അമിതവേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ഥിനികളെ ഇടിച്ചുതെറിപ്പിച്ചു അപകടത്തില്‍ എട്ടുപേര്‍ക്ക് പരുക്ക്
പൂച്ചാക്കല്‍(ആലപ്പുഴ): അമിത വേഗത്തില്‍ വന്ന കാറിടിച്ചുണ്ടായ അപകടത്തില്‍ കാല്‍നടയാത്രക്കാരായ മൂന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരുക്കേറ്റു. ശ്രീകണേ്ഠശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികളായ പാണാവള്ളി കോണത്തേഴത്ത് ചന്ദ്രബാബുവിന്റെ മകള്‍ ചന്ദന (17), ഉരുവന്കുളത്ത് ചന്ദ്രന്റെ മകള്‍ അനഘ (17), അയ്യന്കേരിയില് സാബുവിന്റെ മകള്‍ സാഖി (17), പൂച്ചാക്കലിലെ പാരലല്‍ കോളജ് വിദ്യാര്‍ഥിനി മുരിക്കുംതറയില് അനിരുദ്ധന്റെ മകള്‍ അര്‍ച്ചന (17), ബൈക്ക് യാത്രക്കാരന് മാനാശ്ശേരി അനീഷ് (37), മകന് വേദവ് (4), കാര്‍ ഡ്രൈവര്‍ അസം സ്വദേശി അസ്ലം (26), ഒപ്പമുണ്ടായിരുന്ന പാണാവള്ളി ഇടവഴിക്കല്‍ മനോജ് (48) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടി പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ജങ്ഷന് - പള്ളി വെളി റോഡില്‍ സി.ജി റോഡിന് സമീപമാണ് അപകടം. പള്ളിവെളി ഭാഗത്ത് നിന്ന് അമിതവേഗത്തില്‍ എത്തിയ കാര്‍ ബൈക്കില്‍ സഞ്ചരിച്ച അനീഷിനേയും മകന് വേദവിനേയും ഇടിച്ച ശേഷം റോഡിന്റെ എതിര്‍വശത്തുകൂടി നടന്നു വരികയായിരുന്ന അനഘ, സാഖി, ചന്ദന എന്നിവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.
ഇടിയുടെ ആഘാതത്തില്‍ സാഖി റോഡിന് സമീപത്തെ തോടിലേക്കും മറ്റ് രണ്ട് പേര് സമീപ പുരയിടത്തിലേക്കുമാണ് തെറിച്ചു വീണത്. തുടര്‍ന്ന് ഓടിയ കാര്‍ സൈക്കിളില്‍ വരികയായിരുന്ന അര്‍ച്ചനയെയും ഇടിച്ചു തെറിപ്പിച്ച ശേഷം മരത്തില്‍ ഇടിച്ചാണ് നിന്നത്.
ഓടിക്കൂടിയ നാട്ടുകാര്‍ ഗുരുതരമായി പരുക്കേറ്റ മനോജിനേയും അസ്ലമിനേയും കാറില്‍ നിന്ന് പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. പരുക്കേറ്റവരില്‍ അനഘയേയും ചന്ദനയേയും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."