സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് കുറവില്ല
മലപ്പുറം: വീണ്ടും ഒരു ലോക വനിതാദിനം എത്തുമ്പോള്‍ ജില്ലയിലെ സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ക്കു കുറവില്ല. 2007 മുതല്‍ 2016 വരെയുള്ള പത്തുവര്‍ഷം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 12,068 കേസുകളാണ്. അതിക്രമം തടയാന്‍ വിവിധ തലങ്ങളില്‍ നടപടി പുരോഗമിക്കുമ്പോഴും ഒരോ വര്‍ഷവും കേസുകളുടെ എണ്ണം കൂടുന്നുവെന്ന് സംസ്ഥാന പൊലിസിന്റെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2007ല്‍ 916ഉം 2016ല്‍ 1,406ഉം കേസുകളാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിനിടയിലുള്ള വര്‍ഷങ്ങളില്‍ അതിക്രമ കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ക്കുകയാണ്. ബലാത്സംഗം, ദേഹോപദ്രവം എന്നിവയുടെ എണ്ണമാണ് ഭീകരമായ രീതിയില്‍ വര്‍ധിച്ചുവരുന്നത്. ഈ വര്‍ഷം ജില്ലയില്‍ നടന്ന കേസുകളില്‍ ഏറ്റവും കൂടുതലുള്ളത് ദേഹോപദ്രവ കേസുകളാണ്. 275 സ്ത്രീകളാണ് ഇത്തരത്തില്‍ അക്രമത്തിനിരയായത്.
അതിക്രമങ്ങള്‍ ഇങ്ങനെ:
♦ 2007-916
♦ 2008-935
♦ 2009-923
♦ 2010-1,102
♦ 2011-1,211
♦ 2012-1,264
♦ 2013-1,380
♦ 2014-1,457
♦ 2015-1,474
♦ 2016-1,406
പത്തു വര്‍ഷത്തിനിടെ 849 ബലാത്സംഗ കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു. പൊലിസിന്റെ പഠനപ്രകാരം വീട്ടമ്മമാരാണ് ഇത്തരം കേസുകള്‍ക്ക് ഇരയാകുന്നതില്‍ അധികവും. നിര്‍ഭയ പോലുള്ള സംവിധാനങ്ങള്‍ നിലവില്‍വന്നതോടെ കേസുകളില്‍ അല്‍പം കുറവുവന്നുവെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍, അക്രമങ്ങളില്‍ കാര്യമായ കുറവൊന്നുമില്ല. 2007ല്‍ 41 ബലാത്സംഗ കേസുകള്‍ ഉണ്ടായിരുന്ന ജില്ലയില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്് 160 കേസുകളാണ്.
കഴിഞ്ഞ വര്‍ഷത്തെ അതിക്രമങ്ങള്‍:
- ബലാത്സംഗം – 160
- ദേഹോപദ്രവം – 275
- തട്ടിക്കൊണ്ടുപോകല്‍ – 4
- പൂവാലശല്യം – 20
- സ്ത്രീധന മരണം – 1
- ഗാര്‍ഹിക പീഡനം – 436
- മറ്റു കുറ്റകൃത്യങ്ങള്‍ – 510
ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തിന്റെ എണ്ണം ഞെട്ടിക്കുന്നതാണ്. പത്തു വര്‍ഷത്തിനിടെ 5,724 സ്ത്രീകളാണ് ഇത്തരത്തിലുള്ളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഗാര്‍ഹിക പീഡന കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷവും ജില്ലയില്‍ 436 സ്ത്രീകള്‍ ഇത്തരത്തില്‍ അതിക്രമങ്ങള്‍ക്ക് ഇരയായി. കേസുകളാകാതെ പോകുന്ന അക്രമങ്ങളും ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."