മണ്ടംപറമ്പില്‍ വീണ്ടും കുരങ്ങന്മാരുടെ ആക്രമണം
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പില്‍ വീണ്ടും കുരങ്ങന്മാരുടെ ആക്രമണം. പട്ടികജാതി കോളനിയില്‍ താമസിക്കുന്ന നിര്‍ധനരായ കുടുംബങ്ങളാണ് കുരങ്ങന്മാരുടെ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്നത്. മാസങ്ങളായി തുടരുന്ന കുരങ്ങന്മാരുടെ ക്രൂരവിനോദങ്ങള്‍ കോളനിവാസികളുടെ സ്വൗര്യ ജീവിതം തകര്‍ത്തിരിക്കുകയാണ്.
വീടിന് കേടുപാടുകള്‍ വരുത്തുന്ന കുരങ്ങന്‍മാര്‍ വീടിന്റെ ഓട് തകര്‍ത്ത് അകത്ത് കയറി ഭക്ഷണ സാധനങ്ങളും വീട്ടുപകരണങ്ങളും നശിപ്പിക്കുന്നത് നിത്യ സംഭവമാണ്. കൂലി തൊഴിലാളികളായ വീട്ടുകാര്‍ പാചകം ചെയ്ത് വയ്ക്കുന്ന ചോറും കറികളും ഉള്‍പ്പടെയുള്ള ഭക്ഷണം കുരങ്ങന്‍മാര്‍ തിന്നുകയും വാരി വലിച്ചിട്ട് നശിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്. പണി കഴിഞ്ഞെത്തിയാല്‍ പല ദിവസങ്ങളിലും പട്ടിണി കിടക്കേണ്ട അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു.
കഴിഞ്ഞ ദിവസം നന്ദന രമേശ്, ലക്ഷ്മി എന്നിവരുടെ വീടുകളില്‍ നാല് കുരങ്ങന്‍മാര്‍ കയറി നാശനഷ്ടം വരുത്തി.
ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോളനി നിവാസികള്‍ നിരവധി തവണ പരാതി നല്‍കുകയും ഫോറസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിട്ടുണ്ട്. കുരങ്ങുകളെ കെണികൂട് വച്ച് പിടികൂടാമെന്ന് വനപാലകര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത് പാഴ്‌വാക്കായി അവശേഷിക്കുകയാണ്. നിത്യവൃത്തിക്കുവേണ്ടി കൂലിപ്പണിയെടുത്തു ജീവിക്കുന്ന കോളനി നിവാസികള്‍ക്ക് സ്വന്തം വീട്ടില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."