പയ്യന്നൂരിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ വേഗത്തിലാക്കും
പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിലെ പൊതുമാരാമത്തുവകുപ്പിനു കീഴില്‍ ടെന്‍ഡര്‍ ചെയ്ത പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാനും ഭരണാനുമതിയായ പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടി വേഗത്തില്‍ നടത്താനും അവലോകന യോഗം തീരുമാനിച്ചു.
കഴിഞ്ഞ രണ്ടരവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ 500 കോടിയോളം രൂപയാണു പൊതുമരാമത്തു വകുപ്പിനു കീഴില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ അനുവദിച്ചത്. മേത്തുരുമ്പ-ചപ്പാരപ്പടവ്-കുറ്റൂര്‍, അരവഞ്ചാല്‍ പുറക്കുന്ന്, രാജഗിരി ജോസ്ഗിരി റോഡുകളും പയ്യന്നൂര്‍ വനിതാ പോളിടെക്‌നിക് ക്വാര്‍ട്ടേഴ്‌സ്, പെരിങ്ങോം ഗവ. കോളജ് ചുറ്റുമതില്‍ നിര്‍മാണം എന്നിവ പൂര്‍ത്തീകരിച്ചു. കോത്തായിമുക്ക്-ചെറുപുഴ, പാടിയോട്ടുചാല്‍-തിമിര-ചെറുപാറ, പാടിയോട്ടുചാല്‍ ഓടമൂട്ട് എന്നീ റോഡുകളുടെ പ്രവൃത്തികള്‍ ഫെബ്രുവരി 28നകം പൂര്‍ത്തീകരിക്കും.
ചെറുപുഴ-മുതുവം-മഞ്ഞക്കാട്, വെള്ളോറ-കക്കറ-കടുക്കാരം എന്നീ റോഡുകളിലെ വൈദ്യുതത്തൂണ്‍ മാറ്റുന്നതോടുകൂടി ടാറിങ് പ്രവൃത്തി ആരംഭിക്കും. മാതമംഗലം-പേരൂല്‍, പയ്യന്നൂര്‍ കാരതാലിച്ചിലം എന്നീ റോഡുകളുടെ ടാറിങ് പ്രവൃത്തി ഏപ്രില്‍ 30നകം നടത്തും. സ്വാമിമുക്ക് പുത്തൂര്‍ വെള്ളൂര്‍, കാങ്കോല്‍ ചീമേനി എന്നിവ മെയ് 30നകം പൂര്‍ത്തീകരിക്കും. പുന്നക്കടവ് പുതിയപുഴക്കര, കട്ടച്ചേരി കൂക്കാനം പുത്തൂര്‍ എന്നിവയുടെ പ്രവൃത്തികള്‍ ഫെബ്രുവരി പകുതിയോടുകൂടി ആരംഭിക്കും.
പൊതുമരാമത്ത് റെസ്റ്റ്ഹൗസ്, പയ്യന്നൂര്‍ കോടതി, വെള്ളൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ കെട്ടിടങ്ങളുടെ എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കു സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. പെരിങ്ങോം ഗവ. കോളജ്, ഐ.ടി.ഐ എന്നിവയുടെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാനും തീരുമാനമായി. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് തുടങ്ങാനുള്ള സൗകര്യം ഫെബ്രുവരി 28നകം പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു.
ചൂളക്കടവ് പാലം, മൂലക്കീല്‍ കടവ് പാലം, പയ്യന്നൂര്‍-അമ്പലത്തറ-കാനായി മണിയറ റോഡ് എന്നീ പ്രവൃത്തികളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഭരണാനുമതിക്കു സമര്‍പ്പിച്ചതായും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. രാഘവന്‍, എം.വി ഗോവിന്ദന്‍, പി. ഉഷ എന്നിവരും പൊതുമരാമത്ത്, റോഡ്‌സ്, ബില്‍ഡിങ്‌സ്, നാഷണല്‍ ഹൈവേ, ബ്രിഡ്ജസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്, കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."