ക്രൂഡ് ഉൽപാദനം 12.3 ദശലക്ഷം ബാരലായി ഉയർത്തുമെന്ന് സഊദി അരാംകോ
റിയാദ്: ക്രൂഡ് ഉൽപാദനം പ്രതിദിനം 12.3 ദശലക്ഷം ബാരലായി ഉയർത്തുമെന്ന് സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ അറിയിച്ചു. ഏപ്രിൽ ഒന്ന് മുതലാണ് ഉത്പാദന ശേഷി ഉയർത്തുകയെന്നു സഊദി അരാംകോ അറിയിച്ചു. നിലവിൽ ഉത്പാദനം 12 ദശലക്ഷം ബാരലാണ്. ഇതാണ് സഊദി അരാംകോയുടെ ഏറ്റവും വലിയ ശേഷിയെന്നാണ് ഇത് വരെയുള്ള വിവരം. ഇതിനു പുറമെയാണ് പ്രതിദിനം 300,000 ബാരൽ കൂടി ഉത്പാദനം ഉയർത്താൻ സഊദി അരാംകോ തീരുമാനിച്ചത്. പ്രാദേശിക, അന്താരാഷ്ട്ര ആവശ്യക്കാർക്ക് ഇവ നൽകുമെന്നും സഊദി അരാംകോ അറയിച്ചു. അധികമായി ഉത്പാദിപ്പിക്കുന്നതെടക്കമുള്ള എണ്ണ വാങ്ങാൻ വിവിധ ഉപഭോക്താക്കളുമായി ധാരണയിലെത്തിയായി സഊദി അരാംകോ സി ഇ ഒ അമീൻ നാസർ വെളിപ്പെടുത്തി.
എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒപെക്കും കൂട്ടായ്മക്ക് പുറത്തെ ഏറ്റവും വലിയ ഉത്പാദക രാജ്യമായ റഷ്യയുടെ നേതൃത്വത്തിലുള്ള മറ്റ് നിർമ്മാതാക്കളും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ക്രൂഡ് ഓയിൽ വിതരണത്തിൽ അഭൂതപൂർവമായ വർധനവ് നടത്താൻ സഊദി അറേബ്യ തീരുമാനിച്ചത്. ആഗോള എണ്ണവിലയിൽ കൊറോണ വൈറസ് ബാധിച്ചതോടെ വില പിടിച്ചു നിർത്തുന്നതിനായി ഉത്പാദനം വെട്ടികുറക്കാൻ നടത്തിയ നീക്കത്തിൽ റഷ്യ ഇടഞ്ഞതിനെ തുടർന്ന് ഒപെക് പ്ലസ് നിർമ്മാതാക്കൾ തമ്മിലുള്ള മൂന്ന് വർഷത്തെ സഹകരണ കരാർ വെള്ളിയാഴ്ച അവസാനിപ്പിച്ചിരുന്നു. ഉത്പാദനത്തിലെ നിയന്ത്രണങ്ങൾ മുഴുവൻ എടുത്ത് കളഞ്ഞാണ് ഒപെക് റഷ്യൻ നിലപാടിനെതിരെ സഊദി പ്രതികരിച്ചത്.
സഊദി അറേബ്യയുടെ നേതൃത്വത്തിൽ ഒപെക് പ്ലസ് ആകെയുള്ള പ്രതിദിന ഉത്പാദനം 2.1 ദശലക്ഷം ബാരലായി കുറക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എങ്കിലും ഉത്പാദനം കൂടുതൽ കുറച്ചാണ് ഇത് വരെ വിപണി നിലനിർത്തിയിരുന്നത്. കഴിഞ്ഞ ദിവസത്തെ സഊദി ഇടപെടലിനെ തുടർന്ന് 1991 ലെ ഗൾഫ് യുദ്ധത്തിന് ശേഷം ഒറ്റയടിക്ക് ക്രൂഡ് ഓയിൽ വില ബാരലിന് 28 ഡോളറായാണ് വില ഇടിഞ്ഞത്. വൈറസ് ബാധ ആഗോളതലത്തില്‍ പടര്‍ന്നതോടെ ക്രൂഡ് ഓയില്‍ വിലയില്‍ 31 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. റിയാദ് ഓഹരി വിപണി തിങ്കളാഴ്ച തുറന്നതോടെ സഊദി അരാംകോയുടെ ഓഹരികൾ 10 ശതമാനം ഇടിഞ്ഞു. സഊദി അരാംകോ കമ്പനിയുടെ അഭ്യർത്ഥന മാനിച്ച് സഊദി ഷെയർ മാർക്കറ്റ് തദാവുൽ ചൊവ്വാഴ്ച അരാംകോ ഓഹരികളുടെ വ്യാപാരം പ്രഖ്യാപനത്തിന് മുമ്പായി നിർത്തിവച്ചിരുന്നു. അരാംകോ തീരുമാനം വിപണിയിൽ കൂടുതൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."