പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബര്‍ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി
പരപ്പനങ്ങാടി: ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ക്കു താങ്ങും തണലുമായി മാറാവുന്ന പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബര്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍തന്നെ പൂര്‍ത്തിയാക്കുമെന്നു ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. പരപ്പനങ്ങാടി ഹാര്‍ബര്‍ നിര്‍മാണം ആരംഭിക്കുന്നതു സംബന്ധിച്ച് വി. അബ്ദുര്‍റഹിമാന്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുര്‍റബ്ബിന്റെ ശ്രമഫലമായി പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ ഹാര്‍ബറിനു തറക്കല്ലിട്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടര്‍നടപടികള്‍ നടത്താനായിരുന്നില്ല. പദ്ധതിയുടെ സ്ഥാനം സംബന്ധിച്ച് ചാപ്പപ്പടിയിലെ മത്സ്യത്തൊഴിലാളികളും ആലുങ്ങല്‍ബീച്ച് ഭാഗത്തെ മത്സ്യത്തൊഴിലാളികളും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കാത്തതിനാലും പ്രത്യേക ഫണ്ട് അനുവദിക്കാത്തതിനാലും തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. ഇടതുപക്ഷ സര്‍ ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മൂന്നംഗ വിദഗ്ധ കമ്മിറ്റി രൂപീകരിച്ച് വിശദമായ പഠന റിപ്പോര്‍ട്ട് തയാറാക്കി. റിപ്പോര്‍ട്ടിന്‍മേല്‍ പൂനയിലെ സെന്റട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്റെ വിദഗ്ധാഭിപ്രായവുംകൂടി സ്വരൂപിച്ചാണ് പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിന്റെ നിര്‍മാണം ആരംഭിക്കാന്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ടിന്റെയും മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് ഹാര്‍ബറിനുള്ള സ്ഥലം നിശ്ചയിച്ചത്. മുറിത്തോടിന് 60 മീറ്റര്‍ തെക്ക് മാറി 1375 നീളത്തിലും 685 മീറ്റര്‍ വടക്ക് മാറി 785 മീറ്റര്‍ നീളത്തിലുമാണ് ഹാര്‍ബറിനുള്ള പുലിമുട്ടുകള്‍ നിര്‍മിക്കുന്നത്.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് തുറമുഖത്തിനുള്ള ധനസഹായം ലഭ്യമാക്കുന്നത്. 112.3 കോടി രൂപയാണ് അടങ്കല്‍ തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."