ചിറപ്പുറം മാലിന്യ പ്ലാന്റില്‍നിന്നു പൊടിച്ചെടുത്ത പ്ലാസ്റ്റിക് ക്ലീന്‍ കേരളക്ക് കൈമാറി
നീലേശ്വരം: നഗരസഭയുടെ ചിറപ്പുറം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍നിന്നു സംസ്‌കരിച്ചെടുത്ത പ്ലാസ്റ്റിക് റോഡ് നിര്‍മാണത്തിനു കൈമാറി നീലേശ്വരം നഗരസഭ മാതൃകയായി. 11 ക്വിന്റല്‍ ഷ്രെഡ്ഡഡ് പ്ലാസ്റ്റിക് ഉല്‍പന്നമാണ് നഗരസഭ പ്ലാസ്റ്റിക് റോഡ് നിര്‍മിക്കുന്നതിനായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്. 32 വാര്‍ഡുകളിലെ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മസേനാംഗങ്ങള്‍ ശേഖരിച്ച കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത പ്ലാസ്റ്റിക്, പ്ലാന്റിലെ ഷ്രെഡ്ഡിങ് യൂനിറ്റില്‍ പൊടിച്ചെടുത്ത് സംഭരിക്കുകയായിരുന്നു. ഇങ്ങനെ പൊടിച്ച ഷ്രെഡ്ഡഡ് പ്ലാസ്റ്റിക് ഉല്‍പന്നം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുവാനാവുമെന്ന് സോഷ്യോ എക്കണോമിക് യൂനിറ്റ് ഫൗേണ്ടഷനിലെ ജൂനിയര്‍ എന്‍ജിനീയര്‍ എന്‍. കിര, ജൂനിയര്‍ പ്രോഗ്രാം ഓഫിസര്‍ ടി.വി കീര്‍ത്തി എന്നിവര്‍ പറയുകയും അതനുസരിച്ച് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍ കൂട്ടായി പ്രവര്‍ത്തിക്കുകയും മൂന്നു മാസത്തിനുള്ളില്‍ തന്നെ പദ്ധതി നടപ്പാക്കുകയുമായിരുന്നു.
വര്‍ഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ചിറപ്പുറത്തെ മാലിന്യ സംസ്‌കരണ കേന്ദ്രം ഒക്‌ടോബര്‍ രണ്ടിനാണ് പുനരാരംഭിച്ചത്. ആധുനിക സംവിധാനത്തില്‍ ഇവിടെ തുടങ്ങിയ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റില്‍ നിന്നു സംസ്‌കരിച്ചെടുത്ത ഷ്രെഡ്ഡഡ് പ്ലാസ്റ്റിക് ഉല്‍പന്നത്തിന്റെ ആദ്യ ലോഡാണ് കയറ്റി അയച്ചിരിക്കുന്നത്. പ്ലാന്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍ വാഹനം ഫഌഗ് ഓഫ് ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, പി.എം സന്ധ്യ, എ.കെ കുഞ്ഞികൃഷ്ണന്‍, പി.പി മുഹമ്മദ് റാഫി, പി. രാധ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."