മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ലഘുലേഖകള്‍
കരുനാഗപ്പള്ളി: ജനവാസ മേഖലയില്‍ സ്വകാര്യ മൊബൈല്‍ കമ്പനി ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. തൊടിയൂര്‍ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ സ്ഥാപിക്കാന്‍ ശ്രമിച്ച ടവറിനെതിരെയാണ് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായിറങ്ങിയത്. മൊബൈല്‍ ടവര്‍ സ്ഥാപിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടവര്‍ സ്ഥാപിക്കാനുള്ള കമ്പനിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞത്.
എട്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് പ്രസിഡന്റ് ബദറുദീന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ആഴ്ചകള്‍ക്ക് മുമ്പ് ടവര്‍ നിര്‍മാണം ആരംഭിച്ചത്. ജെ.സി.ബി ഉപയോഗിച്ച് കുഴി എടുക്കുന്നതിനിടെയാണ് നാട്ടുകാര്‍ നിര്‍മാണം തടഞ്ഞത്. വിവരം അറിഞ്ഞ് ആദ്യമെത്തിയ വാര്‍ഡ് മെമ്പര്‍ അജിതാ മോഹന്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. ഇതിനിടെ മെമ്പറുടെ ഭര്‍ത്താവ് നാട്ടുകാരോട് തട്ടിക്കയറുകയും മൊബൈല്‍ ടവര്‍ എന്ത് വില കൊടുത്തും സ്ഥാപിക്കുമെന്നും ഭീഷണി മുഴക്കി. തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. പിന്നീട് പ്രതിഷേധവുമായി തൊടിയൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടം അനുസരിച്ചാണ് താന്‍ ടവര്‍ നിര്‍മാണത്തിന് അനുമതി കൊടുത്തതെന്ന് സെക്രട്ടറി നാട്ടുകാരോട് പറഞ്ഞു. ജില്ലാ ടെലികോം കമ്മറ്റിയാണ് ഇനി തീരുമാനമെടുക്കേണ്ടതെന്ന് സെക്രട്ടറി പറഞ്ഞതോടെ കൂടി ഉപരോധം അവസാനിപ്പിച്ചു നാട്ടുകാര്‍ പിരിഞ്ഞു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടവര്‍ നിര്‍മാണ സ്ഥലത്തെത്തി കൊടികുത്തുകയും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം തന്നെ ടവറിന് തങ്ങള്‍ എതിരല്ല എന്നും സി.പി. എം പ്രവര്‍ത്തകരാണ് ഇതിന് പിന്നാലെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പേരിലുള്ള ലഘുലേഖകള്‍ ജനങ്ങളുടെ കൈകളിലെത്തി.
തൊട്ടു പുറകെ സ്ഥലമുടമയും എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റുമായ ബദറുദീനും ഇറക്കി ലഘുലേഖ. ആക്ഷന്‍ കൗണ്‍സില്‍ നിരത്തുന്ന ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും മൊബൈല്‍ കമ്പനിയുമായി ഒപ്പിട്ട കരാര്‍ ലംഘിച്ചാല്‍ ഭീമമായ തുക നഷ്ടപരിഹാരം നല്‍കേണ്ടതായും വരും അതിനാല്‍ ടവര്‍ നിര്‍മ്മാണം തടയാന്‍ തനിക്ക് കഴിയില്ല എന്നുമാണ് ലേഖനത്തിന്റെ ഉള്ളടക്കം. എന്തു തന്നെയായാലും ടവര്‍ നിര്‍മാണം നടത്താന്‍ അനുവദിക്കില്ലെന്നു ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വി.രാജേന്ദ്രന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."