര്‍മുക്കം കളത്തില്‍ പ്രജിഷ് എന്നിവരെ തിങ്കളാഴ്ച കോടതില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഞായറാഴ്ച വടപുറം പാലത്തിനു സമീപം കുതിരപ്പുഴയില്‍ ജില്ലാ ആശുപത്രിയില്‍നിന്നുള്ള മാലിന്യം തട്ടുന്നതിനിടയിലാണ് ഇവര്‍ ഉപയോഗിച്ചിരുന്ന ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടത്. മാലിന്യം തള്ളുന്നതിനിടെ നാട്ടുകാര്‍ സംഭവമറിഞ്ഞെത്തിയതോടെ ലോറി പെട്ടെന്നു തിരിച്ചുവിടാന്‍ നടത്തിയ ശ്രമത്തിനിടയിലാണ് നിയന്ത്രണംവിട്ടു മുപ്പതടിയോളം താഴ്ചയിലേക്കു മറിഞ്ഞത്.
ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിട നിര്‍മാണത്തിനായി സെപ്റ്റിക് ടാങ്കുകള്‍ പൊളിച്ചുനീക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് കക്കൂസ് മാലിന്യം നീക്കംചെയ്യാനായി കരാറുകാരെ ഏല്‍പ്പിച്ചത്. മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കണമെന്നു കരാറിലുണ്ടെങ്കിലും ജോലി എളുപ്പമാക്കാനാണ് ഇവര്‍ മാലിന്യം പുഴയില്‍ നിക്ഷേപിച്ചത്. രണ്ടാമത്തെ ലോഡ് തട്ടുന്നതിനിടയിലാണ് നാട്ടുകാര്‍ വിവരമറിഞ്ഞെത്തിയത്. അപകടത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന പ്രശാന്ത്, ഗിരിലാല്‍, ആന്റണി ബാബു എന്നിവരെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്നാണ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്.
മാലിന്യം പുഴയില്‍ ഒഴുക്കിയതിനെ തുടര്‍ന്നു മമ്പാട് പഞ്ചായത്തിലും വടപുറം പ്രദേശത്തും കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധന ഇന്നലെ നടന്നു. ഒരാഴ്ചയ്ക്കകം ഫലംവന്ന ശേഷമേ ജലവിതരണം പുനഃസ്ഥാപിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."