HOME
DETAILS

അടയാളപ്പെടുത്തപ്പെടാതെ പോകുന്ന ഉമ്മജീവിതങ്ങള്‍

  
backup
March 08 2017 | 03:03 AM

womens-day-mother

എഴുതപ്പെടാതെ പോയ ഇതിഹാസങ്ങളാണ് ഓരോ ഉമ്മമാരും. മാതൃസ്‌നേഹം എന്ന വാഴ്ത്തുപാട്ടില്‍ നാം ഒതുക്കിക്കളയുന്ന അമ്മമാരൊക്കെയും അതിനും അപ്പുറം ഒരു കുടുംബത്തിന്റെ ആഭ്യന്തര മന്ത്രിയായും സാമ്പത്തിക വിദഗ്ധയായും നായതന്ത്രജ്ഞയായും അങ്ങനെ വൈവിധ്യമാര്‍ന്ന രീതിയില്‍ ഊര്‍ജ്ജ സ്രോതസ്സായി നിലകൊണ്ടതിന്റെ ഗുണഫലങ്ങളാണ് ആ കുടുംബം എന്നെന്നേക്കും അനുഭവിക്കുന്ന സൗഭാഗ്യങ്ങളുടെയൊക്കെയും അടിത്തറ.


ന്ന്, കല്യാണം കഴിച്ചു കൊണ്ടുവന്ന കാലത്ത് സുബ്ഹിക്ക് മുമ്പ് എണീറ്റ് മുറ്റമടിക്കലും പാത്രം കഴുകലും കഴിഞ്ഞാല്‍ ചേരി പിരിക്കാനിരിക്കും. മുറ്റത്തെ മൂലയില്‍ കുന്നോളം തൂക്കച്ചേരി കൂടിയിട്ടിട്ടുണ്ടാവും. അത് പിരിച്ചു ചൂടിയാക്കണം. ചൊവ്വാഴ്ച തോറുമുള്ള വടകര ചന്തയില്‍ വില്‍ക്കാനുള്ള കൊയിലാണ്ടിച്ചൂടി.

ചൂടി പിരിച്ചു കൊണ്ടിരിക്കുമ്പോ മുറ്റത്തു സൂര്യന്റെ വെളിച്ചം അരിച്ചരിച്ചു വീഴുന്നുണ്ടാകും. അന്നേരം കല്യാണത്തിന് മുമ്പ് ഓത്തുപുരയിലേക്ക് പോയതൊക്കെ ഓര്‍മ്മ വരും. കുന്നുമ്മലെ ഓത്തു പുരയിലേക്ക് നടക്കുമ്പോള്‍ ഇങ്ങനെ ഇരുട്ടു മാറി വരുന്നതേ ഉണ്ടാവൂ.

രാവിലെ ചായ കുടിച്ചിട്ടാണ് ഓത്തിനു പോകുക. പത്തിരിയോ പുട്ടോ എന്തെങ്കിലും ഉണ്ടാകും. അത് കൊണ്ട് വിശപ്പറിയില്ല. ഇവിടെ ആകുമ്പോ ആ നേരത്ത് വിശപ്പ് തുടങ്ങും. എന്നാലും കാര്യമില്ല. ഒരുപാട് അംഗങ്ങള്‍ ഉള്ള വീടാണ്. രാവിലത്തെ ചായ പതിനൊന്നു മണിന്റെ തീവണ്ടി പോയി ഏറെ കഴിഞ്ഞാലൊക്കെയെ ഉണ്ടാവൂ. അത് തന്നെ പെണ്ണുങ്ങള്‍ക്ക് കരിഞ്ചായയും എന്തെങ്കിലുമൊരു കൂട്ടലും. മുറ്റത്തു കുനിഞ്ഞിരുന്നു ചൂടി പിരിക്കുന്ന പതിനാലു വയസ്സിന്റെ ബാല്യത്തിന് അത്രേം നേരം താങ്ങാനാവുന്നതായിരുന്നില്ല വിശപ്പ്. വിശപ്പ് സഹിക്കാനാവാതെ ചിലപ്പോള്‍ തളര്‍ച്ച കൊണ്ട് ഉറക്കം തൂങ്ങിപ്പോകും.

