പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ 'ടാലന്റ് ഹണ്ട്' തുടങ്ങി
കാസര്‍കോട്: ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ടാലന്റ് ഹണ്ടില്‍ ജില്ലയിലെ 90 സ്‌കൂളുകളില്‍ നിന്നായി 450 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ടാലന്റ് ഹണ്ടില്‍ തിരഞ്ഞെടുക്കപ്പെടുന്ന 42 വീതം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്ലസ്ടു വരെ ആവശ്യമായ എല്ലാവിധ പരിശീലനങ്ങളും ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കുമെന്നും കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തെ സ്‌പോര്‍ട്‌സ് ഹബായി മാറ്റുമെന്നും കലക്ടര്‍ ഡോ.ഡി. സജിത് ബാബു പറഞ്ഞു. എച്ച്.എ.എല്‍. സീതാംഗോളി എ.ജി.എം എ.സി റാവു മുഖ്യാതിഥിയായി. എച്ച്.എ.എല്ലിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതി (സി.എസ്.ആര്‍.) പ്രകാരം ജില്ലയുടെ കായിക മേഖലയുടെ വികസനത്തിന് 1.83 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും മുനിസിപ്പല്‍ സ്റ്റേഡിയം വിപുലപ്പെടുത്തുന്നതിനായി തുക ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലയെ മുന്‍നിരയിലെത്തിക്കാന്‍ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ടാലന്റ് ഹണ്ട് സംഘടിപ്പിച്ചത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നിന്നായി ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും തിരഞ്ഞെടുത്ത് പരിശീലനം നല്‍കി വരുകയായിരുന്നു. ഇങ്ങനെ തിരഞ്ഞെടുത്ത 450 ഓളം വിദ്യാര്‍ഥികളില്‍ നിന്നാണ് തുടര്‍പരിശീലനം നല്‍കുന്നതിനായി 84 പേരെ തിരഞ്ഞെടുത്തത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍.എ സുലൈമാന്‍ പതാകയുയര്‍ത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, ഹുസൂര്‍ ശിസ്തദാര്‍ കെ. നാരായണന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെവി. രാഘവന്‍, അച്യുതന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."