ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കൈത്താങ്ങായി അന്തിക്കാട് ഗ്രാമപഞ്ചായത്ത്
അന്തിക്കാട്: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു കൈത്താങ്ങായി അന്തിക്കാട് ഗ്രാമപഞ്ചായത്ത് രംഗത്തെത്തി. തൊഴില്‍ മേഖലയില്‍ തൊഴിലാളികള്‍ നേരിടുന്ന ദുരിതങ്ങള്‍, താമസ സ്ഥലത്തെ അസൗകര്യങ്ങള്‍, സാമ്പത്തിക രംഗത്തെ ചൂഷണങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പരിഹരിക്കാനാണ് പഞ്ചായത്ത് മുന്നോട്ടു വന്നിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു നിരവധി ചൂഷണങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണു പ്രശ്‌ന പരിഹാരത്തിനായി പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയംഗങ്ങളുടെ ഇടപെടലുകളുണ്ടായത്.
ഘട്ടം ഘട്ടമായി ഇവരുടെ പ്രശ്‌നങ്ങള്‍ക്കു ശാശ്വതമായ പരിഹാരം കണ്ടെത്തുമെന്നു പ്രസിഡന്റ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ടു പണിയെടുപ്പിച്ചു കൂലി നല്‍കാതിരുന്ന ചില വ്യക്തികള്‍ക്കു പഞ്ചായത്തധികൃതര്‍ താക്കീത് നല്‍കി. തൊഴിലാളികള്‍ക്ക് താമസസ്ഥലത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കെട്ടിട ഉടമസ്ഥരോട് ആവശ്യപ്പെട്ടു.
നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു പഞ്ചായത്തധികൃതര്‍ മുന്നറിയിപ്പു നല്‍കി. തൊഴിലാളികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനു വേണ്ടി പഞ്ചായത്ത് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപില്‍ അന്തിക്കാട് മേഖലയില്‍ നിന്നു മാത്രം 150 ഓളം പേര്‍ പങ്കെടുത്തു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്കു അരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നു കണ്ടെത്തി. വര്‍ഷത്തില്‍ നാലു മെഡിക്കല്‍ ക്യാംപ് നടത്താനും തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സന്‍ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാധിക മുകുന്ദന്‍ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ എ.ബി ബാബു, കെ.എം കിഷോര്‍ കുമാര്‍, അന്തിക്കാട് ഗവ.ആശുപത്രി സൂപ്രണ്ട് ഡോ. ബീന മൊയ്തീന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എസ് സഹദേവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."