മാധ്യമങ്ങൾക്കെതിരായ ഭരണകൂട നീക്കങ്ങൾ ഭീരുത്വം; സംസ്‌കൃതി പ്രത്യാക്ഷേപ സദസ്സ് സംഘടിപ്പിച്ചു
റിയാദ്: ഏഷ്യാനെറ്റിനും മീഡിയ വണിനും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കേർപ്പെടുത്തിയ നടപടി ഭീരുത്വമാണെന്ന് റിയാദ് മലപ്പുറം ജില്ല കെ എം സി സി സംസ്‌കൃതി സംഘടിപ്പിച്ച പ്രത്യാക്ഷേപ സദസ്സ് അഭിപ്രായപ്പെട്ടു. ബത്ഹ ന്യൂ സഫാമക്ക പോളിക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന സദസ്സ് സൗദി കെ എം സി സി സുരക്ഷാ സമിതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഷ്റഫ് കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു.
ഭരണഘടനാപരമായ പൗരന്റെ അറിയാനുള്ള അവകാശമാണ് മാധ്യമങ്ങൾ നിർവ്വഹിച്ചത്. ഡൽഹി കലാപത്തിന്റെ ശരിയായ വസ്തുതകളാണ് മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ നൽകിയ വാർത്തകളിൽ ആർ.എസ്.എസിനെ വിമർശിക്കുകയും വാർത്തകളിൽ തുല്യത കാണിക്കുകയും ചെയ്തില്ലെന്ന കുറ്റമാണ് മന്ത്രാലയം കണ്ടെത്തിയത്. ഇതേ രീതിയിൽ വാർത്തകൾ പ്രക്ഷേപണം ചെയ്ത ദേശീയ മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. നിരന്തരം ഫാസിസ്റ്റ് ഭരണകൂടം സ്വീകരിക്കുന്ന ഇത്തരം അന്യായങ്ങൾക്കെതിരെ ജനാധിപത്യ രീതിയിലുള്ള ചെറുത്ത് നിൽപ്പാണ് പരിഹാരമെന്ന് റിയാദ് മീഡിയ ഫോറം പ്രസിഡന്റ് വി.ജെ.നസ്റുദ്ധീൻ അഭിപ്രായപ്പെട്ടു.
മാധ്യമങ്ങൾക്ക് വിലക്കേർപെടുത്തിയത് വകുപ്പ് മന്ത്രിയുടെയോ മന്ത്രാലയത്തിന്റെയോ അറിവോടെയാണെന്ന് വിശ്വസിക്കാൻ കഴിയില്ല. ബി.ജെ.പി.യുടെ രാഷ്ട്രീയവും ഭരണപരവുമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ആർ. എസ്.എസ്സാണ്. അവരുടെ അജണ്ടയാണ് മാധ്യമങ്ങൾക്കെതിരെയുള്ള ഈ നീക്കത്തിന്റെ പിറകിലെന്നും മാധ്യമപ്രവർത്തകൻ നജീം കൊച്ചുകലുങ്ക് അഭിപ്രായപ്പെട്ടു. ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ നിലയുറപ്പിച്ച മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഈ നീക്കത്തിൽ പ്രത്യേകിച്ച് ഒരത്ഭുതവും തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്ന ഭരണകൂട നീക്കം ഭരണഘടനാ ലംഘനമാണ്. എത്ര നിയന്ത്രണങ്ങൾ കൊണ്ട് വന്നാലും പോരാട്ടങ്ങൾ അവസാനിക്കില്ല. ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കുവാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും തുടർന്ന് സംസാരിച്ച മാധ്യമപ്രവർത്തകരായ ജയൻ കൊടുങ്ങല്ലൂർ, സുലൈമാൻ ഊരകം, ഷംനാദ് കരുനാഗപ്പള്ളി എന്നിവർ അഭിപ്രായപ്പെട്ടു.
സലീം മൂസ മലപ്പുറം, അലവിക്കുട്ടി ഒളവട്ടൂർ, മുഹമ്മദ് വേങ്ങര, സത്താർ താമരത്ത്, ഉസ്മാനാലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, അഡ്വ. അനീർ ബാബു, നാസർ മാങ്കാവ്, കുഞ്ഞിപ്പ തവനൂർ, അസീസ് വെങ്കിട്ട, ഷൗക്കത്ത് കടമ്പോട്ട്, യൂനുസ് കൈതക്കോടൻ, ശരീഫ് അരീക്കോട്, എന്നിവർ പ്രസംഗിച്ചു. കൺവീനർ ഷാഫി ചിറ്റത്തുപാറ സ്വാഗതവും ഷാഫി കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."