സിംഗപ്പൂരിലുള്ള കാരണവര്‍ കല്യാണം കഴിച്ചു കൊണ്ട് വന്ന അമ്മായിയുടെ കയ്യില്‍ ഒരുപാട് കിത്താബുകള്‍ ഉണ്ട്. അറബിയിലും അറബി മലയാളത്തിലും. റസൂലിന്റെയും സഹാബാക്കളുടെയും ചരിത്രങ്ങള്‍, മാലപ്പാട്ടുകള്‍, സബീനപ്പാട്ടുകള്‍ മൗലീദ് കിതാബുകള്‍...
സ്‌കൂളില്‍ പോകാത്തത് കൊണ്ട്, ഓത്തുപുരയില്‍ നിന്ന് പഠിച്ച അറബി മലയാളം അല്ലാതെ വേറൊന്നും വായിക്കാനാറിയില്ല.

വീട്ടിലേക്ക് പോകുമ്പോഴൊക്കെ അമ്മായിയോട് മൂന്നും നാലും കിത്താബുകള്‍ വാങ്ങി കൊണ്ടുവരാന്‍ തുടങ്ങി. ചൂടി പിരിക്കുമ്പോള്‍ കിതാബുകള്‍ മടിയില്‍ നിവര്‍ത്തിവെച്ചു വായിക്കും. അപ്പോള്‍ വിശപ്പറിയില്ല. ഉറക്കം വരില്ല. ഒന്നുമറിയില്ല. മക്കത്തും മദീനത്തും ബദറിലും ഉഹ്ദിലും പിന്നെ ഇഫ്‌രീത്തു രാജന്റെ കോട്ടയിലും ഒക്കെയായി മനസ്സ് പറക്കുമ്പോള്‍ എന്ത് വിശപ്പും ദാഹവും. കോഴിക്കോട്ടങ്ങാടി പോലും കാണാത്ത ആ നാട്ടുമ്പുറക്കാരി പെണ്‍കുട്ടിയുടെ മനസ്സില്‍ ശാമും മിസ്‌റും ചെങ്കടലും ഒക്കെ അത്ഭുതമായി മനസ്സില്‍ നിറഞ്ഞു. ഖദീജാ ബീവിയുടെ വഫാത്തും ആയിശാ ബീവിയുടെ മാല കളഞ്ഞുപോയതും ആളുകള്‍ അപവാദം പറഞ്ഞതും ഒക്കെ വായിച്ചു കരഞ്ഞു. ജിന്നുകളും ഇഫ്‌രീത്തുകളും കുതിരപ്പടകളും ഒട്ടകക്കൂട്ടങ്ങളും ഈന്തപ്പന മരങ്ങളും ഉള്ളൊരു അതൃപ്പലോകം.

പതിനൊന്നു മണിയുടെ തീവണ്ടിയുടെ ഒച്ച കേള്‍ക്കുന്നോ എന്ന് തളര്‍ച്ചയോടെ ചെവിയോര്‍ത്തിരുന്നവള്‍
ചൂടിപിരിച്ചു പരുക്കനായി മാറുന്ന ഇളം കൈകള്‍ കൊണ്ട് മടിയില്‍ നിവര്‍ത്തി വെച്ച കിതാബുകള്‍ മറിച്ച് പിന്നെയും പിന്നെയും ആര്‍ത്തിയോടെ വായിച്ചു കൊണ്ടിരുന്നു. അക്ഷരങ്ങള്‍ തുറന്നു വെക്കുന്ന അത്ഭുതലോകത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ വിശപ്പറിയാതിരിക്കുക മാത്രമല്ല അമ്പരപ്പിക്കുന്ന കാഴ്ചകള്‍ മനസ്സില്‍ നിറഞ്ഞു. ചിരിയും കരച്ചിലും സന്തോഷവും സങ്കടങ്ങളും സ്‌നേഹവും ധീരതയും ഭക്തിയും....

