വാഹനങ്ങള്‍ വാടകക്കെടുത്ത് മറിച്ചു വില്‍പ്പന: പ്രധാന പ്രതി പിടിയില്‍
വടക്കാഞ്ചേരി: വാഹനങ്ങള്‍ വാടകക്കെടുത്തു മറിച്ചു വിറ്റ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രധാന പ്രതി പൊലിസ് പിടിയില്‍. ദേശമംഗലം പള്ളം സ്വദേശി പാറക്കല്‍ ഷെരീഫ് (39) ആണ് വടക്കാഞ്ചേരി പൊലിസ് ഹൗസ് സ്റ്റേഷന്‍ ഓഫിസര്‍ പി.എസ് സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തിന്റെ പിടിയിലായത്. അക്കിക്കാവ് സ്വദേശി ജയേഷ്, തെക്കുംകര സ്വദേശി സിദ്ധിഖ് എന്നിവരുടെ പരാതി പ്രകാരമാണ് പൊലിസ് ഷെരീഫിനെതിരെ കേസെടുത്തിരുന്നത്. വിവാഹ ആവശ്യത്തിനും മറ്റുമായി വാങ്ങിയ വാഹനങ്ങള്‍ തിരിച്ചു കൊടുക്കാതെ വില്‍പന നടത്തുകയാണ് വാഹന തട്ടിപ്പ് സംഘം ചെയ്തിരുന്നത്. കൂടാതെ പരാതിക്കാരില്‍ നിന്നും ലക്ഷക്കണക്കിനു രൂപയും തട്ടിപ്പ് സംഘം കൈക്കലാക്കിയിരുന്നു.
തട്ടിപ്പ് സംഘത്തിലുണ്ടായിരുന്ന പാലക്കാട് നൂറണി സ്വദേശി ഹനീഫ, ഷെരീഫിന്റെ ഭാര്യ സാജിത എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചു വാഹനങ്ങളാണ് പ്രതികള്‍ തട്ടിപ്പിനിരയാക്കിയത്. വാഹനങ്ങള്‍ കൈക്കലാക്കിയ ശേഷം പാലക്കാട് നൂറണി സ്വദേശി ഹനീഫ വഴിയാണ് വില്‍പ്പന നടത്തിയിരുന്നത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഷെരീഫ് തമിഴ്‌നാട്, ബംഗളൂരു എന്നിവിടങ്ങളില്‍ കഴിയുകയായിരുന്നു. അന്വേഷണ സംഘത്തില്‍ എസ്.ഐ കെ.സി രതീഷ്, എ.എസ്.ഐ ജോര്‍ജ്, സി.പി.ഒമാരായ വിജയന്‍, അനീഷ്, ജോബിന്‍ ഐസക്, വനിതാ സി.പി.ഒ ഇന്ദു എന്നിവരുണ്ടായിരുന്നു.
ഇത്തരത്തില്‍ സമാനമായ മറ്റു തട്ടിപ്പുകള്‍ സംഘം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."