മലയോര പ്രദേശം ഫോറസ്റ്റ് ഉദ്യോഗസ്ഥ നിരോധിത മേഖലയായി പ്രഖ്യാപിക്കും: താമരശ്ശേരി ബിഷപ്പ്
തിരുവമ്പാടി: കര്‍ഷകര്‍ പതിറ്റാണ്ടുകളായി എല്ലാവിധ രേഖകളോടും കൂടി കൈവശം വച്ച് അനുഭവിക്കുന്ന കൃഷിഭൂമിയില്‍ അതിക്രമിച്ച് കയറി ജണ്ട കെട്ടാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തിയാല്‍ മലയോര മേഖല ഫോറസ്റ്റ് ഉദ്യോഗസ്ഥ നിരോധിത മേഖലയായി പ്രഖ്യാപിക്കുമെന്ന് കര്‍ഷക ഭൂമി സംരക്ഷണ സമിതി രക്ഷാധികാരിയും താമരശ്ശേരി രൂപത ബിഷപ്പുമായ മാര്‍ റമീജിയോസ് ഇഞ്ചനാനിയല്‍.
കര്‍ഷകരെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ നേതൃത്വം നല്‍കാത്ത പക്ഷം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടു ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമരമാര്‍ഗത്തിലേക്ക് പോകേണ്ടി വരുമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. മുത്തപ്പന്‍പുഴ മേഖലയില്‍ ജണ്ടക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും അതിക്രമിച്ച് കയറി കൃഷിയിടത്തില്‍ ജണ്ട കെട്ടാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ഷകര്‍ നല്‍കിയ പരാതികള്‍ റജിസ്റ്റര്‍ ചെയ്യാന്‍ നടപടിയുണ്ടാകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. എ.കെ.സി.സി യുടെ നേതൃത്വത്തില്‍ രൂപീകരിച്ച കര്‍ഷക ഭൂമി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആനക്കാംപൊയിലില്‍ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. വൈസ് ചെയര്‍മാന്‍ ഫാ. അഗസ്റ്റിന്‍ ആലുങ്കല്‍ അധ്യക്ഷനായി. ഡോ. ചാക്കോ കാളംപറമ്പില്‍, അഡ്വ. ഷംസുല്‍ ഹുഡ, ചെയര്‍മാന്‍ ഫാ.ജോസ് ഓലിയക്കാട്ട്, ഫ്രാന്‍സീസ് ചാലില്‍, ബേബി പെരുമാലില്‍, ബിനു ജോസ്
ഒ.ഡി തോമസ്, സണ്ണി കൊടുകപ്പള്ളി, ജയിംസ് മറ്റം, അനീഷ് വടക്കേല്‍, വില്‍സണ്‍ നമ്പൂരികുന്നേല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."