അര നൂറ്റാണ്ട് മുമ്പ് തൂക്കച്ചേരി പിരിക്കുമ്പോള്‍ വിശപ്പറിയാതിരിക്കാനും ഉറക്കം വന്നു വീഴാതിരിക്കാനും അക്ഷരങ്ങളെ കൂട്ടുപിടിച്ച ആ പതിനാലുകാരിയുടെ പിന്തുടര്‍ച്ചയാണ് കൈയില്‍ കിട്ടുന്നതൊക്കെ ആര്‍ത്തിയോടെ വായിക്കാന്‍ എന്നെയും ശീലിപ്പിച്ചിട്ടുണ്ടാവുക. ഇന്നും കണ്ണട വെച്ച് പത്രം അരിച്ചു വായിക്കുന്ന എന്റെ ഉമ്മയുടെ അക്ഷരക്കൊതിയുടെ താവഴി ഞങ്ങളുടെ മക്കളിലേക്കും...

ഓര്‍മ്മ വെച്ച കാലം മുതല്‍ ഉമ്മാന്റെ നിസ്‌കാരപ്പായയുടെ അടുത്തുള്ള ജാലകപ്പടിയില്‍ മഞ്ഞച്ച പേജുകളുള്ള ചെറിയ ചെറിയ കിതാബുകള്‍ കാണാറുണ്ട്. നിസ്‌കാരം കഴിഞ്ഞു കാലു നീട്ടിയിരുന്നു വായിക്കുന്ന ഉമ്മയുടെ ചിത്രമുണ്ട് ഇപ്പോഴും മനസ്സില്‍. യൂസഫ് നബിയെ കിണറ്റില്‍ ഇട്ട കഥയും. പുഴയില്‍ ഒഴുക്കിയ മൂസാനബിയുടെ ചരിത്രവുമൊക്കെ ഉമ്മ പറഞ്ഞു തന്നതാണ്. അറബി മലയാളം വായിക്കുന്ന പോലെ തന്നെ മാലകളും ബൈത്തുകളും ഈണത്തില്‍ ചൊല്ലാനും ഉമ്മാക്ക് ഇഷ്ടമായിരുന്നു.

ഇന്ന് വായിക്കാന്‍ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും, പാഠപുസ്തകങ്ങളുടെ പുറത്തേക്ക് ഒട്ടും വായനാശീലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന യുവതക്ക് ചിന്തിക്കാനാവുമോ സങ്കടങ്ങള്‍ക്ക് പകരമായി അക്ഷരങ്ങളെ ചേര്‍ത്തുവെച്ചൊരു തലമുറയെ കുറിച്ച്.

എഴുതപ്പെടാതെ പോയ ഇതിഹാസങ്ങളാണ് ഓരോ ഉമ്മമാരും. മാതൃസ്‌നേഹം എന്ന വാഴ്ത്തുപാട്ടില്‍ നാം ഒതുക്കിക്കളയുന്ന അമ്മമാരൊക്കെയും അതിനും അപ്പുറം ഒരു കുടുംബത്തിന്റെ ആഭ്യന്തര മന്ത്രിയായും സാമ്പത്തിക വിദഗ്ധയായും നായതന്ത്രജ്ഞയായും അങ്ങനെ വൈവിധ്യമാര്‍ന്ന രീതിയില്‍ ഊര്‍ജ്ജ സ്രോതസ്സായി നിലകൊണ്ടതിന്റെ ഗുണഫലങ്ങളാണ് ആ കുടുംബം എന്നെന്നേക്കും അനുഭവിക്കുന്ന സൗഭാഗ്യങ്ങളുടെയൊക്കെയും അടിത്തറ.

