ഒമ്പത് ജില്ലകളില്‍ കറവപ്പശുക്കള്‍ക്ക് തടിച്ച ചര്‍മ രോഗം
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: സംസ്ഥാനത്ത് ഒന്‍പത് ജില്ലകളിലായി 3551 കറവപ്പശുക്കളില്‍ തടിച്ച ചര്‍മ രോഗം(ലമ്പി സ്‌ക്ിന്‍ ഡിസീസ്)കണ്ടെത്തി.
ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടിയില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടിലാണ് കറവപ്പശുക്കളില്‍ തടിച്ച ചര്‍മരോഗമുള്ളതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന മൃഗസരംക്ഷണ വകുപ്പിന് കേന്ദ്രം നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് രോഗബാധ കണ്ടെത്തിയ പശുക്കളില്‍ 1345 എണ്ണവും കോട്ടയം ജില്ലയിലാണ്. പാലക്കാട് 796, തൃശൂര്‍ 440, ആലപ്പുഴ 128, പത്തനംതിട്ട 119, മലപ്പുറം 88, എറണാംകുളം 629, കോഴിക്കോട് നാലും കാസര്‍ക്കോട് രണ്ടും പശുക്കളിലാണ് രോഗം കണ്ടെത്തിയത്. രോഗലക്ഷണമുള്ള പശുക്കളില്‍ പാലുല്‍പ്പാദനം കുറയുമെന്നാണ് കണ്ടെത്തിയത്. രോഗം ബാധിച്ചാല്‍ മരണ നിരക്ക് താരതമ്യേന കുറവാണെങ്കിലും പശുക്കള്‍ക്ക് ആരോഗ്യം നഷ്ടപ്പെടും.
രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പശുക്കളില്‍ ഗോട്ട് പോക്‌സ് വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തുന്നുണ്ട്. രോഗബാധ കണ്ടെത്തിയ പശുക്കളിലും സമീപ പ്രദേശത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ പശുക്കള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നുണ്ട്.
അസുഖം ബാധിച്ച പശുക്കളുള്ള മേഖലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ആവശ്യമായ മരുന്നുകളും അണുനാശിനി ലായനികളും വാങ്ങി ഉപയോഗിക്കുന്നതിനായി ഫണ്ടും അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ പാലോട് ദി സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് എന്ന സ്ഥാപനത്തില്‍ 154 പശുക്കളുടെ രക്ത സാംപിള്‍ പരിശോധനയില്‍ 32 പശുക്കള്‍ക്കാണ് രോഗം കണ്ടെത്തിയത്.12 ജില്ലകളിലെ പശുക്കളിലാണ് പരിശോധന നടത്തിയത്.ഇതില്‍ തിരുവന്തപുരം,കൊല്ലം,ഇടുക്കി ജില്ലകളില്‍ രോഗം ലക്ഷണം കണ്ടെത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."