കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ പിന്‍വഴികള്‍ തേടി കോണ്‍ടാക്ട് ട്രൈസിങ് പൂര്‍ത്തീകരണത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ പിന്‍വഴികള്‍ തേടിയുള്ള കോണ്‍ടാക്ട് ട്രൈസിങ് പൂര്‍ത്തീകരണത്തിലേക്ക്. രോഗബാധിതര്‍ സഞ്ചരിച്ച വഴികളും ഇടപെട്ട ആളുകളെയും കണ്ടെത്തുക വഴി രോഗ വ്യാപനത്തിന് തടയിടലാണ് ലക്ഷ്യം. ഇറ്റലിയില്‍ നിന്ന് കേരളത്തിലെത്തിയ റാന്നി സ്വദേശികളായ കുടുംബം രോഗവിവരം എയര്‍പോര്‍ട്ടിലെ സ്‌ക്രീനിങ് വിഭാഗത്തോട് മറച്ചുവച്ച് ഒരാഴ്ച നാട്ടില്‍ കറങ്ങി നടന്നതും ഇവര്‍ ഇടപഴകിയ എട്ടുപേര്‍ക്ക് രോഗം പകരുകയും ചെയ്തതോടെയാണ് ആരോഗ്യ വകുപ്പ് ശ്രമകരമായ ഈ ദൗത്യത്തിലേക്ക് ഇറങ്ങേണ്ടി വന്നത്.
ഇറ്റലിയില്‍ നിന്ന് ഇവര്‍ വന്ന വിമാനം മുതല്‍ പങ്കെടുത്ത പൊതുപരിപാടികളുള്‍പ്പെടെയുള്ള യാത്രകളുമാണ് ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നത്. ഇറ്റലിയില്‍ നിന്നു വന്ന രോഗബാധിതരായ മറ്റൊരു കുടുംബം എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ട് കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷനിലേക്ക് മാറ്റിയതിനാല്‍ മൂന്നു വയസുള്ള കുഞ്ഞിനും അച്ഛനും അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചെങ്കിലും രോഗവ്യാപനം കുറവാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
അവര്‍ സഞ്ചരിച്ച വിമാനത്തിലെ എല്ലാ ആളുകളുടെയും വിവരങ്ങള്‍ ശേഖരിച്ച് അവരെ മാത്രം നിരീക്ഷണത്തിലാക്കിയാല്‍ മതിയാകും. ഇതിന്റെ നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. എന്നാല്‍ റാന്നി സ്വദേശികളായ കുടുംബം ബന്ധപ്പെട്ടിരിക്കുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലായതിനാലും അവരില്‍ നിന്ന് രോഗവ്യാപനം നടന്നതിനാലും ഇവരുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലെ ആളെ കണ്ടെത്തുംവരെ കോണ്‍ടാക് ട്രൈസിങ് തുടരും. ഇത്തരത്തില്‍ രോഗികള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തു വിടാനുള്ള തയാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. ഇതുവഴിയും ഇവര്‍ ബന്ധപ്പെട്ട ആളുകളെ കണ്ടെത്താനാകും.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് രീതിയിലുള്ള കോണ്‍ടാക്ട് ട്രൈസിങ്ങാണ് നടക്കുന്നത്. സ്ഥലം, സമയം, തിയതി എന്നീ ക്രമത്തിലും മാപ്പിങ് വഴിയും. രോഗബാധിതര്‍ സഞ്ചരിച്ച വഴിയും ഇടപഴകിയ ആളുകളെയും തേടിയുള്ള യാത്രയില്‍ ഇവര്‍ സഞ്ചരിച്ച സ്ഥലങ്ങള്‍ കണ്ടെത്തുകയാണ് ആദ്യ പടി. തിയതിയും സമയവും കണ്ടെത്തി അവിടെ ഉണ്ടാകാന്‍ സാധ്യതയുള്ള ആളുകളെയെല്ലാം നിരീക്ഷണത്തിലാക്കി രോഗമില്ലെന്ന് ഉറപ്പാക്കുകയാണ് ഇത് വഴി ചെയ്യുന്നത്.
മാപ്പിങ് സംവിധാനത്തിലൂടെ രോഗബാധിതരുമായി പ്രാഥമിക സമ്പര്‍ക്കവും ദ്വിതീയ സമ്പര്‍ക്കവും നടത്തിയ ആളുകളുടെ എണ്ണം കണക്കാക്കി മാപ്പില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ചുവന്ന അടയാളത്തില്‍ പ്രാഥമിക സമ്പര്‍ക്കവും നീല അടയാളത്തില്‍ ദ്വിതീയ സമ്പര്‍ക്കവും രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ ചുവപ്പ്, നീല അടയാളങ്ങളുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. മുന്‍പ് മലപ്പുറം ജില്ലയില്‍ ദിഫ്തീരിയ ബാധിച്ച സമയത്താണ് ഇത്തരത്തില്‍ കോണ്‍ടാക്ട് ട്രൈസിങ്ങിന് മാപ്പിങ് സിസ്റ്റവും സ്ഥലം, സമയം, തിയതി ക്രമത്തിലുള്ള ട്രാക്കിങ്ങും നടത്തിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വാര്‍ഡ് മെംബര്‍മാരുടേയും ആശാ വര്‍ക്കര്‍മാരുടേയും സഹായത്തോടെ കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നിട്ടുള്ളവരുണ്ടോയെന്ന് കണ്ടെത്താനുള്ള സര്‍വയലന്‍സ് സിസ്റ്റവും ശക്തിപ്പെടുത്തുന്നുണ്ട്. നഗര പ്രദേശത്ത് റസിഡന്‍സ് അസോസിസിയേഷന്റെ സഹായത്തോടെയാണ് ഈ നിരീക്ഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."