എന്റെ ഓര്‍മ്മ തുടങ്ങുന്നത് ഞാന്‍ പിറന്നുവീണ ഞങ്ങളുടെ സ്വന്തം വീട്ടില്‍ നിന്നാണ്. ഉപ്പ ബാംഗ്ലൂരില്‍ നിന്ന് വരുന്ന ദിവസങ്ങളിലാണ് ഹൈവേയോട് ചേര്‍ന്നുള്ള വലിയ പറമ്പിനു നടുവിലെ ഇരുനില വീട്ടില്‍ ആളും ബഹളവും ഉണ്ടാകുന്നത് . അക്ഷരം പഠിച്ചു തുടങ്ങിയ ശേഷം ഞങ്ങള്‍ മക്കള്‍ എഴുതിത്തുടങ്ങിയ കത്തുകളിലൂടെ അല്ലാതെ എഴുത്തും വായനയും അറിയാത്ത ഉപ്പാക്കും ഉമ്മാക്കും ഇടയില്‍ യാതൊരു വിനിമയവും ഇല്ലാതിരുന്ന അക്കാലത്ത്, പത്താം തിയ്യതി കഴിഞ്ഞാല്‍ ഏതെങ്കിലും ഒരു വൈകുന്നേരം ഇന്ന് ഉപ്പ വരും എന്ന് ഉമ്മ ഊഹിച്ചു പറയുന്നത് എങ്ങനെ എന്ന് ഞങ്ങള്‍ അമ്പരന്നിട്ടുണ്ട്. കാരണം അങ്ങനെ പറഞ്ഞ ദിവസങ്ങളില്‍ ഉപ്പ വരാതിരുന്നത് അപൂര്‍വ്വം. ദീര്‍ഘയാത്ര മൂലം ചെടിച്ച വെള്ളക്കുപ്പായവും കാലുറയും കയ്യിലെ വലിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയുമായി ഉപ്പ കടന്നു വരുന്നത് തന്നെ ആഹ്ലാദമാണ്.

ഉപ്പ വന്നു എന്നറിഞ്ഞാല്‍ എത്തുന്ന ബന്ധുക്കളും സ്വന്തക്കാരും നാട്ടുകാരുമായ ആളും ബഹളവും. അടുക്കളയിലെ ഒരുക്കങ്ങളും. ഉപ്പ തിരിച്ചു പോകുന്നതോടെയാണ് വീട് പിന്നെയും ഉറങ്ങിപ്പോകുന്നത്. എന്നാല്‍ ഉമ്മാക്ക് വെറുതെയിരിക്കാന്‍ നേരമുണ്ടായിരുന്നില്ല ഒരിക്കലും.

വല്യുപ്പ നല്ലൊരു കൃഷിക്കാരനായതു കൊണ്ടാവാം ഉമ്മാക്കും എന്തും നട്ടുനനച്ചുണ്ടാക്കുവാന്‍ ഇത്ര താല്പര്യമുണ്ടായത്. തെങ്ങിന്‍ തൈകള്‍ പാകിയും ചെറുകിഴങ്ങ് നട്ടും, കുലയ്ക്കാറായ വാഴകള്‍ക്ക് ഊന്നു കൊടുത്തും ചേമ്പും ചേനയും കൂവയും ഉണ്ടാക്കിയും വീട്ടു വളപ്പില്‍ തന്നെ ഉമ്മാക്ക് പിടിപ്പത് പണി ഉണ്ടായിരുന്നു. ഇതൊന്നും ആരുടേയും നിര്‍ബന്ധത്തിനു ചെയ്യുന്നതല്ല എന്നതായിരുന്നു കൗതുകം. ഉപ്പാക്ക് ഈ കൃഷിയോ അതിലുള്ള വരുമാനമോ വിഷയമായിരുന്നില്ല. പറമ്പുകളിലെ തേങ്ങ പറിപ്പിച്ചു കൂടയുടെയും അടുക്കളയുടേയും അട്ടത്ത് ഇടുവിച്ചും, അതൊക്കെ വെള്ളം വറ്റാന്‍ വാഴയും മടലുമൊക്കെ വലിച്ചു കൊണ്ടുവന്ന് നിത്യം പുകയിട്ട് കൊടുത്തും. പശുവിനെയും കോഴികളെയും പോറ്റിയും. ഞങ്ങള്‍ നാല് ആണ്‍കുട്ടികളുടെ കാര്യം നോക്കിയും....

