മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മികച്ച മാതൃക; 180 കോടി രൂപയുടെ വിപുലമായ നീര്‍ത്തട സംരക്ഷണ പദ്ധതി
മഞ്ചേശ്വരം: ജലാശയങ്ങള്‍ കൊണ്ട് സമ്പന്നമാണെങ്കിലും വേനലാരംഭം തന്നെ കടുത്ത ജലക്ഷാമം അനുഭവപ്പെടാറുള്ള ജില്ലയില്‍ നീര്‍ത്തടസംരക്ഷണത്തിന് മികച്ച മാതൃകയൊരുക്കി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്. ഹരിത കേരളം മിഷന്റെ ഭാഗമായി ജലജൈവ വിഭവങ്ങളെ സംരക്ഷിച്ച് പരിസ്ഥിതിക്കനുയോജ്യമായ രീതിയില്‍ വിനിയോഗിക്കുന്നതിനായി 180 കോടി രൂപയുടെ വിപുലമായ നീര്‍ത്തട സംരക്ഷണ പദ്ധതിക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നല്‍കി.
പരമ്പരാഗത ജലസ്രോതസുകളായ തോടുകളും കുളങ്ങളും വൃത്തിയാക്കുകയും ഒഴുകിയെത്തുന്ന വെള്ളം തടഞ്ഞുനിര്‍ത്താന്‍ സഹായിക്കുന്ന തടയണകളും ജലസേചനം സാധ്യമാക്കുന്നതിന് ചെറിയ നീര്‍ച്ചാലുകള്‍ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഭൂഗര്‍ഭ ജലനിരപ്പുയര്‍ത്തി കൃഷി വ്യാപകമാക്കാനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തികളാണ് പ്രധാനമായും നിര്‍ദേശിച്ചിട്ടുള്ള പ്രവര്‍ത്തികള്‍. വിവിധ തരത്തിലുള്ള കയ്യാല നിര്‍മാണം, നീര്‍ക്കുഴികള്‍, കാവുകളുടെ സംരക്ഷണം, ജല ഉറവകളുടെ സംരക്ഷണം, സമ്മിശ്ര കൃഷി, ആവരണവിളകള്‍, കോണ്ടൂര്‍ കൃഷി, ജൈവ വേലി, പുല്‍ വരമ്പ്, പാര്‍ശ്വഭിത്തി, വിവിധ തരത്തിലുള്ള തടയണ നിര്‍മാണം തുടങ്ങിയ പ്രവൃത്തികളിലൂടെ മഞ്ചേശ്വരം ബ്ലോക്കിലെ 79 ചെറു നീര്‍ത്തടങ്ങളുടെ വികസനമാണ് പദ്ധതി വിഭാവന ചെയ്തിട്ടുള്ളത്.
കുക്കാര്‍, കുബനൂര്‍, മുട്ടം, ഇച്ചിലംകോട്, ഹേരൂര്‍, ഉപ്പള, ബേക്കൂര്‍,മജിബയല്‍, മൂടംബയല്‍, കടമ്പാര്‍, കുളൂര്‍, ബെരിപ്പദവ്, കോളിയൂര്‍, അംഗഡിമുഗര്‍ തുടങ്ങിയ നീര്‍ത്തടങ്ങളിലാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് പറഞ്ഞു. സംസ്ഥാന അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരം മേഖലയില്‍ വേനല്‍ക്കാലമാരംഭിക്കുമ്പോള്‍ തന്നെ കടുത്ത ജലക്ഷാമം അനുഭവപ്പെടാറുണ്ട്. മണ്‍സൂണ്‍ കാലങ്ങളില്‍ ശരാശരി മഴ ലഭിക്കാറുണ്ടെങ്കിലും ജലസംഭരണികളില്ലാത്തതിനാല്‍ നിലവില്‍ മണിക്കൂറുകള്‍ക്കകം മഴവെള്ളം അറബിക്കടലിലെത്തുന്ന സ്ഥിതി വിശേഷമാണുള്ളത്. ഈ സാഹചര്യത്തിന് പ്രകൃതിയുടെ പ്രതിരോധം തീര്‍ക്കാനാണ് നീര്‍ത്തട വികസന പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. സമയ ബന്ധിതമായ പ്രവര്‍ത്തനങ്ങളിലൂടെ അഞ്ച്ുര്‍ഷം കൊണ്ട് സമ്പൂര്‍ണമായ നീര്‍ത്തട സംരക്ഷണം സാധ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എന്‍ സുഗുണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."