സര്‍ക്കാര്‍ ഓഫിസുകളിലേക്ക് സ്റ്റേഷനറി ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ നേരിട്ടെത്തിക്കും
പാലക്കാട്: സ്റ്റേഷനറി വകുപ്പിന്റെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി സ്റ്റേഷനറി സാധനങ്ങള്‍ ഓണ്‍ലൈന്‍ മുഖേനെ ബുക്ക് ചെയ്താല്‍ സര്‍ക്കാര്‍ ഓഫിസുകളുടെ പടിവാതില്‍ക്കല്‍ എത്തിക്കുന്ന സംസ്ഥാനതല പൈലറ്റ് പദ്ധതിയുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി നിര്‍വഹിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് ടേംസ് (ടോട്ടല്‍ എന്റര്‍പ്രൈസ് റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) സോഫ്റ്റ്‌വേര്‍ ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ വൗച്ചര്‍ ഇന്‍ഡന്റ് പ്രകാരമാണ് സ്‌റ്റേഷനറി സാധനങ്ങള്‍ എത്തിക്കുന്നത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ജില്ലാ രജിസ്ട്രാര്‍ പി.കെ ബിജുവിന് സ്‌റ്റേഷനറി സാധനങ്ങളടങ്ങിയ കിറ്റ് കൈമാറിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് എല്ലാ വകുപ്പുകളും ഇ- ഓഫിസായി മാറണമെന്നും സ്‌റ്റേഷനറി വകുപ്പിന്റെ പൈലറ്റ് പദ്ധതി വിജയിപ്പിക്കാന്‍ വകുപ്പുകളുടെ സഹകരണം ആവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു. ഷൊര്‍ണൂര്‍ മേഖലാ ഓഫിസില്‍നിന്നാണ് സ്റ്റേഷനറി സാധനങ്ങള്‍ ഓണ്‍ലൈന്‍ മുഖേനെ എത്തുന്നത്. ഔദ്യോഗിക മുദ്രകള്‍, ബാലറ്റ് പേപ്പര്‍, വിവിധ സ്‌കൂള്‍- പൊതു പരീക്ഷകള്‍ക്കുള്ള, ഉത്തരകടലാസുകള്‍, ചോദ്യ പേപ്പറുകള്‍, സ്റ്റിക് പാഡ്, ഫയല്‍ ബോര്‍ഡ് തുടങ്ങി ഒരു ഓഫീസിലേക്കാവശ്യമായ എല്ലാ സാധനങ്ങളും പദ്ധതി പ്രകാരം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താല്‍ നേരിട്ടെത്തിക്കും.
പരിപാടിയില്‍ ഭരണ വിഭാഗം ഡെപ്യൂട്ടി സ്റ്റേഷനറി കണ്‍ട്രോളര്‍ എസ്. ജയലക്ഷ്മി അധ്യക്ഷയായി. ഹുസൂര്‍ ശിരസ്തദാര്‍ കെ.എസ് ഗീത, കുടുംബശ്രീ അസി. കോഡിനേറ്റര്‍ എസ്.വി പ്രേംദാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നാസര്‍, ക്ഷീര വികസന സീനിയര്‍ സൂപ്രണ്ട് ജാനി പാഷ, അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളര്‍ വി. സുരേഷ്, സ്റ്റേഷനറി ഇന്‍സ്‌പെക്ടര്‍ കെ. മധു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.യു പ്രസന്നകുമാരി, തൃശൂര്‍ ജില്ലാ സ്റ്റേഷനറി ഓഫിസര്‍ ടി.പി മുരളീധരന്‍ സംസാരിച്ചു. രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ നമ്പര്‍ കൈപറ്റിയ 44 ഓഫിസുകളിലേക്കുള്ള സ്റ്റേഷനറി സാധനങ്ങള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."