കലയിലും കലാപം
പിറന്ന മണ്ണില്‍ നിവര്‍ന്നുനില്‍ക്കാനെങ്കിലും കാല്‍പാദങ്ങള്‍ക്കു കീഴില്‍ ഇത്തിരി മണ്ണില്ലാതായപ്പോള്‍, മണ്ണിന്റെ വിലപോലും മണ്ണിന്റെ മക്കള്‍ക്കു കൊടുക്കാതെ ഇടതു ഭരണകൂടം ആദിവാസികളെ ആട്ടിപ്പായിച്ചു. 'ഞങ്ങളെ വെടിവച്ചു കൊല്ലുക അല്ലെങ്കില്‍ ജീവിക്കാന്‍ ഭൂമി തരിക'യെന്ന് അന്ത്യ മുദ്രാവാക്യം മുഴക്കിയ ദലിത് യുവതികളെ ഇടതുസര്‍ക്കാരിന്റെ ഗുണ്ടകള്‍ കൂട്ട ബലാല്‍സംഗം ചെയ്യുകയും ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നയിച്ചിരുന്ന ചന്ദ്രലേഖയെന്ന ദലിത്‌സ്ത്രീ, മകനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിക്ക് തൊഴിലാളി യൂനിയനില്‍പെട്ടവരാല്‍ അകാരണമായി ആക്രമിക്കപ്പെട്ടിരുന്നു.
ഡി.എച്ച്.ആര്‍.എം വേട്ടയുടെ പേരില്‍ സുജയെന്ന ഗര്‍ഭിണിയായ സ്ത്രീയെ രാവിലെ പത്തുമണിക്ക് പോലിസ് സ്റ്റേഷനില്‍ കൊണ്ടുപോയി വൈകുന്നേരംവരെ ഇരിക്കാന്‍പോലും അനുവദിക്കാതെ അന്നപാനീയങ്ങള്‍ കൊടുക്കാതെ നടത്തിയ ചോദ്യം ചെയ്യലിലും ഭേദ്യം ചെയ്യലിലും രക്തസ്രാവമുണ്ടായി ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു.
നീതിക്കുവേണ്ടി അലഞ്ഞ നജീബിന്റെ ഉമ്മ തെരുവില്‍ വലിച്ചിഴക്കപ്പെടുകയും മക്കളുടെയോ ഭര്‍ത്താക്കന്മാരുടെയോ തിരോധാനം മൂലമോ അകാരണമായി വധിക്കപ്പെട്ടതിനാലോ നെഞ്ചുരുകി അമ്മമാരും സഹോദരിമാരും ജീവച്ഛവങ്ങളായി നമ്മുടെ നാട്ടില്‍ കഴിയുന്നുണ്ട്.
അപ്പോഴൊന്നും കണ്ണുനിറയാത്ത സ്ത്രീ സംരക്ഷണവാദികള്‍ സിനിമാതാരത്തെ തട്ടിക്കൊണ്ടു പോയതറിഞ്ഞു സംഹാരതാണ്ഡവമാടുന്നു!
സിനിമാനടിക്കുപോലും രക്ഷയില്ലേയെന്ന ചോദ്യംപോലും കേരളീയ മനസ്സിന്റെ വൈകൃതഭാവമാണ്. ഇതര മേഖലകളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ നല്‍കുന്നതിനേക്കാള്‍ വലിയ എന്തു സേവനമാണു സിനിമാ സെലിബ്രിറ്റികള്‍ നാടിനുവേണ്ടി ചെയ്യുന്നത്.
ഏതാനും വര്‍ഷംമുമ്പ്, ഒരു ഇന്റര്‍വ്യൂവില്‍ ഹിറ്റ്‌ലറാണ് തന്റെ ഇഷ്ടപുരുഷനെന്നു പറഞ്ഞ നടിയെയാണോ നമ്മുടെ പെണ്‍കുട്ടികള്‍ മാതൃകയാക്കേണ്ടത്.
വീട്ടില്‍ കിടന്നുറങ്ങുന്ന പെണ്‍കിടാങ്ങള്‍ക്കുപോലും സുരക്ഷിതജീവിതം സാധ്യമാകാത്ത ഇക്കാലത്ത്, വന്‍സ്രാവുകളായ കുറ്റവാളികളൊന്നും ശിക്ഷിക്കപ്പെടുകയില്ലെന്നതിനാല്‍ സ്ത്രീപീഡനങ്ങള്‍ക്ക് ഒരു കുറവുമുണ്ടാകില്ലെന്നതുകൊണ്ട്, സിനിമാ അഭിനയമായാലും സീരിയല്‍ അഭിനയമായാലും, പണമോ പ്രശസ്തിയോ പ്രതീക്ഷിച്ചു രാത്രികാലങ്ങളില്‍ പെണ്മക്കളെ അഴിച്ചുവിടുന്ന രക്ഷകര്‍ത്താക്കള്‍ ഓര്‍ത്തിരുന്നാല്‍ നല്ലത്.
എ.ടി അഷ്‌റഫ്, കരുവാരകുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."