കുട്ടനാട് സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്: എം. ലിജു സ്ഥാനാര്‍ഥിയാകാന്‍ സാധ്യത
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാത്ത സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ അരെ സ്ഥാനാര്‍ഥിയാക്കണമെന്ന കാര്യത്തില്‍ ഇന്നലെ രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും നടന്നു.
ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും മാണി കോണ്‍ഗ്രസിലെ പി.ജെ.ജോസഫ് വിഭാഗവുമായി സീറ്റിന്റെ കാര്യത്തില്‍ അന്തിമ ധാരണ ഉണ്ടായിക്കിയിരുന്നില്ല. അന്തിമ ധാരണ രൂപപ്പെടുത്തുന്നതിനായി ഇന്നലെ വൈകുന്നേരത്തോടെ കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ജോസഫ് വിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തി. മറ്റൊരു സീറ്റ് നല്‍കുമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ കുട്ടനാട് സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
കുട്ടനാട് സീറ്റില്‍ ജോസഫ് വിഭാഗത്തില്‍നിന്നുള്ളയാളാണ് കഴിഞ്ഞ തവണ മത്സരിച്ചതെന്ന് ചെന്നിത്തല നേരത്തെതന്നെ പറഞ്ഞിരുന്നു. ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ പ്രതിരോധത്തിലാക്കാനുള്ള നീക്കമായിരുന്നു ഇത്. മാത്രമല്ല ജോസഫിന്റെ പക്ഷത്ത് നില്‍ക്കുന്ന ആര്‍ക്കെങ്കിലും കുട്ടനാട് സീറ്റ് നല്‍കിയാല്‍ എം.എല്‍.എമാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ അവര്‍ മുന്നിലെത്തുന്നത് ഗുണമാകില്ലെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ സീറ്റ് കോണ്‍ഗ്രസിനു നല്‍കുന്നതില്‍ ജോസിന്റെ നേതൃത്വത്തിലുള്ളവര്‍ക്ക് താല്‍പര്യവുമാണ്. ജോസഫ് വിഭാഗത്തെയും അനുനയിപ്പിച്ച് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം.ലിജുവിനെ കുട്ടനാട്ടില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ലിജുവിന് വിജയസാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കുട്ടനാട്ടില്‍ ജയസാധ്യത എത്രത്തോളമാണ് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് എം.ലിജു ഉള്‍പ്പെടെയുള്ള ആലപ്പുഴയിലെ പ്രമുഖ നേതാക്കളുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മണ്ഡലത്തിലെ പ്രമുഖരെ സന്ദര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലിജു തുടങ്ങിയതായാണ് പറയുന്നത്. സീറോമലബാര്‍ സഭയ്ക്കുള്ള അതൃപ്തി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ലിജു കഴിഞ്ഞ ദിവസം ബിഷപ്പിനെയും സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."