വയനാട് ലോക്‌സഭാ സീറ്റ്: വിമര്‍ശനവുമായി കെ.എസ്.യു നേതാവിന്റെ പോസ്റ്റ്
കോഴിക്കോട്: വയനാട് ലോക്‌സഭാ സീറ്റില്‍ അന്തരിച്ച എം.ഐ ഷാനവാസിന്റെ മകള്‍ വരുമെന്ന പ്രചാരണത്തിനിടെ പരിഹാസവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിജിത്തിന്റെ വിമര്‍ശനം. ലോക്‌സഭാ സീറ്റൊക്കെ മിനിമം പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടു പോരെയെന്ന് ചോദിക്കുന്ന കെ.എസ്.യു നേതാവ് ഇനി കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും പറയുന്നുണ്ട്. കെ.എസ്.യുവിന്റെ പ്രതിഷേധം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും അഭിജിത്ത് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ ചില ഭാഗങ്ങള്‍: കെ.എസ്.യുവിന്, യൂത്ത് കോണ്‍ഗ്രസിന്, കോണ്‍ഗ്രസിന് പ്രതിസന്ധികളില്‍ കൈത്താങ്ങായ എം.ഐക്ക് പകരം മറ്റൊരു പകരക്കാരനെ പാര്‍ട്ടിനേതൃത്വം കണ്ടെത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല... പക്ഷേ അറിഞ്ഞോ അറിയാതെയോ വയനാട് പാര്‍ലമെന്റ് സീറ്റില്‍ അദ്ദേഹത്തിന്റെ മകളുടെ പേരുവരെ ചര്‍ച്ച ചെയ്യപ്പെടുന്നത് കണ്ടു. വയനാട് പോലെ 100 ശതമാനം വിജയസാധ്യതയുള്ള മണ്ഡലത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ, ജനങ്ങളുടെ വികാരം ഉള്‍കൊള്ളാതെ ഒരു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ പാടില്ലെന്ന് കൃത്യമായി പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും. വ്യക്തിജീവിതത്തില്‍ നിന്ന് പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ വേണ്ടി എം.ഐയുടെ മകള്‍ കടന്നുവരുമ്പോള്‍ പരിപൂര്‍ണ പിന്തുണയുമായി അവര്‍ക്കൊപ്പം ഞാനുള്‍പ്പെടെയുള്ള കെ.എസ്.യു പ്രവര്‍ത്തകര്‍ ഉണ്ടാകും. അതുകൊണ്ട് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ തയാറായാല്‍ കൃത്യമായ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്ന് അവരുടെ കഴിവുകളെ പ്രകടിപ്പിക്കാനുള്ള അവസരം കോണ്‍ഗ്രസ് പാര്‍ട്ടി ഒരുക്കണമെന്നും ബഹു. പാര്‍ട്ടി നേതാക്കളെ അറിയിക്കും'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."