കാട്ടാനയ്ക്ക് പിന്നാലെ പുലിയും; ഭീതിയൊഴിയാതെ ജനം
ദേലംപാടി: കാട്ടാന ഭീതി പരത്തിയ വനാതിര്‍ത്തിപ്രദേശത്ത് പുലി ഇറങ്ങിയെന്ന സംശയം പരന്നതോടെ ഗ്രാമവാസികള്‍ ഭീതിയില്‍.
ദിവസങ്ങള്‍ മുന്‍പ് ദേലംപാടി ചള്ളംത്തുങ്കാലില്‍ മേയാന്‍ വിട്ട കാളയെ കാട്ടിനുള്ളില്‍ പുലി പിടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതിനുശേഷം രണ്ടുവളര്‍ത്തുനായകളെ കണാതാവുകയും ചെയ്തിരുന്നു.
ഇരുപത്തിയഞ്ച് ദിവസം മുന്‍പ് കടുമനടുക്കയിലും രണ്ട് ആടുകളെ പുലി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ഏതാനും ദിവസം മുന്‍പ് മണ്ടേമിട്ടിയിലും ഒരു ആടിനെ കാണാതായിരുന്നു.
നേരത്തേ വനം വകുപ്പിന്റെ വന്യജീവി കണക്കെടുപ്പില്‍ ഈ ഭാഗത്തെ പാണ്ടിയിലെ ഉള്‍ക്കാട്ടില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തുകയും കാട്ടില്‍ സ്ഥാപിച്ച കാമറയില്‍ പുലി പതിയുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്ന നിലയില്‍ കാണുന്നതും കാണാതാവുന്നതും പുലിയുടെ അക്രമണം കാരണമാണെന്ന സംശയമുയര്‍ന്നത്. ഏറെ ഭാഗവും സംരക്ഷിതവനവും പുഴയുമുള്ള പ്രദേശമാണിത്.
കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നികളും കുരങ്ങുകളും ജനവാസ കേന്ദ്രത്തിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് ഇവിടെ നിത്യസംഭവമാണെങ്കിലും പുലി ഇറങ്ങിയെന്ന സംശയം കൂടി ഉയര്‍ന്നതോടെ ഭീതിയിലാണ് പ്രദേശവാസികള്‍.
മുള്ളേരിയ: വീട്ടുപരിസരത്ത് കെട്ടിയിരുന്ന ആടിനെ അജ്ഞാത ജീവി കടിച്ചുകൊന്നു.അഡൂര്‍ പാണ്ടി തീര്‍ത്ഥക്കരയിലെ മണിയുടെ ആടാണ് ചത്തത്. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെയാണ് സംഭവം. വീട്ടു പരിസരത്ത് കെട്ടിയിരുന്ന ആടിന്റെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്.
ബഹളം വച്ചതോടെ അജ്ഞാത ജീവി ഓടിപോയി. ഇത് പുലിയാണെന്നു സംശയിക്കുന്നതായി വീട്ടുകാര്‍ പറയുന്നു.
വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."