ബഹ്‌റൈനില്‍ മരിച്ച പ്രവാസിയെ മൂന്നു വര്‍ഷത്തിനു ശേഷം സംസ്‌കരിച്ചു
മനാമ: ബഹ്‌റൈനില്‍ തീപ്പൊള്ളലേറ്റു മരിച്ച ഒരു ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം മൂന്നു വര്‍ഷത്തിനു ശേഷം ഖബറടക്കി.
2014 മെയില്‍ ഗലാലിയിലെ താമസസ്ഥലത്തുണ്ടായ അഗ്‌നിബാധയില്‍ പൊള്ളേലറ്റ് മരണപ്പെട്ട മുഹമ്മദ് മന്നാന്‍(39) എന്ന ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹമാണ് മൂന്നു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസം ഖബറടക്കിയത്.
തീപിടുത്തത്തില്‍ ഗുരുതരമായി പരുക്കേറ്റായിരുന്നു മരണം സംഭവിച്ചത് എന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിയാതിരുന്നത് മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനു തടസ്സമാകുകയായിരുന്നു.
ഇതേത്തുടര്‍ന്ന് 34 മാസം മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള ഒരു രേഖയും ലഭ്യമാകാത്തിരുന്നതാണു പ്രധാനമായും തടസ്സമായത്. തീപിടുത്തത്തെ കുറിച്ച് അന്വേഷണം നടന്നെങ്കിലും മരിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
ബന്ധുക്കളുടെ ഡി.എന്‍.എ പരിശോധന നടത്താനുള്ള ശ്രമവും ഫലം കണ്ടില്ല. കൂടെ താമസിച്ചവരില്‍ നിന്നാണു പേരുവിവരം ലഭിച്ചതെങ്കിലും ഇയാളുടെ ഒരു രേഖയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു ബംഗ്ലാദേശ് എംബസി ലേബര്‍ കോണ്‍സല്‍ ഷെയ്ഖ് തഹീബുല്‍ ഇസ്‌ലാം പറഞ്ഞു.
ദീര്‍ഘമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് മൃതദേഹം മറവുചെയ്യാന്‍ തീരുമാനിച്ചത്. മരിച്ചയാള്‍ സഊദി അറേബ്യയില്‍ നിന്നു നിയമ വിരുദ്ധമായാണു ബഹ്‌റൈനില്‍ എത്തിയതെന്നാണു കരുതുന്നത്. ഇയാള്‍ക്ക് ഗലാലിയിലെ താമസ സ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ 97 ശതമാനം പൊള്ളലേറ്റിരുന്നു.
അതിനിടെ വ്യാജ പാസ്‌പോര്‍ട്ടിലാണ് ഇയാള്‍ സഊദിയില്‍ നിന്നു ബഹ്‌റൈനില്‍ എത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇയാള്‍ സഊദിയില്‍ നിന്നു വന്നു എന്നല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലെന്നായിരുന്നു കൂടെ താമസിച്ചവര്‍ അറിയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."