പൈപ്പ് വെള്ളമോ ഗ്യാസോ വാഷിങ് മെഷീനോ ഒന്നും ഇല്ലാത്ത കാലമാണ്. പുലര്‍ച്ചെ എഴുനേറ്റ് നിസ്‌കരിച്ചു ചായ ഉണ്ടാക്കി പശുവിനെ കറന്ന് കോഴികളെ തുറന്നിട്ട് ഞങ്ങളെ മദ്രസയിലും സ്‌കൂളിലും പറഞ്ഞയച്ച് വീട് വൃത്തിയാക്കി പിന്നെ ഇക്കണ്ട പറമ്പിലെ പണിയൊക്കെയും നോക്കി ചോറും കറിയും വെച്ച് അലക്കി...

ഇതിലൊക്കെ എന്തെങ്കിലും മടുപ്പോ സങ്കടമോ പറയുന്നത് കേട്ടിട്ടില്ല. അസുഖം വന്നാല്‍ പോലും ഇതൊക്കെ എങ്ങനെയാണു മുടക്കമില്ലാതെ കൊണ്ട് പോയിരുന്നത് എന്ന്.....

മടുപ്പില്ലാതെ ജീവിക്കാനുള്ള ഊര്‍ജ്ജവും ഉത്സാഹവും ഒക്കെ ആയിരിക്കാം അന്ന് ഉമ്മാക്ക് ഇതൊക്കെയും. അടക്ക വിറ്റും കുരുമുളക് വിറ്റും കിട്ടുന്നത് ഉപ്പാന്റെ വരുമാനം വെച്ച് എത്ര നിസ്സാരമായിരിക്കും എന്നും അതിന് ഉമ്മ എത്രത്തോളം മെനക്കെടുന്നു എന്നതും ചിന്തിക്കുന്ന എനിക്ക് തിരുവാതിരക്കാലത്ത് കുരുമുളകിന് തിരിയിട്ടോ എന്നത് മുതല്‍ ഉമ്മ അനുഭവിക്കുന്ന ആകാംക്ഷയും താഴെ വീണുപോയ മണികള്‍ അടക്കം ഇരുന്നു പെറുക്കി ഉണക്കിയെടുക്കുമ്പോള്‍ അനുഭവിക്കുന്ന ആനന്ദവും മനസ്സിലായില്ല. അടക്ക കുത്താന്‍ ഇരുന്നാല്‍ പുറം വേദന കൊണ്ട് ഉറങ്ങാന്‍ കഴിയാതെ പോകുന്ന രാത്രികളുടെ വില കിട്ടില്ലല്ലോ അടക്കക്ക് എന്ന എന്റെ യുക്തിക്കും അത് ഉള്‍ക്കൊള്ളാനായില്ല.

മുട്ടുവേദനയും കാലുവേദനയും കൊണ്ട് ഏറെയൊന്നും നടക്കാന്‍ പോലും കഴിയാത്ത അത്രയും തളരുന്നത് വരെ കൃഷിയും പശുവും ഒക്കെ കൊണ്ടുനടക്കാന്‍ ഉമ്മ ഉത്സാഹിച്ചിരുന്നു. ഞങ്ങളൊക്കെ കല്യാണം കഴിച്ചു കൊണ്ട് വന്നു പേരക്കുട്ടികള്‍ ആയി ഓരോരുത്തര്‍ക്കും വീടായി സ്വസ്ഥമായിട്ടും ഉമ്മ ഇപ്പോഴും അടങ്ങി ഇരിക്കുന്നില്ല. ഡോക്ടര്‍മാരുടെ ഒരു നൂറു നിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും ഉമ്മ എണീറ്റ് രാവിലെ മുതല്‍ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്നു. പറമ്പിലെ പുതുതായുള്ള ഓരോ തെഴുപ്പുകളിലേക്കും കൗതുകത്തോടെ കണ്ണ് നീളുന്നു. പത്രം അരിച്ചു പെറുക്കി ലോകകാര്യങ്ങള്‍ അറിയുന്നു. അങ്ങാടിനിലവാരം നോക്കി തേങ്ങയുടെ വിലയിടിവില്‍ ഉത്കണ്ഠപ്പെടുന്നു.

