മെഡി. കോളജ് ആശുപത്രിയില്‍ മരുന്ന് കമ്പനികളുടെ അനധികൃത ഇടപെടല്‍
സലീം മൂഴിക്കല്‍
ചേവായൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്നുകമ്പനികളുമായി നടത്തുന്ന ഇടപാടുകളില്‍ സുതാര്യതയില്ലെന്ന് ആരോപണം. ആശുപത്രിയിലേക്കുള്ള മരുന്നുകളുടെ പര്‍ച്ചേഴ്‌സിങ് ഓര്‍ഡര്‍ ലഭിക്കുന്നതിനായി കമ്പനി ഏജന്റുമാര്‍ അനധികൃത ഇടപെടല്‍ നടത്തുന്നതായാണു പരാതി ഉയരുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പര്‍ച്ചേഴ്‌സിങ് കമ്മിറ്റി കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണു പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ആക്ഷേപം.
പല മരുന്നുകളുടെയും സ്റ്റോക്ക് തീരുമ്പോള്‍ ഫാര്‍മസിയില്‍നിന്ന് മരുന്നുകമ്പനികളുടെ വിതരണക്കാരെ നേരിട്ടു വിളിച്ച് മരുന്ന് എത്തിക്കുന്നതായി ജീവനക്കാര്‍ പറയുന്നു. കമ്പനികളുമായി ഇത്തരം ഇടപെടല്‍ നടത്തുന്നതിനു യോഗ്യതയില്ലാത്ത യുവതിയെയാണ് ഫാര്‍മസിസ്റ്റായി വച്ചിരിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മരുന്നിന്റെ ക്വാളിറ്റി പരിശോധിക്കുന്നതും മരുന്നുകള്‍ വേര്‍തിരിക്കാന്‍ നേതൃത്വം നല്‍കുന്നതും ഈ ജീവനക്കാരിയാണ്. അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഫാര്‍മസി പോലുള്ള വിഭാഗങ്ങളില്‍നിന്ന് യോഗ്യതയില്ലാത്തവരെ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ 2013 ല്‍ ചേര്‍ന്ന വികസനസമിതി തീരുമാനമെടുത്തിരുന്നു. ഇതേതുടര്‍ന്ന് എല്ലാവരെയും നീക്കം ചെയ്‌തെങ്കിലും യോഗ്യതയില്ലാതിരുന്നിട്ടും മരുന്നുകമ്പനി ഏജന്റുമാരുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഈ ജീവനക്കാരി ഫാര്‍മസിയില്‍ തുടരുന്നത് ചിലരുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ്. പര്‍ച്ചേഴ്‌സിങ് കമ്പനികളില്‍ നിന്ന് ഉപഹാരങ്ങളും പാരിതോഷികങ്ങളും സ്വീകരിക്കുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാല്‍ കമ്പനികള്‍ ആശുപത്രിക്കും ഇടപാട് നടത്താന്‍ സഹായിക്കുന്ന വ്യക്തികള്‍ക്കും പാരിതോഷികം നല്‍കുന്നത് ഇവിടെ പതിവാണ്. ആശുപത്രി ഗേറ്റിനു സമീപമുള്ള പ്രധാന ഫാര്‍മസിയില്‍ മൂന്നോളം എ.സികളും സൂപ്പര്‍ സ്‌പെഷാലിറ്റിയിലും കാന്‍സര്‍ വാര്‍ഡിനു സമീപമുള്ള എ.സിയും ആശുപത്രി സ്റ്റോറിലും ഫാര്‍മസിയിലുമടക്കം നിരവധി ഫ്രിഡ്ജുകളും മരുന്ന് സൂക്ഷിക്കുന്ന റാക്കുകളും പ്രിന്റിങ് യന്ത്രങ്ങളും കസേരകളും ആശുപത്രിയിലേക്ക് പാരിതോഷികമായി നല്‍കിയത് മരുന്നു കമ്പനികളാണ്. ഇടനിലക്കാര്‍ നേരിട്ടു പാരിതോഷികങ്ങള്‍ കൈപറ്റുന്നതായും ആരോപണമുണ്ട്. ആശുപത്രിയിലെ ഏതെങ്കിലും വിഭാഗത്തിലേക്ക് ഉപകരണങ്ങളോ യന്ത്രസാമഗ്രികളോ ആവശ്യമുണ്ടെങ്കില്‍ സൂപ്രണ്ടിനോ വികസന സമിതിക്കോ അപേക്ഷ നല്‍കണം. അപേക്ഷകള്‍ അംഗീകരിക്കുകയാണെങ്കില്‍ സ്റ്റോറിലേക്ക് അയച്ച് ഇന്റന്റ് ചെയ്ത് ക്വട്ടേഷന്‍ വിളിക്കണം.
ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പര്‍ച്ചേഴ്‌സിങ് നടത്താവൂ. എന്നാല്‍ ആശുപത്രിയില്‍ പല ഉപകരണങ്ങളും മാനദണ്ഡങ്ങള്‍ പാലിക്കാതെ മരുന്നുകമ്പനികള്‍ സംഭാവന ചെയ്തതാണ്. ഇത്തരത്തിലുള്ള ഇടപെടലിലൂടെ ആശുപത്രിയും ഇടനിലക്കാരുമായി അടുത്തബന്ധം സ്ഥാപിക്കുന്ന കമ്പനികള്‍ക്കു തന്നെ തുടര്‍ന്നും പര്‍ച്ചേഴ്‌സിങ് ഓര്‍ഡര്‍ നല്‍കാന്‍ അധികൃതര്‍ നിര്‍ബന്ധിതമാകുന്നു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമായേക്കാവുന്ന ഫാര്‍മസിയിലെ അനധികൃത നടപടികളെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആശുപത്രി ജീവനക്കാരടക്കമുള്ളവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."