'പൊലിസ് ജോലി ചെയ്തില്ലെങ്കില്‍ തങ്ങള്‍ അതേറ്റെടുക്കും' വെല്ലുവിളി നടത്തി പി.കെ ശശി എം.എല്‍.എ
പാലക്കാട്: പൊലിസ് കൃത്യമായി ജോലി നിര്‍വഹിക്കാതിരുന്നാല്‍ തങ്ങള്‍ അതേറ്റെടുക്കുമെന്ന് പി.കെ ശശി എം.എല്‍.എ. നെല്ലായയില്‍ പൊലിസിനെതിരേ നടത്തിയ വിവാദ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അക്രമങ്ങള്‍ നിഷ്‌ക്രിയമായി നോക്കിനില്‍ക്കുന്ന സമീപനം പൊലിസ് സ്വീകരിച്ചതുകൊണ്ടാണ് നെല്ലായയില്‍ ആര്‍.എസ.്എസ് അതിക്രമങ്ങള്‍ക്ക് വഴിവച്ചത്.
ആര്‍.എസ്.എസിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയാണ് പൊലിസ് ചെയ്തത്. പൊലിസ് ജോലി നിര്‍വഹിക്കാതിരുന്നാല്‍ എം.എല്‍.എയെന്ന രീതിയില്‍ സി.പി.എമ്മുകാരുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
20ന് രാവിലെ 10ന് ചെര്‍പ്പുളശ്ശേരിയില്‍ ജനപ്രതിനിധികളുടേയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും സര്‍വകക്ഷിയോഗം ചേരുമെന്നും എം.എല്‍.എ അറിയിച്ചു.
നെല്ലായയിലെ അക്രമസംഭവത്തിലെ പ്രതികളെ കാമറയില്‍ പകര്‍ത്തുന്നതിനിടെ ഒറ്റപ്പാലം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആര്‍.എസ്.എസുകാര്‍ അക്രമിക്കാനിടയാക്കിയ സാഹചര്യം സൃഷ്ടിച്ചത് പൊലിസിന്റെ നിഷ്‌ക്രിയത്വമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ പറഞ്ഞു.
അറസ്റ്റിലായവരുടെ ബന്ധുക്കളാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതെന്ന ബി.ജെ.പിയുടെ വാദമാണ് ഇന്നലെത്തെ അറസ്റ്റോടെ പൊളിഞ്ഞത്. പ്രതികളില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് ആണ്. മറ്റൊരാള്‍ എഴുവന്തലയിലെ സജീവ ബി.ജെ.പി പ്രവര്‍ത്തകനാണ്. അങ്ങനെയിരിക്കേ പ്രതികളുടെ ബന്ധുക്കളാണ് അക്രമത്തിന് പിന്നിലെന്ന് പറഞ്ഞ ബി.ജെ.പി ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കണം.
പരിശീലനം നല്‍കിയ ആര്‍.എസ്.എസ് നേതാക്കളെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ച് ബോധപൂര്‍വം സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് സംഘപരിവാര്‍ നടത്തുന്നത്.
കേരളത്തിലെ ഭരണമാറ്റം പല പൊലിസുകാരും അറിഞ്ഞിട്ടില്ലെന്നതാണ് ചെര്‍പ്പുളശ്ശേരിയിലെ പൊലിസിനെ സംബന്ധിച്ച് മനസിലാകുന്നത്. പൊലിസ് സര്‍ക്കാരിന്റെ നയത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും സി.കെ രാജേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം ചെര്‍പ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെ.വി സുഭാഷും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."