ഖത്തറില്‍ അനുജനോടൊപ്പം സ്ഥിരമായി താമസിക്കാന്‍ വിസയുണ്ടെങ്കിലും കുറച്ചു ദിവസം കഴിയുമ്പോഴേക്കും വീടോര്‍മ്മകള്‍ ഉമ്മാനെ എടങ്ങേറാക്കുന്നു.
മുറ്റത്തെ ചെടി നനക്കാറുണ്ടോ, തേങ്ങ ഉണങ്ങി വീഴുന്നുണ്ടോ, പറിക്കാന്‍ ആളെ കിട്ടിയോ, അടച്ചിട്ട പുര തുറന്നു നോക്കാറുണ്ടോ എന്നിങ്ങനെ ഒരുപാട് ആധികള്‍ കൊണ്ട് ഉമ്മ നാടിനെ ചേര്‍ത്ത് പിടിച്ചു കൊണ്ടിരിക്കും. കോര്‍ണീഷോ ബനാന ഐലന്റോ ഒന്നും തന്നെ പറമ്പിനു പിന്നിലെ കാവിലെ കാറ്റിന് പകരമാവുന്നുണ്ടാവില്ല. തെഴുത്തു പൊങ്ങി വളരുന്ന മുരിങ്ങമരവും മൈലാഞ്ചിയും പിന്നെ ആരുടേയും കണ്ണില്‍ പെടാതെ നാണിച്ചൊളിച്ചു നില്‍ക്കുന്ന പുതുതായി നട്ട പനിനീര്‍ ചെടിയുടെ മൊട്ടും.... അങ്ങനെ ഓരോ പ്രഭാതങ്ങളും തരുന്ന പുതുകാഴ്ചകളുടെ ആനന്ദം. മക്കളായി കുടുംബമായി ജീവിച്ച മണ്ണും ചുറ്റുപാടും വിട്ട് അകന്നു നില്‍ക്കുമ്പോള്‍ തോന്നുന്ന നഷ്ടബോധം മാത്രമല്ല ഉപ്പയുടെ ഓര്‍മ്മകളും പിടിച്ചു വലിക്കുന്നത് നാട്ടിലേക്കാണ്.

ആരോഗ്യമുള്ളൊരു ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തന നിരതമായിരിക്കുക. ഞാന്‍ എന്റെ എന്ന ചിന്തയില്ലാതെ വീടിനും കുടുംബത്തിനുമായി ജീവിക്കുക അതൊരു ത്യാഗം എന്ന നിലയില്‍ അല്ലാതെ ഏറ്റവും തൃപ്തമായി ആസ്വദിച്ച് കൊണ്ടാവുക. അത് കൊണ്ട് തന്നെ ഇതൊന്നും ആരാലും അംഗീകരിക്കപ്പെട്ടില്ലെങ്കിലും പരിഭവം തോന്നാത്ത ഒരുപാട് ഉമ്മമാരുടെ കൂട്ടത്തില്‍ ഒരാളാണ് എന്റെ ഉമ്മയും.

നാമെപ്പോഴും ആദരിക്കുകയും കൊണ്ടാടുകയും ചെയ്യുന്നത് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്തവരെയാണല്ലോ. . പക്ഷെ അതിലേറെ നമ്മെ സ്വാധീനിച്ച നമ്മുടെ ജീവിതത്തിലെ വിജയങ്ങള്‍ക്ക് കാരണമായ, വീടകങ്ങളില്‍ ഒതുങ്ങിപ്പോയ പെണ്‍ജീവിതങ്ങളെ കുറിച്ച് ആരാണ് പറയുക.

