മണ്ണിന്റെ മണമുള്ള ജീവിതങ്ങളെ ഓര്‍മപ്പെടുത്തി ജസ്റ്റിന്റെ ചിത്രങ്ങള്‍
കോഴിക്കോട്: ഗ്രാമീണ സൗന്ദര്യത്തിന്റെ വേറിട്ട ചിത്രങ്ങള്‍ ക്രിസ്ത്യന്‍ പള്ളികളുടെ ആള്‍ത്താരകളില്‍ മാത്രം ഒതുങ്ങിയാല്‍ പോര, അവ മുഖ്യധാരയിലും ഉയര്‍ത്തിക്കാട്ടണമെന്ന ചിന്തയാണ് ജസ്റ്റിന്‍ കൂടഞ്ഞിയെ ചിത്രപ്രദര്‍ശനം നടത്താന്‍ പ്രേരിപ്പിച്ചത്.
ഇതിനകം വാട്ടര്‍ കളറിലും അക്രിലിക് വിഭാഗങ്ങളിലുമായി വരച്ചുകൂട്ടിയത് നിരവധി ചിത്രങ്ങളാണ്. അവയെല്ലാം നിരവധി ദേവാലയങ്ങളുടെ ആള്‍ത്താരകളില്‍ തിളങ്ങുന്നു. ചരിത്ര പ്രസിദ്ധമായ കുറവിലങ്ങാട് മര്‍ത്ത് മറിയം, കുളത്തുവയല്‍ സെന്റ് ജോര്‍ജ് പള്ളി, അശോകപുരം ഇന്‍ഫന്റ് ജീസസ് തുടങ്ങി നൂറിലേറെ ദേവാലയങ്ങളിലാണ് ഈ ചിത്രങ്ങള്‍ നിലകൊള്ളുന്നത്. ഇത്തരത്തിലുള്ള 50 ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ലളിതകലാ അക്കാദമിയില്‍ ആരംഭിക്കും. ഫെബ്രുവരി രണ്ടുവരെ തുടരും. മണ്ണിന്റെ മണമുള്ള ജീവിതരീതികളുടെ ഓര്‍മപ്പെടുത്തലാണ് തന്റെ ഓരോ ചിത്രങ്ങളുമെന്ന് ജസ്റ്റിന്‍ പറയുന്നു. മണ്‍മറഞ്ഞു പോകുന്ന ഗ്രാമീണ ദൃശ്യങ്ങളെ തിരികെപ്പിടിക്കലാണു പ്രദര്‍ശനത്തിന്റെ ലക്ഷ്യം. ഗെര്‍ണിക്ക ആര്‍ട്ട് ഗാലറിയില്‍ കലാജീവിതം ആരംഭിച്ച ജസ്റ്റിന്‍ 2008 മുതല്‍ 2011 വരെ യു.എ.ഇയിലും ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."