മെഡിക്കല്‍ കോളജില്‍ പി.ജി ഡോക്ടര്‍മാര്‍ സമരം നടത്തി
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ പി.ജി ഡോക്ടര്‍മാര്‍ സമരം നടത്തി.ഗ്രാമീണ മേഖലയില്‍ സേവനത്തിന് ബോണ്ട് നിര്‍ബന്ധമാക്കിയത് പിന്‍വലിക്കുക, പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ നിയമനങ്ങള്‍ അടിയന്തരമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പി.ജി ഡോക്ടര്‍മാര്‍ നടത്തിയ സമരം ആശുപത്രി പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. എഴുന്നൂറോളം പി.ജിക്കാരാണ് മെഡിക്കല്‍ കോളജിലുള്ളത്. സമരത്തില്‍ നിന്നും അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐ.സി.യുകള്‍ എന്നിവയെ ഒഴിവാക്കിയിരുന്നു.
വാര്‍ഡുകളിലും ഒ.പികളിലും രോഗികള്‍ ബുദ്ധിമുട്ടിലായി. ഇരുന്നൂറ്റി അന്‍പതോളം വരുന്ന ഹൗസ് സര്‍ജന്‍മാരാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയെ അതിജീവിക്കാന്‍ വേണ്ടി കോഴിക്കോട് നിന്നും ഇരുപത് ഡോക്ടര്‍മാരെ മഞ്ചേരിയിലേക്ക് സ്ഥലം മാറ്റിയതില്‍ സമരക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തി. പി.ജി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഷമീര്‍, സെക്രട്ടറി ഡോ. ഹനീഷ് നേതൃത്വം നല്‍കി. ആശുപത്രി പരിസരത്ത് പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."