കാര്‍ഷിക സംസ്‌കൃതിയില്‍ പുതുചരിതമെഴുതി യുവകര്‍ഷക
കുറ്റ്യാടി: യുവതലമുറയില്‍പ്പെട്ട യുവതികള്‍ സര്‍ക്കാര്‍ ജോലിയുടെ പിന്നാലെ പായുമ്പോള്‍ കാര്‍ഷിക സംസ്‌കൃതിയില്‍ പുതുചരിതമെഴുതുകയാണ് വേളത്തെ യുവ കര്‍ഷക. വേളം പഞ്ചായത്തിലെ ചേരാപുരം പൂളക്കൂല്‍ ബാബുവിന്റെ ഭാര്യ ബീനയാണ് മണ്ണില്‍ പൊന്ന് വിളയിച്ച് നാടിന്റെ ആദരവ് പിടിച്ചുപറ്റുന്നത്.
പഞ്ചായത്തിലെ ഹരിതാമൃതം ആത്മ ഗ്രൂപ്പ് അംഗമായ ബീന കൃത്യമായ ആസൂത്രണത്തിലൂടെ പച്ചക്കറി കൃഷിയിലും, നെല്ല് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ ഉല്‍പ്പാദിച്ചുമാണ് കാര്‍ഷികവൃത്തിയില്‍ പത്തരമാറ്റിന്റെ നേട്ടം കൈവരിക്കുന്നത്. പാരമ്പര്യമായി സജീവ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ട കുടുംബാംഗമാണ് ബീന. സ്വന്തമായുള്ള ഭൂമിക്ക് പുറമെ പാട്ടത്തിനെടുത്തുമാണ് ബീന കൃഷി ചെയ്യുന്നത്.
പഞ്ചായത്തിലെ മടോല്‍താഴെ വയലില്‍ പത്ത് ഏക്കറോളം വിസ്തൃതിയില്‍ ബീനക്ക് പച്ചക്കറി കൃഷിയുണ്ട്. ഇതിനു പുറമെ രണ്ടര ഏക്കറോളം തരിശ് ഭൂമിയില്‍ നടത്തിയ പച്ചക്കറി കൃഷി ഇതിനകം വിളവെടുത്തു കഴിഞ്ഞു.
നേരത്തെ ഒന്നര ഏക്കറില്‍ മഴക്കാല പച്ചക്കറി കൃഷിയിലും ബീനയും കൂട്ടുകാരികളും ഏര്‍പ്പെട്ടിരുന്നു. വെള്ളരി, ചീര, പാവല്‍, കുമ്പളം, വെണ്ട, പച്ചമുളക് തുടങ്ങി എല്ലാ പച്ചക്കറികളും ബീനയുടെ കൃഷിയിടത്തില്‍ വിളയുന്നുണ്ട്. പച്ചക്കറി കൃഷിക്ക് പുറമെ സ്വന്തമായി അഞ്ച് ഏക്കറില്‍ നെല്‍കൃഷിയും, രണ്ട് ഏക്കറില്‍ കരനെല്‍കൃഷിയും നേരിട്ട് നടത്തുന്ന ബീന പത്ത് ഏക്കര്‍ ഭൂമിയില്‍ ഗ്രൂപ്പ് നെല്‍കൃഷിക്കും നേതൃത്വം കൊടുക്കുന്നുണ്ട്.
നാല് ഏക്കര്‍ സ്ഥലത്ത് മരച്ചീനിയും, മറ്റ് ഇടവിളകളായ ചേന, ചേമ്പ്, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ ഇടവിളകളും കൃഷി ചെയ്യുന്നുണ്ട്.
തികച്ചും ശാസ്ത്രീയമായ രീതിയില്‍ സമ്പൂര്‍ണ ജൈവകൃഷിയില്‍ ഏര്‍പ്പെട്ട ബീനയുടെ കൃഷിയോടുള്ള ആത്മാര്‍ഥതക്ക് നാടിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
ആത്മ 2012-2013ല്‍ പൂനയില്‍വച്ച് ആസ്പി പുരസ്‌കാരം നല്‍കി ബീനയെ ആദരിച്ചു. 2011-12ല്‍ വേളം പഞ്ചായത്തിലെ മികച്ച കര്‍ഷക, 2013ല്‍ വേളം കൃഷിഭവന്റെ ഏറ്റവും മികച്ച ഗ്രൂപ്പ് കര്‍ഷക, 2015-16ല്‍ കുടുംബശ്രി ജില്ലാ മിഷന്റെ ഏറ്റവും നല്ല കര്‍ഷകക്കുള്ള അവാര്‍ഡ്, തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയ ബീന കോഴിക്കോട് ജില്ലാ കൃഷി വിജ്ഞാന്‍ കേന്ദ്രയില്‍ അംഗംകൂടിയാണ്.
വേളം പഞ്ചായത്ത് കൃഷിഭവന്‍, പന്ത്രണ്ടാംവാര്‍ഡ് അംഗം, ബ്ലോക്ക് പഞ്ചായത്ത്, ആത്മ, യൂനിയന്‍ ബാങ്ക്, കൃഷി വിജ്ഞാന്‍ കേന്ദ്രം, പഴം, പച്ചക്കറി പ്രമോഷന്‍ കൗണ്‍സില്‍, എന്നിവയുടെ സാമ്പത്തിക സാങ്കേതിക സഹായവും ബീനക്ക് ലഭിക്കുന്നുണ്ട്. രാഷ്ട്രീയ സാമൂഹ്യരംഗങ്ങളില്‍ സജീവമായ ബീന പഞ്ചായത്തിലെ വര്‍ക്കിങ് ഗ്രൂപ്പ് അംഗം കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."