നെല്ലിന്റെ നാട്ടില്‍ ചോളവും കടലയും; മലയാളികളെ കടത്തിവെട്ടി തമിഴ്‌നാട്ടുകാരന്‍ അര്‍ജുനന്‍
തിരൂരങ്ങാടി: മലയാളി കാണാതെപോയ വരള്‍ച്ച തമിഴന്‍ തിരിച്ചറിഞ്ഞു. നെല്‍പ്പാടത്ത് വിളയിച്ചത് ചോളവും നിലക്കടലയും. തമിഴ്‌നാട് അരിയല്ലൂര്‍ സ്വദേശിയായ അര്‍ജുനന്‍ (49) ആണ് നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് പള്ളിക്കത്തായം വയലില്‍ തമിഴ്‌നാട് മാതൃകയില്‍ കൃഷിനടത്തി ചരിത്രം തിരുത്തിയത്.
ഇവയ്ക്കു പുറമേ പച്ചക്കറിയും കൃഷിയിടത്തിലുണ്ട്. പതിനഞ്ചു വര്‍ഷം മുന്‍പു തിരുരങ്ങാടി ചെറുമുക്കില്‍ കൂലിപ്പണിതേടി എത്തിയതാണ് അര്‍ജുനന്‍. രാവിലെ മുതല്‍ വൈകിട്ട് നാലുവരെ കൂലിപ്പണിക്കു പോകുന്ന ഇദ്ദേഹം കഴിഞ്ഞു ബാക്കിയുള്ള സമയത്താണ് കാര്‍ഷികവൃത്തിയിലേക്ക് ഇറങ്ങിയത്. ന്യൂകട്ട് പാറയില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കാന്‍ വൈകിയതോടെ വെഞ്ചാലി വയലിലെയും കാപ്പിലെയും വെള്ളം കടലിലേക്കൊഴുകിപ്പോയിരുന്നു.
ഇതിന്റെ ഫലമായി ഇത്തവണ അഞ്ഞൂറ് ഏക്കറിലേറെ നെല്‍കൃഷിയാണ് വെള്ളം ലഭിക്കാതെ നശിച്ചത്. ചോര്‍പ്പെട്ടിയില്‍നിന്നു വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു കൃഷിയിറക്കിയതെങ്കിലും ചോര്‍പ്പെട്ടി പുഴയിലെ വെള്ളവും വറ്റിയതു കര്‍ഷകര്‍ക്കു തിരിച്ചടിയായി. എന്നാല്‍, അപകടം മുന്‍കൂട്ടിക്കണ്ട അര്‍ജുനന്‍ ഇത്തവണ നെല്‍കൃഷിക്കു പകരം ചോളം, നിലക്കടല, എള്ള് എന്നിവയിലേക്കു മാറുകയായിരുന്നു. തികച്ചും ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. വെള്ളം കൂടുതല്‍ ആവശ്യമില്ലാത്ത കൃഷി തൊണ്ണൂറു ദിവസംകൊണ്ട് വിളവെടുക്കും. തിരുരങ്ങാടി താഴെച്ചിന സ്വദേശി തടത്തില്‍ ഹംസയുടെ കീഴിലാണ് അര്‍ജുനന്‍ കൃഷിയില്‍ തുടക്കംകുറിച്ചത്.
അര്‍ജുനന് നാട്ടില്‍ ഭാര്യയും മൂന്നു മക്കളുമുണ്ട്. ഇവര്‍ക്കും നാട്ടില്‍ ഇതേ ക്യഷിതന്നെയാണെന്ന് അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."