ചെറുവാടി സി.എച്ച്.സിയില്‍ ഒരുവര്‍ഷം മുന്‍പ് സ്ഥാപിച്ച ടൈലുകള്‍ പൊട്ടിപ്പൊളിഞ്ഞു
മുക്കം: ചെറുവാടി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ ഒരുവര്‍ഷം മുന്‍പ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ കെട്ടിടത്തിലെ ടൈലുകള്‍ പൊട്ടിപ്പൊളിഞ്ഞു. നവജാത ശിശുക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന മുറിയിലെ ടൈലുകളാണ് പൊട്ടിപ്പൊളിഞ്ഞത്. ഒരാഴ്ച മുന്‍പ് ഒരു ടൈല്‍ അടര്‍ന്നതോടെ ഹെല്‍ത്ത് സെന്ററിലെ ജീവനക്കാര്‍ കരാറുകാരനെ വിവരമറിയിച്ചിരുന്നു. എന്നാല്‍ കരാറുകാരന്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ഇവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നവജാത ശിശുവിന് പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ വന്ന മാതാവടക്കം ടൈലുകള്‍ പൊളിഞ്ഞ ഗര്‍ത്തത്തിലേക്ക് താഴ്ന്നു പോയിരുന്നു. പരുക്കുകളില്ലാതെ ഇവര്‍ രക്ഷപ്പെട്ടെങ്കിലും തറയുടെ മറ്റു ഭാഗങ്ങളിലുള്ള ടൈലുകളും ഇപ്പോള്‍ അപകട ഭീഷണിയിലാണ്. കോണ്‍ക്രീറ്റ് ബെല്‍റ്റുകള്‍ ഇട്ടു നിര്‍മിച്ച തറയില്‍ പാറപ്പൊടി മാത്രം നിറച്ച് കോണ്‍ക്രീറ്റ് ഇടുകയോ മറ്റ് പ്രവര്‍ത്തികളൊന്നും ചെയ്യാതെ പാറപ്പൊടിയുടെ മുകളില്‍ ടൈല്‍ പാകിയത് കൊണ്ടോ ആയിരിക്കാം ഇത്തരത്തില്‍ ടൈലുകള്‍ പൊളിയാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രവര്‍ത്തി നടക്കുമ്പോള്‍ എന്‍ജിനിയര്‍മാരുടെയോ മറ്റു ഉദ്യോഗസ്ഥരുടെയോ കൃത്യമായ പരിശോധന നടന്നിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. അതേ സമയം ഇതേ കെട്ടിടത്തില്‍ തന്നെയുള്ള ഒന്നാം നിലയിലേക്കുള്ള കോണിപ്പടിയിലും മറ്റുഭാഗങ്ങളിലും പാകിയ ടൈലുകളും ഇതേ അവസ്ഥയിലാണ്.
കൃത്യമായ രീതിയില്‍ സിമന്റ് ഉപയോഗിക്കാതെയും മറ്റ് കാര്യങ്ങള്‍ ചെയ്യാതെയുമാണ് പ്രവര്‍ത്തി നടത്തിയതെന്ന് നാട്ടുകാര്‍ മുന്‍പേ ആരോപിച്ചിരുന്നു. 20 ലക്ഷം രൂപയുടെ പ്രവൃത്തി മൂന്ന് കരാറുകാരുടെ നേതൃത്വത്തിലാണ് പൂര്‍ത്തീകരിച്ചത്. ഒരുവര്‍ഷം കൊണ്ട് തന്നെ കെട്ടിടത്തിന്റെ അവസ്ഥ ഈ രീതിയിലായത് ദിവസേന മുന്നൂറോളം രോഗികള്‍ വരുന്ന കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ വലിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന രോഗികള്‍ വലിയ ദുരിതമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഒരു ഡോക്ടര്‍ മാത്രമാണ് രോഗികളെ പരിശോധിക്കാനുള്ളത്. ഉള്ള ഡോക്ടര്‍ക്ക് ഫീല്‍ഡില്‍ പോവേണ്ടിവന്നാല്‍ അതിന് ശേഷമാണ് മറ്റു രോഗികളെ പരിശോധിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നേരത്തെ ആശുപത്രിയുടെ മറ്റു ചുമരുകളില്‍ പതിച്ച ടൈലുകള്‍ പൊളിച്ച് വയറിങ് പ്രവര്‍ത്തി നടത്തിയെങ്കിലും ടൈലുകള്‍ പൊളിച്ച ഭാഗം ഇപ്പോഴും അതേ നിലയില്‍ തന്നെയാണ്. കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിന് സ്വന്തമായി വാഹനം ഉണ്ടെങ്കിലും ഡ്രൈവര്‍ ഇല്ലാത്തതുകൊണ്ട് അത് കടപ്പുറത്താണ്.
നിരവധി ആദിവാസി കോളനികളില്‍ നിന്നടക്കം നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും താറുമാറായ അവസ്ഥയിലാണെന്ന് ചികിത്സക്കെത്തുന്ന രോഗികളും ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."