നാമെപ്പോഴും ആദരിക്കുകയും കൊണ്ടാടുകയും ചെയ്യുന്നത് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്തവരെയാണല്ലോ. അങ്ങനെ ആദരണീയരായ വനിതാ വ്യക്തിത്വങ്ങള്‍ നമ്മെ കടന്നു പോയവരും, ഇന്നും ജീവിച്ചിരിക്കുന്നവരും ആയി എമ്പാടും ഉണ്ട്. തീര്‍ച്ചയായും അവരുടെ ജീവിതം സമൂഹത്തിനു മാതൃക തന്നെയാണ്. പക്ഷെ അതിലേറെ നമ്മെ സ്വാധീനിച്ച നമ്മുടെ ജീവിതത്തിലെ വിജയങ്ങള്‍ക്ക് കാരണമായ, വീടകങ്ങളില്‍ ഒതുങ്ങിപ്പോയ പെണ്‍ജീവിതങ്ങളെ കുറിച്ച് ആരാണ് പറയുക. മാതൃ സ്‌നേഹത്തിന്റെയും വത്സല്യത്തിന്റെയും കണ്ണീരുറയുന്ന അനുഭവ കഥകള്‍ പലരും എഴുതാറുണ്ടെങ്കിലും വ്യക്തി എന്ന നിലയില്‍ അവര്‍ എങ്ങനെയാണ് കുടുംബത്തിനായി അര്‍പ്പിച്ചത് എന്ന്. എവിടെയും വെട്ടപ്പെടാതെയും അവകാശവാദങ്ങള്‍ ഉന്നയിക്കാതെയും ആരും അറിയാതെ പോകുന്ന ഓരോ പെണ്‍ ജീവിതങ്ങളും ഉറ്റവരെങ്കിലും അടയാളപ്പെടുത്തി വെക്കേണ്ടതില്ലേ എന്ന എന്നോട് തന്നെയുള്ള ചോദ്യത്തിന് ഉത്തരം തേടലാണ് ഈ എഴുത്ത്.

വാട്‌സ്ആപ്പില്‍ പേരക്കുട്ടിയുടെ മക്കളുടെ കൊഞ്ചലും കളിയും കണ്ടും യൂട്യൂബില്‍ വഅള് കേട്ടും പുതിയ കാലത്തെ അറിവിന്റെയും ആശയ വിനിമയത്തിന്റെയും വഴികളെ ചേര്‍ത്തു പിടിക്കുന്നുണ്ട് പണ്ട് ചൂടിപിരിക്കുമ്പോള്‍ കിതാബുകള്‍ വായിച്ചു വിശപ്പാറ്റിയ ആ പതിനാലുകാരി.

ഉമ്മാന്റെ കൂടെ കുറച്ചു നേരം ഇരിക്കുമ്പോള്‍ ഓര്‍മ്മകളും പഴയ കഥകളുമൊക്കെ ഇങ്ങനെ ചോര്‍ത്തിയെടുക്കുന്നത് രസമാണെങ്കിലും എനിക്കത്ര പറ്റാത്ത ചില ചോദ്യങ്ങള്‍ ഉമ്മ ഇടയ്ക്കിടെ ചോദിച്ചു കളയും.
'ഇഞ്ഞെന്താടാ ഈ പറമ്പിങ്ങനെ തിരിഞ്ഞു നോക്കാതെ ഇട്ടത്...'
'കൊട്ടത്തേങ്ങക്ക് വെല ഉള്ളേരം ഉരിപ്പിക്കാണ്ട് ഇഞ്ഞ് എന്തിന് വെച്ച് കുത്തിരിഞ്ഞതാ'
എന്നൊക്കെ ചില 'എടങ്ങേറു പിടിച്ച' ചോദ്യങ്ങള്‍ ഇടക്ക് ഉണ്ടാവുമ്പോള്‍ ഞാന്‍ മെല്ലെ തടിയെടുക്കുന്നു.

'ബൗസു'ള്ള പെണ്ണാണ് കുടുംബത്തിന്റെ 'ബര്‍ക്കത്ത്' എന്ന പഴമക്കാരുടെ വര്‍ത്തമാനത്തിന്റെ പൊരുള്‍ എന്റെ ഉമ്മയെപ്പോലെ ഒരായിരം ഉമ്മമാര്‍ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  24 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  24 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  24 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  24 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  24 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  24 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  24 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  24 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  24 days ago