അദാലത്തുകളിലും തോരാതെ അമ്മമാരുടെ കണ്ണീര്‍
കോഴിക്കോട്: പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എം.എസ് താര. കലക്ടറേറ്റില്‍ നടത്തിയ വനിതാ അദാലത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പെന്‍ഷനുള്ള കാരണത്താല്‍ പ്രായമായ അമ്മയെ സംരക്ഷിക്കാതെ മക്കള്‍ അവരുടെ കുടുംബവുമായി മറ്റു വീടുകളില്‍ സുഖമായി ജീവിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതുകണ്ടാണ് പുതിയ തലമുറ വളരുന്നത്. ഇതു കൂടുതല്‍ അപകടങ്ങളിലേക്ക് ചെന്നെത്തിക്കുമെന്നും ഈ സമീപനം മാറണമെന്നും അവര്‍ പറഞ്ഞു. വയോജന നിയമം കൂടുതല്‍ ശക്തമാക്കണമെന്നും അഡ്വ. താര പറഞ്ഞു.
വനിതാ കമ്മിഷന്‍ കലക്ടറേറ്റില്‍ നടത്തിയ അദാലത്തില്‍ 93 പരാതികള്‍ പരിഗണിച്ചു. ഇതില്‍ ആറെണ്ണം തീര്‍പ്പാക്കി. കഴിഞ്ഞ അദാലത്തിലെ 17 പരാതികള്‍ പരിഗണിച്ചു. ഒരു പരാതി കൗണ്‍സലിങ്ങിനു വിട്ടു. 41 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. 37 പരാതികളില്‍ പരാതിക്കാരിയും എതിര്‍കക്ഷിയും ഹാജരായില്ല.
ഇതു നിയമസംവിധാനത്തോട് കാണിക്കുന്ന കടുത്ത അനാദരവാണെന്നും പരാതിക്കാരി പോലും ഗൗരവം മനസിലാക്കാതെ വരാതിരുന്നത് ഗുരുതര വീഴ്ചയാണ്. എന്നാല്‍ മുന്‍കാലത്തെ അപേക്ഷിച്ച് സ്ത്രീകള്‍ നിയമസംവിധാനതിനു മുന്നില്‍ വരാന്‍ മടികാണികാണിക്കുന്നതില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഗവ. കോളജ് പ്രിന്‍സിപ്പല്‍ മകളെയും ഭാര്യയെയും ഉപേക്ഷിച്ച് പരസ്ത്രീബന്ധം സ്ഥാപിച്ചതില്‍ കമ്മിഷന്‍ ആശങ്ക രേഖപ്പെടുത്തി. ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താന്‍ അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുകയാണ്.
മാര്‍ച്ച് 30ന് സര്‍വിസില്‍നിന്ന് വിരമിക്കുന്ന ഇദ്ദേഹത്തില്‍നിന്ന് തനിക്കും മകള്‍ക്കും ചെലവിനുള്ള തുക നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇദ്ദേഹത്തിന്റെ ആദ്യഭാര്യ കമ്മിഷനെ സമീപിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കു മാതൃകയാവേണ്ട അധ്യാപകന്‍ എന്തു മാതൃകയാണ് ഇതിലൂടെ നല്‍കുന്നതെന്നും അഡ്വ. താര ചോദിച്ചു. അച്ഛന്‍ മരിക്കുമ്പോള്‍ ആണ്‍മക്കള്‍ക്ക് മാത്രം സ്വത്തുവിഹിതം നല്‍കുകയും പെണ്‍മക്കള്‍ക്ക് സ്വത്ത് നല്‍കാതിരിക്കുകയും അമ്മയുടെ സ്വത്തിനായി വീണ്ടും ആണ്‍മക്കള്‍ പോരടിക്കുന്ന അവസ്ഥ കൂടുകയും ചെയ്തു. ഇത്തരത്തിലുള്ള ആണ്‍-പെണ്‍ വേര്‍തിരിവ് തികച്ചും ഖേദകരമാണെന്നും സ്ത്രീവിരുദ്ധ സമീപനം കുടുംബങ്ങളില്‍ പോലും നടപ്പാക്കുന്ന രക്ഷകര്‍ത്താക്കള്‍ ഇപ്പോഴും സമൂഹത്തില്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു.
അദാലത്തില്‍ കൂടുതലായും ഭാര്യ ഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള പ്രശ്‌നവും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതും സ്വത്തുതര്‍ക്കവും തുടങ്ങിയ പരാതികളാണ് ഉയര്‍ന്നത്. അയല്‍വാസിയുടെ അക്രമം നേരിട്ടതിനെ തുടര്‍ന്ന് നിയമസഹായം തേടാന്‍ പൊലിസ് സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിക്കെതിരേ പൊലിസിന്റെ ഭാഗത്തു നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് അന്വേഷിക്കാനും നടപടി സ്വീകരിക്കാനും റൂറല്‍ എസ്.പിക്ക് ശുപാര്‍ശ നല്‍കിയതായി കമ്മിഷന്‍ അറിയിച്ചു.
കലക്ടേറ്റില്‍ ചേര്‍ന്ന അദാലത്തില്‍ ഇ.എം രാധ, ഷാഹിദ കമാല്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."